| Friday, 2nd October 2026, 5:32 pm

മലയാളത്തിനെക്കാള്‍ മികച്ചതെന്ന് പ്രതികരണം; വമ്പന്‍ കളക്ഷനുമായി ഓപ്പണ്‍ ചെയ്ത് ദൃശ്യം 3

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയുടെ റേഞ്ച് ലോകത്തിനുമുന്നില്‍ തുറന്നുകാട്ടുന്നതില്‍ പ്രധാനപങ്കുവഹിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം. ക്രൈം ത്രില്ലര്‍ ചിത്രങ്ങളുടെ രീതി തന്നെ മാറ്റിമറിച്ച ദൃശ്യം മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ്. തന്റെ വീട്ടിലേക്ക് ക്ഷണിക്കപ്പെടാതെ എത്തുന്ന വരുണ്‍ പ്രഭാകര്‍ എന്ന അതിഥിയെ കൊലപ്പെടുത്തുകയും ഇതില്‍ നിന്നും ജോര്‍ജ്കുട്ടിയും കുടുംബവും രക്ഷെടുന്നതുമാണ് കഥാപശ്ചാത്തലം.

ചിത്രം വലിയ ഹിറ്റായതോടെ ഒട്ടനവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു. ചിത്രത്തിന് മലയാളത്തില്‍ തന്നെ രണ്ടും മൂന്നും ഭാഗങ്ങള്‍ പുറത്തിറക്കുകയും വലിയ വിജയം നേടുകയും ചെയ്തിരുന്നു. മലയാളത്തിലേത് പോലെ തന്നെ ഹിന്ദി റീമേക്കിനും തിയേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. വലിയ വിജയം നേടിയ രണ്ട് ഭാഗങ്ങള്‍ക്ക് ശേഷം ഹിന്ദി ദൃശ്യം 3യുടെ മൂന്നാം ഭാഗം ഇന്ന് തിയേറ്ററുകളിലെത്തിയിരുന്നു.

ദൃശ്യം 3. Photo: District

മികച്ച പ്രതികരണങ്ങളാണ് ആദ്യ ഷോയ്ക്ക് പിന്നാലെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളം ദൃശ്യം 3യെക്കാള്‍ മികച്ചതായി ഹിന്ദി ഒരുക്കിയിട്ടുണ്ടെന്നും ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. മലയാളത്തിന്റെ എല്ലാ റൈറ്റ്സും ഹിന്ദിയുടെ നിര്‍മാതാക്കള്‍ കൈക്കലാക്കിയിരുന്നുവെങ്കിലും ചിത്രത്തിന്റെ കഥയില്‍ കാര്യമായ മാറ്റമുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തേ അറിയിച്ചിരുന്നു.

അതേസമയം ഒരുപാട് കാത്തിരിപ്പിനൊടുവില്‍ എത്തിയ ദൃശ്യം 3യ്ക്ക് മികച്ച വരവേല്പാണ് ഹിന്ദി പ്രേക്ഷകര്‍ നല്‍കിയിട്ടുള്ളത്. പ്രീസെയിലിലൂടെ മാത്രം ചിത്രം 40 കോടിയോളം നേടിയപ്പോള്‍ ആദ്യ ദിനത്തെ കളക്ഷന്‍ 60 കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ അജയ് ദേവഗണ്ണിന്റെ കരിയറിലെ ഹൈയസ്റ്റ് ഓപ്പണിങ് ഡേ കളക്ഷന്‍ ലഭിക്കുന്ന ചിത്രമായി മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹിന്ദിയില്‍ നിന്നും ഏറ്റവും കൂടുതല്‍ ഡൊമസ്റ്റിക് കളക്ഷന്‍ ലഭിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ അഞ്ചാം സ്ഥാനം നേടാനും ഹിന്ദി ദൃശ്യം 3യ്ക്ക് സാധിച്ചിട്ടുണ്ട്.

ദൃശ്യം 3. Photo: District

പ്രകാശ് രാജ്, ജയ്ദീപ് അഹ്‌ളാവത്ത് തുടങ്ങി പുതിയ താരങ്ങള്‍ ദൃശ്യം 3യുടെ ഭാഗമാകുന്നുണ്ട്. രണ്ടാം ഭാഗത്തില്‍ ഷോ സ്റ്റീലറായ അക്ഷയ് ഖന്ന ഇത്തവണയില്ലാത്തത് ചെറിയ നിരാശ സമ്മാനിക്കുന്നുണ്ട്. ഷൈത്താന് ശേഷം മറ്റൊരു റീമേക്കിലൂടെ ബോക്‌സ് ഓഫീസിലെ സ്ഥാനം അജയ് ദേവ്ഗണ്‍ തിരിച്ചുപിടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlight: Opening Day collection and good response for Hindi Drishyam 3

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more