തെലുങ്ക് സിനിമയിലെ അണ്ടര്‍റേറ്റഡ് നായകനടനെന്ന് പലരും വിശേഷിപ്പിക്കുന്ന അഭിനേതാവാണ് നാനി. രാജമൗലിയുടെ അസിസ്റ്റന്റായി കരിയര്‍ ആരംഭിക്കുകയും പിന്നീട് സംവിധായകന്റെ തന്നെ ഈഗയിലൂടെ സിനിമാ പ്രേമികള്‍ക്ക് നാനി സുപരിചിതനാകുകയും ചെയ്യുകയായിരുന്നു. 2019ല്‍ പുറത്തിറങ്ങിയ ജേഴ്‌സിയും താരത്തിന്റേതായി പലരുടെയും ഫേവറിറ്റ് ലിസ്റ്റിലുള്ള ചിത്രങ്ങളിലൊന്നാണ്. എന്നാല്‍ തെലുങ്കില്‍ അല്ലു അര്‍ജുനും രാം ചരണും മഹേഷ് ബാബുവും വാഴുന്ന മുന്‍നിരയിലേക്ക് താരത്തിനിന്നും കയറിപ്പറ്റാന്‍ സാധിച്ചിട്ടില്ലെന്നാണ് സിനിമാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
നാനി. Photo: X.com
ഇതിന് ഒരു അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ നാനിയുടേതായി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ദി പാരഡൈസ്. വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രം വമ്പന്‍ ഹൈപ്പ് സൃഷ്ടിച്ചാണ് തിയേറ്ററുകളിലെത്തിയതെങ്കിലും വലിയ രീതിയിലുള്ള നെഗറ്റീവ് പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ ബോക്‌സ് ഓഫീസ് കളക്ഷനിലും ചിത്രത്തിന് കാര്യമായി ഇടിവ് സംഭവിച്ചിരുന്നു. ചിത്രം വലിയ പരാജയത്തിലേക്കാണ് നീങ്ങുന്നതെന്നാണ് പ്രധാനപ്പെട്ട സിനിമാ പേജുകളെല്ലാം സൂചിപ്പിക്കുന്നത്.
എന്നാല്‍ നാനി എന്ന സ്റ്റാറിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയ്ക്ക് വക നല്‍കുന്ന കാര്യങ്ങളും ഈ റിലീസിലൂടെ നടന്നിട്ടുണ്ടെന്ന് കാണാം. ചിത്രത്തിന്റെ ഓപ്പണിങ് ഡേയില്‍ കിട്ടിയ കളക്ഷന്‍ തന്നെയാണ് ഇതില്‍ പ്രധാനപ്പെട്ടത്. സൗത്ത് ഇന്ത്യയിലെ പല മുന്‍നിര അഭിനേതാക്കള്‍ക്കും സാധിക്കാത്ത വിധത്തിലുള്ള തുകയായ എണ്‍പത് കോടിയോളമാണ് ദി പാരഡൈസിന്റെ ഓപ്പണിങ് ദിനത്തില്‍ ലഭിച്ചിരിക്കുന്നത്.
ദി പാരഡൈസ്. Photo: X.com
തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയ്ക്ക് പുറത്തേക്ക് താരത്തിന് ലഭിക്കുന്ന ജനപ്രീതിയുടെയും വര്‍ധിച്ചുവരുന്ന സ്റ്റാര്‍വാല്യൂവിന്റെയും തെളിവാണ് ഇതെന്ന് ഏവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. ചിത്രത്തിന് ആദ്യദിനം മുതല്‍ തന്നെ മികച്ച പ്രതികരണം ലഭിക്കുകയായിരുന്നെങ്കില്‍ ആഗോളതലത്തില്‍ 500 കോടിയിലധികം കളക്ഷന്‍ നേടാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നും കമന്റുകള്‍ കാണാം. ചിത്രം പരാജയപ്പെട്ടെങ്കിലും മറ്റൊരു പ്രൊമിസിങ് പ്രൊജക്ടുമായി എത്തിയാല്‍ ഓപ്പണിങ് ദിനത്തില്‍ നൂറ് കോടിയ്ക്ക് മുകളില്‍ കളക്ഷനിടാന്‍ തക്ക വിധത്തില്‍ താരത്തിന് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ സ്വാധീനം സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.
Content Highlight: Opening Day collection Of Nani’s The Paradise