| Saturday, 27th September 2025, 6:10 pm

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖര്‍ സല്‍മാന്റെ ഒരുവാഹനം കൂടി കസ്റ്റംസ് കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റഡിയിലെടുത്ത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍. ഭൂട്ടാന്‍ വഴി ഇന്ത്യയിലേക്ക് അനധികൃതമായി വാഹനങ്ങള്‍ കടത്തുന്നതിനെ പ്രതിരോധിക്കാനായി പ്രഖ്യാപിച്ച ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായാണ് കസ്റ്റംസ് ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ വാഹനവും പിടിച്ചെടുത്തത്.

ആഡംബര വാഹനമായ നിസാന്‍ പട്രോള്‍ കാറാണ് പിടിച്ചെടുത്തത്. ഇന്ത്യന്‍ ആര്‍മിയാണ് വാഹനത്തിന്റെ ഫസ്റ്റ് ഓണര്‍ എന്നാണ് രേഖകളിലുള്ളത്.

ചൊവ്വാഴ്ച കസ്റ്റംസ് ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി ദുല്‍ഖറിന്റെ പനമ്പള്ളി നഗറിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. അന്ന് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ വാഹനവും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

പിന്നാലെ കസ്റ്റംസ് നടപടിക്കെതിരെ ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എല്ലാ നിയമനടപടിയും പാലിച്ചാണ് വാഹനം സ്വന്തമാക്കിയതെന്നും വാഹനം വിട്ടുനല്‍കണമെന്നും ദുല്‍ഖര്‍ നല്‍കിയ ഹരജിയില്‍ പറഞ്ഞിരുന്നു.

രേഖകളൊന്നും പരിശോധിക്കാതെ മുന്‍വിധിയോടെയാണ് കസ്റ്റംസ് നടപടിയെടുത്തത്. തനിക്ക് ലഭിച്ച രേഖകള്‍ പ്രകാരം വാഹനത്തിന് നിയമപരമായ ഉടമസ്ഥാവകാശവും രജിസ്‌ട്രേഷനും ഉണ്ടായിരുന്നെന്നും അക്കാര്യം വിശ്വസിച്ചാണ് വാഹനം വാങ്ങി നിയമപരമായി രജിസ്റ്റര്‍ ചെയ്തതെന്നും നടന്‍ ഹരജിയില്‍ പറഞ്ഞിരുന്നു.

കസ്റ്റംസ് പരിശോധനക്ക് പിന്നാലെ തനിക്ക് സ്വര്‍ണക്കടത്തും ലഹരിമരുന്ന് കടത്തും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തവുമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇത് പേരിന് കളങ്കമുണ്ടാക്കിയെന്നും ദുല്‍ഖര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കസ്റ്റംസ് ദുല്‍ഖര്‍ ഉപയോഗിക്കുന്ന നാല് വാഹനങ്ങളെ സംബന്ധിച്ചാണ് അന്വേഷിച്ചിരുന്നത്. ഇതിലെ മൂന്ന് വാഹനങ്ങളാണ് ഇപ്പോള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ദുല്‍ഖര്‍ ഉപയോഗിക്കുന്ന ഒരു വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മറ്റൊരാളുടെ പേരിലാണ്.

ദുല്‍ഖര്‍ സല്‍മാന് പുറമെ പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്‍മാരുടെ വീടുകളിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ ആകെ 36 വാഹനങ്ങളാണ് പിടിച്ചെടുത്തിരുന്നുത്. ഇപ്പോഴും ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി അന്വേഷണം തുടരുകയാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മോഷ്ടിക്കപ്പെട്ട വാഹനങ്ങളടക്കം വ്യാജരേഖകളുണ്ടാക്കി ഭൂട്ടാന്‍ വഴി ഇന്ത്യയിലേക്ക് കടത്തുന്നുണ്ട്.

ഇതിനെ സംബന്ധിച്ചാണ് കസ്റ്റംസിന്റെ അന്വേഷണം. ഭൂട്ടാന്‍ റോയല്‍ ആര്‍മിയിലെ മുന്‍ഉദ്യോഗസ്ഥനാണ് വാഹനക്കടത്തിലെ മുഖ്യകണ്ണിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

Content Highlight: Operation Numkhor: Another vehicle of Dulquer Salmaan in customs custody

We use cookies to give you the best possible experience. Learn more