| Wednesday, 7th May 2025, 3:15 pm

ഓപ്പറേഷന്‍ സിന്ദൂര്‍; രാജസ്ഥാനില്‍ അതീവ ജാഗ്രത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ രാജസ്ഥാനിലെ എല്ലാ അതിര്‍ത്തി പ്രദേശങ്ങളും അതീവ ജാഗ്രതയില്‍. മുന്‍കരുതലിന്റെ ഭാഗമായി ബിക്കാനീറും ജോധ്പൂരും ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. ഇവിടങ്ങളില്‍ നിന്ന് എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി.

യാത്രക്കാര്‍ക്ക് വിവരം നേരത്തെ അറിയിച്ചിരുന്നുവെന്നും സഹായത്തിന് ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കിയിട്ടുണ്ടെന്നും ജോധ്പൂര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. കൂടാതെ ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ട് വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ടെന്നും സുരക്ഷയ്ക്കായി വിമാനത്താവളങ്ങളില്‍ കര്‍ശനമായ നടപടികല്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജയ്പൂര്‍ എയര്‍പോര്‍ട്ട് ഓഫീസര്‍ ഇന്‍-ചാര്‍ജ് ചരണ്‍ സിങ് പറഞ്ഞു.

‘ജോധ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഒമ്പത് വിമാനങ്ങള്‍ ഇന്ന് റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കല്‍ സംബന്ധിച്ച് യാത്രക്കാര്‍ക്ക് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. എന്തെങ്കിലും അന്വേഷണമുണ്ടായാല്‍ യാത്രക്കാരെ സഹായിക്കുന്നതിനായി എയര്‍പോര്‍ട്ടില്‍ ഒരു ഹെല്‍പ്പ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ട്,’ ജോധ്പൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ഡോ. മനോജ് ഉനിയാല്‍ പറഞ്ഞു.

കൂടാതെ സുരക്ഷാ മുന്‍നിര്‍ത്തി ബിക്കാനീര്‍, ജയ്‌സാല്‍മീര്‍, ബാര്‍മര്‍, ശ്രീ ഗംഗാനഗര്‍ ജില്ലകളിലെ സ്വകാര്യ മേഖലയിലെ എല്ലാ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇതോടൊപ്പം ഒമ്പത്, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകൾ റദ്ദാക്കിയെന്നും ബാര്‍മര്‍ കളക്ടര്‍ ടിന ദാബി പറഞ്ഞു.

‘സാഹചര്യം വഷളാകാതിരിക്കാന്‍ സ്‌കൂളുകള്‍ അടച്ചിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒമ്പത്, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ റദ്ദാക്കി. ആസൂത്രണം ചെയ്ത സമയം അനുസരിച്ച് വൈകുന്നേരം നാല് മണിക്ക് ഒരു മോക്ക് ഡ്രില്‍ ആരംഭിക്കും. എല്ലാ അതിര്‍ത്തി ജില്ലകളും ഈ തീരുമാനം എടുത്തിട്ടുണ്ട്,’ ടിന ദാബി പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവധികള്‍ റദ്ദാക്കുകയും ജീവനക്കാരോട് ജില്ലാ ആസ്ഥാനങ്ങള്‍ വിട്ട് പോകരുതെന്നും ഉത്തരവുണ്ട്. കൂടാതെ അതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമങ്ങളിലുള്ള ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ തീരുമാനം ഒരു ദിവസത്തേക്ക് മാത്രമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ സാഹചര്യത്തെ ആശ്രയിച്ച് കൂടുതല്‍ നടപടികള്‍ വൈകുന്നേരത്തോടെ അറിയിക്കുമെന്നും ജോധ്പൂര്‍ വിമാനത്താവള ഡയറക്ടറും മറ്റ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: Operation Sindoor; High alert in Rajasthan

We use cookies to give you the best possible experience. Learn more