ബെംഗളൂരു: ഓപ്പറേഷന്‍ സിന്ദൂരിനിടെ അഞ്ച് യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ പാക്കിസ്ഥാന്റെ ആറ് വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന വെളിപ്പെടുത്തലുമായി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ്.
ബെംഗളുരുവില്‍ നടന്ന 16ാമത് എയര്‍ ചീഫ് മാര്‍ഷല്‍ എല്‍.എം കത്രേ സ്മാരക പ്രഭാഷണത്തില്‍ സംസാരിക്കവെ ആയിരുന്നു എയര്‍ ചീഫ് മാര്‍ഷലിന്റെ വെളിപ്പെടുത്തല്‍. ആദ്യമായാണ് ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് വ്യോമസേന മേധാവി പ്രതികരിക്കുന്നത്.
ഓപ്പറേഷന്‍ സിന്ദൂര്‍ എങ്ങനെ ആസൂത്രണം ചെയ്ത് നടപ്പിലാക്കി എന്നതിനെ കുറിച്ച് വിശദീകരണം നല്‍കുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്‍. റഷ്യയില്‍ നിന്ന് വാങ്ങിയ വ്യോമ പ്രതിരോധ സംവിധാനമായ എസ് 400 ഉപയോഗിച്ചാണ് പാക് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതെന്ന് എ.പി. സിങ് വ്യക്തമാക്കി.
‘അതൊരു ഹൈടെക് യുദ്ധമായിരുന്നുവെന്ന് പറയാന്‍ സാധിക്കും. 80 മണിക്കൂര്‍ മുതല്‍ 90 മണിക്കൂര്‍ വരെ നീണ്ടുനിന്ന യുദ്ധമായിരുന്നു. വ്യോമ സംവിധാനത്തിന് വളരെ അധികം നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ നമുക്ക് സാധിച്ചു. ഇനിയും സംഘര്‍ഷം തുടര്‍ന്നാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അവര്‍ക്ക് മനസിലായിരുന്നു,’ എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ് പറഞ്ഞു.
2025 ഏപ്രില്‍ 22നായിരുന്നു പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിവെപ്പ് നടത്തുന്നത്. ഇതില്‍ മലയാളി ഉള്‍പ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തിന് നേരെ നടന്ന ഈ ഭീകരാക്രമണത്തിന് തിരിച്ചടിയായി മെയ് ഏഴിനായിരുന്നു പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചത്.
Content Highlight: Operation Sindoor: India shot down six Pakistani aircraft, says IAF chief