| Thursday, 8th May 2025, 2:52 pm

ഓപ്പറേഷന്‍ സിന്ദൂര്‍; ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭീകര്‍ക്കെതിരായ ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്‌ഷെ മുഹമ്മദിന്റെ സുപ്രീം കമാന്റര്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദിന്റെ രണ്ടാമത്തെ കമാന്റര്‍ മസൂദ് അസറിന്റെ സഹോദരനാണ് കൊല്ലപ്പെട്ട റൗഫ് അസര്‍. കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരനാണ് റൗഫ് അസര്‍.

 ജെയ്‌ഷെ മുഹമ്മദിന്റെ തലവന്മാരിലൊരാളായ റൗഫ് അസറിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് പരിക്കേറ്റ ഭീകരനെ പാകിസ്ഥാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെയാണ് ഇയാള്‍ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചത്.

ഇന്ത്യയുടെ ആക്രമണത്തില്‍ ഭീകരന്‍ മസൂദ് അസറിന്റെ കുടുംബത്തിലെ 14 പേരും നാല് അടുത്ത സഹായികളും കൊല്ലപ്പെട്ടതായി ഇന്നലെ ബി.ബി.സി ഉറുദു റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊല്ലപ്പെട്ടവരില്‍ തന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും, അനന്തരവനും ഭാര്യയും, അനന്തരവള്‍, കുടുംബത്തിലെ അഞ്ച് കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതായി ജെയ്ഷെ മുഹമ്മദ് മേധാവി പറഞ്ഞു. ആക്രമണത്തില്‍ അസ്ഹറിന്റെയും അമ്മയുടെയും അടുത്ത സഹായിയും മറ്റ് രണ്ട് അനുയായികളും കൊല്ലപ്പെട്ടുവെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇന്നലെ പുലര്‍ച്ചെ 1.05 ന് പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ജെയ്ഷെ, ലഷ്‌കര്‍-ഇ-ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് ഭീകര ക്യാമ്പുകള്‍ ഇന്ത്യ ആക്രമിച്ച് തകര്‍ത്തിരുന്നു.

പഹല്‍ഗാം ആക്രമണത്തിന് പകരമായായിരുന്നു ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്. ഒമ്പത് ഇടങ്ങളിലായി നടത്തിയ ആക്രമണത്തില്‍ ഇന്ത്യ ലക്ഷ്യം വെച്ചത് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ മാത്രമാണ്.

വിവിധ സേനകളുടെ സംയുക്ത ഓപ്പറേഷനിലൂടെ കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ ഓപ്പറേഷന്‍ സിന്ദൂരിലൂടെയാണ് ഇന്ത്യ പാകിസ്ഥാന് മറുപടി നല്‍കിയത്.

ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വര്‍ഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരര്‍ക്കുണ്ടായി. ഔദ്യോഗിക കണക്ക് പ്രകാരം 100 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായി വിവരം വന്നിരുന്നു.

Content Highlight: Operation Sindoor; Jaish-e-Mohammed terrorist Rauf Azhar killed

We use cookies to give you the best possible experience. Learn more