വിഷു റിലീസായെത്തി തിയേറ്ററുകളില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. ടൊവിനോയെ നായകനാക്കി ഡിജോ ജോസ് ആന്റണി വന്‍ ബജറ്റിലൊരുക്കിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് സ്വന്തമാക്കിയത്. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കാന്‍ വേണ്ടി നടന്ന വിമോചന സമരത്തില്‍ എഴുത്തുകാരന്റെ ഫിക്ഷന്‍ ചേര്‍ത്ത കഥപറച്ചിലാണ് ചിത്രത്തിന്റേത്.
1950കളില്‍ മധ്യകേരളത്തിലെ കാണിയാര്‍ എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. കുന്നുംപുറം പള്ളിയെ കമ്മ്യൂണിസ്റ്റുകാരില്‍ നിന്ന് സംരക്ഷിക്കാന്‍ പോത്തന്‍ ക്രിസ്റ്റഫറെന്ന വ്യാജ പേരില്‍ എത്തുന്ന കൃഷ്ണപിള്ള എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. വിയറ്റ്‌നാം കോളനി, അവതാര്‍, കെ.ജി.എഫ് ചാപ്റ്റര്‍ വണ്‍ എന്നീ ചിത്രങ്ങളിലേത് പോലെ ഒരു ജനതയുടെ രക്ഷകനായി നായകന്‍ മാറുന്ന കഥയാണ് പള്ളിച്ചട്ടമ്പിയുടേത്.
പള്ളിച്ചട്ടമ്പി Photo: Theatrical poster
കഥയുമായോ കഥാപാത്രങ്ങളുമായോ യാതൊരു ഇമോഷണല്‍ കണക്ഷനും തോന്നാത്ത തിരക്കഥയില്‍ എഴുത്തുകാരന്‍ കൊണ്ടുവന്ന ഒരു കഥാപാത്രത്തെക്കുറിച്ച് എടുത്തുപറയാതെ വയ്യ. കുന്നുംപുറം ഗ്രാമം ഒറ്റ രാത്രി കൊണ്ട് കത്തിച്ച് ചാമ്പലാക്കാന്‍ പൊലീസുകാര്‍ പദ്ധതിയിടുന്നുണ്ടെന്നും ഗ്രാമത്തിലുള്ളവര്‍ കരുതിയിരിക്കണമെന്നും പറയാനായി ഒരു കഥാപാത്രം ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.
കൂട്ടുകാരെ സ്റ്റേഷനില്‍ നിന്ന് പുറത്തിറക്കാന്‍ വേണ്ടി പോയതിനിടക്ക് പൊലീസുകാര്‍ പറഞ്ഞത് ഒളിഞ്ഞിരുന്ന് കേട്ടിട്ടാണ് ഈ കഥാപാത്രം ഗ്രാമവാസികളെ അലര്‍ട്ടാക്കുന്നത്. ഗ്രാമത്തെ രക്ഷിക്കാന്‍ തന്നാലാകും വിധം സഹായം ചെയ്ത ശേഷം കൂട്ടുകാര്‍ക്ക് വേണ്ടി ഇയാള്‍ തിരിച്ച് പോകുന്നുണ്ട്. ഈ സമയം വിജയരാഘവന്‍ അവതരിപ്പിച്ച പള്ളിയിലച്ഛന്റെ കഥാപാത്രം അയാളോട് എവിടുന്നുള്ള ആളാണെന്ന് ചോദിക്കുന്നു.
പുതുപ്പള്ളിയില്‍ നിന്നാണെന്ന് പറയുമ്പോള്‍ ‘എന്താ മോന്റെ പേര്’ എന്നായിരുന്നു അടുത്ത ചോദ്യം. ‘എമ്മന്‍ ചാണ്ടി’ എന്ന് പറഞ്ഞതിന് ശേഷം അയാള്‍ തിരിച്ചുപോകുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സാദൃശ്യമുള്ള ഈ കഥാപാത്രം ചിത്രത്തില്‍ വലിയൊരു കല്ലുകടിയായി തോന്നി. യഥാര്‍ത്ഥ സംഭവത്തില്‍ ഫിക്ഷന്‍ ഉള്‍പ്പെടുത്തിയതാണെങ്കിലും അതിനൊക്കെ ഒരു പരിധിയില്ലേ എന്ന് ചോദിച്ചുപോവുകയായിരുന്നു.
മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാര സംഭവത്തിലും ഇത്തരമൊരു രംഗമുണ്ട്. സിനിമക്കുള്ളിലെ സ്പൂഫ് സിനിമയില്‍ ദിലീപ് അവതരിപ്പിച്ച കമ്മാരന്‍ എന്ന കഥാപാത്രത്തിന് ഗാന്ധിജിയെ രക്ഷിക്കാനുള്ള പ്രധാന ക്ലൂ കൊടുക്കുന്ന ഒരു കുട്ടിയെ കാണിക്കും. ഇന്ദ്രന്‍സിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമാണത്.
ചരിത്രത്തില്‍ ഇല്ലാതിരുന്നിട്ടും വലിയ ആളാണെന്ന് കാണിക്കാന്‍ സംവിധായകന്‍ മനപൂര്‍വം ഉള്‍പ്പെടുത്തിയ കഥാപാത്രമായിരുന്നു അത്. പള്ളിച്ചട്ടമ്പിയില്‍ എമ്മന്‍ ചാണ്ടിയെ കൊണ്ടുവന്നത് കണ്ടപ്പോഴും ഇതായിരുന്നു ഓര്‍മ വന്നത്.
Content Highlight: Oommen Chandy’s reference in Pallichattambi movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ