| Wednesday, 18th June 2025, 10:09 pm

ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇസ്രഈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് തുടക്കം. ‘ഓപ്പറേഷന്‍ സിന്ധു’ മുഖേനയാണ് വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കുക.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വടക്കന്‍ ഇറാനില്‍ നിന്ന് ഏകദേശം 110 വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇവര്‍ നാളെ (വ്യാഴം) ദല്‍ഹിയിലെത്തുമെന്നാണ് വിവരം.

‘ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യ ഓപ്പറേഷന്‍ സിന്ധു ആരംഭിച്ചു. ജൂണ്‍ 17ന് ഇറാനില്‍ നിന്നുള്ള 110 വിദ്യാര്‍ത്ഥികളെ ഇന്ത്യ അര്‍മേനിയയിലേക്ക് മാറ്റിയിരുന്നു. അവര്‍ ഒരു പ്രത്യേക വിമാനത്തില്‍ യെരേവനില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. 2025 ജൂണ്‍ 19ന് പുലര്‍ച്ചെ ന്യൂദല്‍ഹിയില്‍ എത്തിച്ചേരും,’ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആദ്യ വിമാനം യെരേവനിലെ സ്വാര്‍ട്ട്‌നോട്ട്‌സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെട്ടിരിക്കുന്നത്.

നേരത്തെ ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍മേനിയയിലേക്ക് കടക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും നിര്‍ദേശം നല്‍കിയിരുന്നു. ഇറാനില്‍ 4,000ത്തിലധികം ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ട്. അതില്‍ പകുതിയും വിദ്യാര്‍ത്ഥികളാണെന്നാണ് വിവരം.

ഇതിനുമുമ്പ് ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഓപ്പറേഷന്‍ അജയ് യിലൂടെയാണ് ഇസ്രഈലില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്. 2022ല്‍ ഓപ്പറേഷന്‍ ഗംഗയിലൂടെ ഉക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരെയും നാട്ടിലെത്തിച്ചിരുന്നു.

നിലവില്‍ തുടര്‍ച്ചയായ ആറാം ദിവസവും ഇറാനും ഇസ്രഈലും പരസ്പരം ഏറ്റുമുട്ടുകയാണ്. ഇന്നലെ (ചൊവ്വ) രാത്രി നടന്ന ആക്രമണത്തില്‍ ‘അമാന്‍’ എന്നറിയപ്പെടുന്ന ഇസ്രഈലി മിലിട്ടറി ഇന്റലിജന്‍സ് യൂണിറ്റിന്റെ ലോജിസ്റ്റിക്കല്‍ ആസ്ഥാനം തകര്‍ത്തതായി ഇറാന്‍ അവകാശപ്പെട്ടു.

ഇതിനിടെ ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷം പരിഹരിക്കുന്നതിനായി മധ്യസ്ഥത വഹിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ക്ഷണിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഇസ്രഈലുമായുള്ള സംഘര്‍ഷത്തില്‍ അമേരിക്കയുടെ ഏതൊരു ഇടപെടലും ഒരു ‘സമ്പൂര്‍ണ യുദ്ധത്തിന്’ കാരണമാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രഈല്‍ അറബ് രാജ്യങ്ങളെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുണ്ടെന്ന് അവര്‍ക്ക് നന്നായി അറിയാമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയില്‍ ബഗായ് അല്‍ ജസീറയോട് പറഞ്ഞു.

‘മേഖലയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ഏതെങ്കിലും തരത്തിലുള്ള അമേരിക്കന്‍ ഇടപെടല്‍ ഉണ്ടായാല്‍ അത് ഒരു സമഗ്ര യുദ്ധത്തിനുള്ള പാചകക്കുറിപ്പായിരിക്കും,’ എസ്മയില്‍ ബഗായ് വ്യക്തമാക്കി.

Content Highlight: Operation Sindhu; Steps to bring back Indian students from Iran have begun

We use cookies to give you the best possible experience. Learn more