| Wednesday, 8th February 2012, 8:51 pm

പ്രവാസികളെ സഹായിക്കാന്‍ നോര്‍ക്കയ്ക്ക് വിപുലമായ പദ്ധതികള്‍: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപ്പുരം: പ്രവാസി മലയാളികളെ സഹായിക്കുന്നതിന് സംസ്ഥാന നോര്‍ക്ക വകുപ്പ് വിപുലമായ പദ്ധതികള്‍ക്ക് രൂപം നല്‍കി വരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ നിന്ന് മോചിതരാകുന്ന മലയാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കുന്ന സ്വപ്ന സാഫല്യം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗള്‍ഫ് നാടുകളില്‍ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്യുകയോ നിയമലംഘനം നടത്തുകയോ ചെയ്ത് ജയിലിലടയ്ക്കപ്പെടുന്നവരെ പുറത്തെത്തിക്കുന്ന കാര്യത്തില്‍ ഏറെ പരിമിതികളുണ്ട്. എന്നാല്‍ നടപടിക്രമങ്ങളിലെ തെറ്റുകള്‍ മൂലവും സാങ്കേതിക കാരണങ്ങളാലും ജോലി വാഗ്ദാനം ചെയ്‌പ്പെട്ട് ഗള്‍ഫ് നാടുകളില്‍ എത്തി വഞ്ചിതരായവരുള്‍പ്പെടെ ജയിലില്‍ നിന്നും മോചിതരാകാന്‍ കഴിയാത്ത മലയാളികള്‍ക്ക് എല്ലാ വിധ സഹായവും എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗദി ജയിലില്‍ നിന്നും മോചിതനായ കല്ലാച്ചേരി മാത്യുവിന്റെ കുടുംബത്തിന് ആദ്യ മടക്കയാത്രാ ടിക്കറ്റ് നല്‍കിയാണ് മുഖ്യമന്ത്രി സ്വപ്നസാഫല്യം പദ്ധതി ഉദ്ഘാടനം ചെയ്തത്.

ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതായി ചടങ്ങില്‍ അധ്യക്ഷനായിരുന്ന നോര്‍ക്ക വകുപ്പു മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ശിക്ഷാ കാലാവധി കഴിഞ്ഞ ആളുകള്‍ക്ക് പോലും ജയില്‍ മോചിതരായി നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യമല്ല ഗള്‍ഫ് നാടുകളിലുള്ളത്.പാര്‍ലമെന്റില്‍ നിന്നും ലഭിച്ച കണക്കുകളനുസരിച്ച് 1400 ഇന്ത്യക്കാരാണ് സൗദി ഉള്‍പ്പെടെയുള്ള വിദേശനാടുകളിലെ ജയിലുകളില്‍ കഴിയുന്നത്.  ഇത്തരത്തില്‍ ജയിലുകളില്‍ കഴിയുന്ന മലയാളികളുടെ കണക്ക് ശേഖരിച്ചു വരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more