| Friday, 8th August 2025, 8:26 am

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ബി നിലവറ തുറക്കല്‍ വീണ്ടും ചര്‍ച്ചയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്ന് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കി സംസ്ഥാന സര്‍ക്കാര്‍. ഇന്നലെ (വ്യാഴം) നടന്ന ക്ഷേത്ര ഭരണസമിതിയുടെയും ഉപദേശകസമതിയുടെയും സംയുക്ത യോഗത്തില്‍
ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിലെ സര്‍ക്കാര്‍ പ്രതിനിധിയായ വേലപ്പന്‍ നായരാണ് ബി നിലവറ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്.

എന്നാല്‍ നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയം കൂടുതല്‍ ചര്‍ച്ചചെയ്യാന്‍ മറ്റ് അംഗങ്ങള്‍ തയ്യാറായില്ല. നേരത്തെ നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായപ്പോള്‍ ബി നിലവറ തുറക്കുന്നത് ആചാരവിരുദ്ധമാണെന്നാണ് തിരുവിതാംകൂര്‍ രാജകുടുംബവും ക്ഷേത്ര തന്ത്രിയും സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്.

അതിന് ശേഷം പുതിയ ഭരണസമിതിയെ നിയോഗിച്ചപ്പോള്‍ ബി നിലവറ തുറക്കുന്ന കാര്യം പുതിയ സമിതിക്ക് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞിരുന്നു. പ്രത്യേക കാലാവധിയോ മറ്റ് നിബന്ധനകളോ ഇതുമായി ബന്ധപ്പെട്ട കോടതി വെച്ചിരുന്നില്ല. എന്നാല്‍ പുതിയ സമിതിയില്‍ അതിനുശേഷം നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടത്തിയിരുന്നില്ല. ഒരിടവേളക്ക് ശേഷം വീണ്ടും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിതന്നെ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ ഭരണസമിതിയിലെയും ഉപദേശകസമതിയിലെയും മറ്റ് അംഗങ്ങള്‍ക്ക് അതൃപ്തിയുണ്ട്.

ഇന്നലെ നടന്ന യോഗത്തില്‍ തന്ത്രി തരണനല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരി പങ്കെടുത്തിരുന്നില്ല. ബി നിലവറയുടെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കേണ്ടത് തന്ത്രിയുടെ സാന്നിധ്യത്തിലായിരിക്കണമെന്ന് മറ്റ് ഭാരവാഹികള്‍ പറഞ്ഞു. തന്ത്രി തരണനല്ലൂര്‍ ഗോവിന്ദന
കൂടിയുള്ള യോഗത്തില്‍ ചര്‍ച്ചചെയ്യാമെന്ന് പറഞ്ഞ് മാറ്റിവെക്കുകയായിരുന്നു. തന്ത്രിക്ക് നിലവറ തുറക്കുന്നതിനോട് എതിര്‍പ്പാണെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ വിഷയത്തില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിലെയും ഉപദേശകസമിതിയിലെയും അംഗങ്ങള്‍ക്കിടയിലും ഭക്തര്‍ക്കിടയിലും ഭിന്നഭിപ്രായാമാണ്. നേരത്തെ ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് തിരുവിതാംകൂര്‍ രാജകുടുംബം ദേവപ്രശ്നം നടത്തിയിരുന്നു. ഇതില്‍ നിലവറ തുറക്കരുതെന്നാണ് കാണിച്ചതെന്ന് കുടുംബം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

Content Highlight: Opening of Sree Padmanabhaswamy Temple B Vault under discussion again

We use cookies to give you the best possible experience. Learn more