| Wednesday, 18th May 2011, 1:20 pm

ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അധികാരമേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഏഴംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങളില്‍ ഗവര്‍ണര്‍ ആര്‍.എസ് ഗവായ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പുറമേ ഘടകകക്ഷി നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി, കെ.പി മോഹനന്‍, ടി.എം ജേക്കബ്, കെ.ബി ഗണേഷ് കുമാര്‍, ഷിബു ബേബി ജോണ്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും കെ.പി മോഹനനും ടി.എം ജേക്കബും ഗണേഷ് കുമാറും ഷിബു ബേബി ജോണും സത്യപ്രതിജ്ഞ ചെയ്തു. ഷിബു ബേബി ജോണ്‍ ഒഴികെയുള്ള എല്ലാവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഷിബു ബേബി ജോണ്‍ ഇംഗ്ലീഷില്‍ ദൃഡപ്രതിജ്ഞയെടുക്കുകയായിരുന്നു.

ഇന്ന് ചേരുന്ന ആദ്യമന്ത്രിസഭാ യോഗത്തില്‍ ജനോപകാര പ്രദമായ തീരുമാനങ്ങള്‍ എടുത്തുതുടങ്ങുമെന്നാണ് സൂചന. ജനപക്ഷത്തുനിന്ന് ജനകീയമായ ഭരണം കാഴച്ചവെയ്ക്കുമെന്ന് ഉമ്മന്‍ ചാണ്ടി നേരത്തേ വ്യക്തമാക്കിയിരുന്നു. നാളെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ന്യൂദല്‍ഹിയിലേക്ക് പോകുന്നുണ്ട്. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്കുശേഷമായിരിക്കും കോണ്‍ഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുന്നത്.

കേരളത്തിന്റെ 21ാം മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. കഴിഞ്ഞദിവസം ഏറസമയം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഘടകകക്ഷികളുടെ എണ്ണവും മന്ത്രിസ്ഥാനങ്ങളും സംബന്ധിച്ച് അന്തിമതീരുമാനത്തിലെത്തിയത്. ധനകാര്യവകുപ്പ് കേരളകോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വ്യവസായം, പൊതുമരാമത്ത്, വിദ്യാഭ്യാസം എന്നീ വകുപ്പുകള്‍ ലീഗിന് ലഭിക്കും.

ജലിവിഭവ വകുപ്പ് പി.ജെ ജോസഫിനും കൃഷിമൃഗസംരക്ഷണ വകുപ്പ് കെ.പി മോഹനനും, ടി.എം ജേക്കബിന് ഭക്ഷ്യസിവില്‍സപ്ലൈസ്തുറമുഖ വകുപ്പുകളും ലഭിക്കും. സ്‌പോര്‍ട്‌സ്, യുവജനക്ഷേമം,ടൂറിസം, ചലച്ചിത്ര അക്കാദമി എന്നിവ കെ.ബി ഗണേഷ് കുമാറിന് ലഭിക്കുമ്പോള്‍ തൊഴില്‍ വകുപ്പ് ഷിബു ബേബി ജോണിന് ലഭിക്കും.

നിലവില്‍ 20 അംഗ മന്ത്രിസഭയ്ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. പത്ത് മന്ത്രിസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് തന്നെ ലഭിക്കും. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങളിലേക്ക് തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more