| Friday, 6th November 2026, 7:19 pm

ജവാനെ വെട്ടിച്ചെങ്കിലും രണ്ടാം സ്ഥാനത്ത്; ആഗോളതലത്തില്‍ 130 കോടി ഓപ്പണിങ്ങുമായി രാമായണ

അശ്വിന്‍ രാജേന്ദ്രന്‍

ഏറ്റവും കൂടുതല്‍ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ചിത്രം എന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ സിനിമാലോകം കാത്തിരുന്ന ചിത്രമായിരുന്നു നിതിഷ് തിവാരി സംവിധാനം ചെയ്ത് ഇന്നലെ തിയേറ്ററുകളിലെത്തിയ രാമായണ പാര്‍ട്ട് വണ്‍; റൈസ് ഓഫ് എ ലെജന്‍ഡ്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട എപ്പിക്കുകളിലൊന്നായ രാമായണയെ ഏത് വിധത്തില്‍ വെള്ളിത്തിരയിലെത്തിക്കും എന്ന സംശയങ്ങള്‍ക്ക് മനോഹരമായ അവതരണത്തിലൂടെ സംവിധായകന്‍ മറുപടി നല്‍കുകയായിരുന്നു.

രാമായണ. Photo: X.com

ഇന്ത്യയ്ക്ക് പുറമെ വിദേശരാജ്യങ്ങളിലും മറ്റും വലിയ പ്രചരണം നടത്തിയ ചിത്രത്തിന്റെ ഓപ്പണിങ് ദിനത്തിലെ ബോക്‌സ് ഓഫീസ് കളക്ഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകളില്‍ ശ്രദ്ധിക്കപ്പെടുന്നത്. വമ്പന്‍ റിലീസായെത്തിയ ചിത്രം ആദ്യദിനത്തില്‍ 130 കോടിയാണ് വേള്‍ഡ് വൈഡ് കളക്ഷനായി നേടിയത്. ഒരു ബോളിവുഡ് ചിത്രത്തിന് കിട്ടിയ ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷനാണ് രാമായണ പാര്‍ട്ട് വണ്ണിന് ലഭിച്ചത്.

ബോളിവുഡ് ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നും ഓപ്പണിങ് ദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന ചിത്രം ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ പാര്‍ട്ട് 2 ആണ്. അതേസമയം ഷാരൂഖ് ഖാന്‍ നായകനായി 2023ല്‍ പുറത്തിറങ്ങിയ ജവാന്റെ ഓപ്പണിങ് ഡേ റെക്കോഡ് തകര്‍ത്തുകൊണ്ട് രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് രാമായണ. ചിത്രം പരാജയമാകുമെന്ന് റിലീസിന് മുമ്പ് പലരും പ്രവചിച്ചിരുന്നെങ്കിലും ഹോളിവുഡ് ലെവലില്‍ ദൃശ്യവിരുന്നൊരുക്കി കൊണ്ട് മികച്ച പ്രതികരണമാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്.

രാമായണ. Photo: X.com

അതേസമയം ലോക്കല്‍ ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് പ്രതീക്ഷിച്ചത്ര നേട്ടം ആദ്യദിനത്തില്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. ഹിന്ദിയിലെ ഓപ്പണിങ് ഡേ കളക്ഷന്‍ ലിസ്റ്റില്‍ ആദ്യ പത്തില്‍ എത്താന്‍ പോലും ചിത്രത്തിന് സാധിച്ചിട്ടില്ലെന്ന് കാണാം. ചുരുങ്ങിയത് മൂവായിരം കോടിയ്ക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ നേടിയാല്‍ മാത്രമേ ചിത്രത്തിന്റെ ആദ്യഭാഗം വിജയമാകുകയുള്ളൂ എന്ന വെല്ലുവിളിയും ഇതോടൊപ്പം നിര്‍മാതാക്കള്‍ക്ക് മുന്നിലുണ്ട്. ദീപാവലിയുടെ സീസണായതിനാല്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ ചിത്രം മികച്ച കളക്ഷന്‍ സ്വന്തമാക്കുമെന്നാണ് സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlight: Opening Day Collection Of Nitsh Tiwari directed Ramayana Part 1

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more