| Friday, 13th June 2025, 7:40 am

ഓപ്പറേഷൻ റൈസിങ് ലയണ്‍; ഇറാനില്‍ ആക്രമണം നടത്തിയതായി നെതന്യാഹു, യുദ്ധഭീതിയിലായി പശ്ചിമേഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാന്‍: ഇറാനില്‍ ഇസ്രഈലിന്റെ കടുത്ത ബോംബാക്രമണം. തലസ്ഥാന നഗരമായ ടെഹ്റാന്റെ വിവിധ ഭാഗങ്ങളിലായി ഇസ്രഈലിന്റെ യുദ്ധവിമാനങ്ങള്‍ ബോംബിട്ടതായാണ് വിവരം. ഇന്ന് (വെള്ളിയാഴ്ച) രാവിലെയോടെയാണ് ആക്രമണം ഉണ്ടായത്.

ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടതായി പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ വ്യോമ-പ്രതിരോധ വകുപ്പുകള്‍ പൂര്‍ണ സജ്ജരാണെന്ന് സ്റ്റേറ്റ് ടി.വിയും പറയുന്നു.

‘എല്ലാ സ്തുതിയും അല്ലാഹുവിനാണ്. അവന്‍ അക്രമികളെ തകര്‍ക്കുന്നവനും ഇല്ലാതാക്കുന്നവനുമാണ്. യുദ്ധത്തിന് ക്ഷണിക്കുന്നയാള്‍ ഒരു സ്വേച്ഛാധിപതിയാണ്. ഒരു സ്വേച്ഛാധിപതി എപ്പോഴും പരാജയപ്പെടും,’ ഇറാന്‍ മിലിട്ടറി എക്സില്‍ പ്രതികരിച്ചു.

ഇറാനെതിരായ ഇസ്രഈല്‍ ആക്രമണം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസും സ്ഥിരീകരിച്ചു.’റൈസിങ് ലയണ്‍’ ഓപ്പറേഷനിലൂടെയാണ് ഇറാനെതിരായ ആക്രമണം.

ഇസ്രഈലിന്റെ നിലനില്‍പ്പിന് തന്നെ വെല്ലുവിളികളാകുന്ന ഇറാന്റെ ഭീഷണികളെ ചെറുക്കുന്നതിനായുള്ള സൈനിക നടപടിയാണ് റൈസിങ് ലയണ്‍ എന്ന് നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി ഇല്ലാതാകുന്ന വരെ രാജ്യത്ത് ആക്രമണമുണ്ടാകുമെന്നും ഓഫീസ് അറിയിച്ചു.

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ ഇസ്രഈല്‍ സൈന്യമായ ഐ.ഡി.എഫ് വക്താവ് ബിജി എഫി ഡെഫ്രിനും പ്രതികരിച്ചു. ഇന്ന് രാവിലെയോടെ ഇറാനില്‍ ആക്രമണം നടത്തിയതായി അദ്ദേഹം പറഞ്ഞു. ഇറാനെതിരായ സൈനിക നടപടിയുമായി മുന്നോട്ടുപോകുമെന്നും ഐ.ഡി.എഫ് വക്താവ് വ്യക്തമാക്കി.

‘ഇറാന്റെ വിവിധ പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന്റെ ആദ്യഘട്ടം ഐ.എ.എഫ് ജെറ്റുകള്‍ പൂര്‍ത്തിയാക്കി. ഇറാനിയന്‍ ഭരണകൂടത്തിന്റെ കൈകളിലുള്ള കൂട്ട നശീകരണ ആയുധങ്ങള്‍ ഇസ്രഈലിനും വിശാലമായ ലോകത്തിനും ഒരു നിലനില്‍പ്പിന് ഭീഷണിയാണ്. ഇസ്രഈല്‍ പൗരന്മാരുടെ പ്രതിരോധത്തിനായി പ്രവര്‍ത്തിക്കാനുള്ള ബാധ്യത നിറവേറ്റുകയല്ലാത രാജ്യത്തിന് മറ്റ് മാര്‍ഗമില്ല, മുന്‍കാലങ്ങളില്‍ നമ്മള്‍ ചെയ്തതുപോലെ അത് ചെയ്യേണ്ട എല്ലായിടത്തും ആക്രമണം തുടരും,’ ഐ.ഡി.എഫ് അറിയിച്ചു.

ഇന്നലെ ഇറാനെതിരെ ഇസ്രഈലിന്റെ ആക്രമണം ഉടന്‍ ഉണ്ടാകുമെന്ന് വിവരം ലഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ടെഹ്‌റാനില്‍ ആക്രമണമുണ്ടായത്.

റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പശ്ചിമേഷ്യയിലെ യു.എസ് ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും ഒഴിപ്പിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. ഒമാന്റെ മധ്യസ്ഥതയില്‍ ഇറാനുമായുള്ള ട്രംപിന്റെ അഞ്ചാംഘട്ട ആണവ ചര്‍ച്ച നടക്കാനിരിക്കെയാണ് ഇറാനെതിരായ ഇസ്രഈല്‍ മുന്നറിയിപ്പുണ്ടായത്.

Content Highlight: Operation Rising Lion; Netanyahu says Iran attacked, IDF says it will strengthen defense

We use cookies to give you the best possible experience. Learn more