തിരുവനന്തപുരം: മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ടേക്ക് ഓഫിന്” വിജയാശംസകളുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇറാഖിലെ യുദ്ധ ഭൂമിയില്‍ നിന്ന് മലയാളി നഴ്‌സുമാരെ രക്ഷിച്ച് തിരിച്ചെത്തിച്ച യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ ട്രെയിലര്‍ ഉള്‍പ്പെടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമ്മന്‍ ചാണ്ടി വിജയാശംസ നേര്‍ന്നത്.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു മലയാളി നഴ്‌സുമാര്‍ ഇറാഖിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയിരുന്നത്. തന്റെ സര്‍ക്കാരിന്റെ കാലത്ത് നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായിരുന്നു ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുക എന്നു പറഞ്ഞാണ് ഉമ്മന്‍ ചാണ്ടി പോസ്റ്റ് ആരംഭിക്കുന്നത്.
ദൗത്യം വിജയിച്ചത് ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെയും വിദേശ മന്ത്രാലയത്തിന്റെയും പൂര്‍ണ്ണ പിന്തുണ ലഭിച്ചത് നന്ദിപൂര്‍വ്വം സ്മരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പോസ്റ്റിലൂടെ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
“ഇറാഖിലെ ഭീകരാക്രമണങ്ങളുടെ മദ്ധ്യത്തില്‍ നിന്നും മലയാളി നേഴ്സുമാരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുക എന്നത് കഴിഞ്ഞ യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായിരുന്നു. ഭീകരുടെ മുന്നില്‍ പകച്ചു നിന്ന ഇറാഖ് ഗവണ്‍മെന്റില്‍നിന്നും കാര്യമായ സഹായം ലഭിക്കുമെന്ന പ്രതീക്ഷ അന്നു ആര്‍ക്കും ഇല്ലായിരുന്നു. അവിടത്തെ ഗവണ്‍മെന്റിനെ മുട്ടുകുത്തിക്കുവാന്‍ എന്തും ചെയ്യുവാന്‍ മടിക്കാത്ത ഭീകരില്‍ നിന്നും മലയാളി നേഴ്സുമാരെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ നാട്ടില്‍ എത്തിച്ചപ്പോള്‍ മാത്രമാണ് എല്ലാവര്‍ക്കും ആശ്വാസമായത്. അതിനു തൊട്ടുമുന്‍പ് ഭീകരര്‍ തട്ടി കൊണ്ടു പോയ പഞ്ചാബിലെ 32 തൊഴിലാളികളെക്കുറിച്ച് ഇന്നും യാതൊരു വിവരവും ഇല്ല. ഈ ദൗത്യം വിജയിച്ചത് ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രം. കേന്ദ്ര വിദേശകാര്യമന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും വിദേശ മന്ത്രാലയത്തിന്റെയും പൂര്‍ണ്ണ പിന്തുണ ലഭിച്ചതു നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
കേന്ദ്ര ഗവമെന്റ് പ്രത്യേകം ക്രമീകരിച്ച സ്പെഷ്യല്‍ ഫ്ളൈറ്റ് 34 മലയാളി നേഴ്സുമാരെയും കൊണ്ട് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് ഏതാനും ദിവസങ്ങള്‍ മുള്‍മുനയില്‍ നി മലയാളികള്‍ക്കു സമാധാനമായത്.
ഈ സംഭവം ചിത്രീകരിക്കുന്ന “ടേക്ക് ഓഫ്” സിനിമ, ഭീകരതയ്ക്കെതിരേ മനുഷ്യ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാകുമെന്നു പ്രതീഷിക്കുന്നു . “ടേക്ക് ഓഫി”ന് എല്ലാ വിജയാശംസകളും നേരുന്നു.”