| Tuesday, 21st October 2025, 3:29 pm

മോഹന്‍ലാല്‍ മുതല്‍ റിഷബ് ഷെട്ടി വരെ നേടി, കേരളത്തില്‍ നിന്ന് 50 കോടി നേടാത്ത താരങ്ങള്‍ ഇനി മമ്മൂട്ടിയും ദുല്‍ഖറും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കന്നഡയിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ കാന്താര ചാപ്റ്റര്‍ വണ്‍ ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. വേള്‍ഡ്‌വൈഡ് കളക്ഷനില്‍ ഇതിനോടകം 750 കോടി സ്വന്തമാക്കിയ ചിത്രം കേരളത്തില്‍ നിന്ന് 50 കോടിയിലധികം കളക്ഷന്‍ നേടി. ഇതോടെ കേരള ബോക്‌സ് ഓഫീസിലെ എലീറ്റ് ലിസ്റ്റില്‍ റിഷബ് ഷെട്ടിയും ഇടം നേടിയിരിക്കുകയാണ്.

50 കോടിയും 100 കോടിയുമെല്ലാം സ്വപ്‌നമായി നിന്ന മോളിവുഡില്‍ ആദ്യമായി 50 കോടി നേടിയ ചിത്രമായിരുന്നു ദൃശ്യം. കേരള ബോക്‌സ് ഓഫീസിലെ പല വമ്പന്‍ റെക്കോഡുകളും ആദ്യം നേടിയത് മോഹന്‍ലാലായിരുന്നു. മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന്‍ കേരളത്തില്‍ നിന്ന് മാത്രം 80 കോടിയിലേറെ നേടിയിരുന്നു.

പിന്നീട് കേരള ബോക്‌സ് ഓഫീസില്‍ 50 കോടിയിലധികം കളക്ഷന്‍ നേടിയത് തെലുങ്ക് ചിത്രം ബാഹുബലി 2 ആയിരുന്നു. ഇന്ത്യയിലെ സകല സംസ്ഥാനങ്ങളിലും ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ബാഹുബലി 2വിന് കേരളത്തില്‍ മുരുകന് മുന്നില്‍ മാത്രമാണ് മുട്ടു മടക്കേണ്ടി വന്നത്. പിന്നീട് കേരളത്തില്‍ നിന്ന് 50 കോടി നേടിയ ചിത്രം മോഹന്‍ലാലിന്റെ ലൂസിഫറായിരുന്നു. 2022ല്‍ കെ.ജി.എഫ് 2വും ഈ പട്ടികയില്‍ ഇടം നേടി.

2016 മുതല്‍ 2022 വരെ വെറും നാല് സിനിമകള്‍ മാത്രമാണ് ഈ പട്ടികയില്‍ ഇടം നേടിയതെങ്കില്‍ പിന്നീടുള്ള മൂന്ന് വര്‍ഷത്തില്‍ 12 സിനിമകളാണ് കേരളത്തില്‍ നിന്ന് മാത്രം 50 കോടിയിലേറെ കളക്ഷന്‍ നേടിയത്. 2018 എവരിവണ്‍ ഈസ് എ ഹീറോ, ജയിലര്‍, ലിയോ എന്നീ സിനിമകള്‍ 2023ല്‍ കേരള ബോക്‌സ് ഓഫീസില്‍ ചരിത്രമെഴുതി.

2024ല്‍ പ്രേമലു, ആടുജീവിതം, മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, അജയന്റെ രണ്ടാം മോഷണം എന്നീ സിനിമകളും ഈ ലിസ്റ്റില്‍ ഇടം നേടി. 2025ല്‍ കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ രണ്ട് സിനിമകള്‍ പിറന്നു. തുടരും, ലോകഃ എന്നീ സിനിമകള്‍ ചരിത്ര വിജയത്തിലേക്ക് കടന്നപ്പോള്‍ എമ്പുരാനിലൂടെ മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി കേരളത്തില്‍ നിന്ന് 50 കോടിയിലേറെ കളക്ഷന്‍ നേടി. ഇപ്പോഴിതാ റിഷബ് ഷെട്ടിയും കാന്താരയിലൂടെ കേരള ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ചു.

എന്നാല്‍ ഇത്രയും താരങ്ങള്‍ കേരളത്തില്‍ നിന്ന് 50 കോടി നേടിയപ്പോഴും ഇന്‍ഡസ്ട്രിയിലെ പല വമ്പന്‍ താരങ്ങളും ഈ നേട്ടത്തിലെത്തിയിട്ടില്ല. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ അധികം വൈകാതെ ഈ പട്ടികയില്‍ ഇടം നേടുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഇനി വരാനിരിക്കുന്ന വമ്പന്‍ സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

Content Highlight: Only Mammootty and Dulquer Salmaan to collect 50 crores from Kerala Box Office

We use cookies to give you the best possible experience. Learn more