| Sunday, 20th September 2026, 8:29 am

ബാഴ്‌സയിലേക്കുള്ള മെസിയുടെ തിരിച്ചുവരവ് തടഞ്ഞത് ആ ഒരാള്‍ മാത്രം; തുറന്നുപറഞ്ഞ് സാവി

ആദർശ് എം.കെ.

ബാഴ്‌സലോണയിലേക്കുള്ള ലയണല്‍ മെസിയുടെ തിരിച്ചുവരവിന് വിലങ്ങുതടിയായത് ക്ലബ്ബ് പ്രസിഡന്റ് ജോവാന്‍ ലപ്പോര്‍ട്ടയാണെന്ന് ബ്ലൂഗ്രാന ലെജന്‍ഡും മുന്‍ പരിശീലകനുമായ സാവി ഹെര്‍ണാണ്ടസ്. ലപ്പോര്‍ട്ട ഒറ്റയ്ക്ക് ഇടപെട്ടാണ് തിരിച്ചുവരവ് തടഞ്ഞെതെന്നാണ് സാവി പറഞ്ഞത്.

നാല് മാസത്തോളം മെസിയുമായി സംസാരിച്ച് തിരിച്ചുവരവിന് വഴിയൊരുക്കിയ ശേഷമാണ് ലപ്പോര്‍ട്ട ഈ തീരുമാനമെടുത്തതെന്നും, അത് ഏറെ വിചിത്രമായിരുന്നുവെന്നും സാവി പറഞ്ഞു.

സാവി ഹെര്‍ണാണ്ടസ്.

‘മെസി എന്റെ നല്ലൊരു സുഹൃത്താണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ക്ലബ്ബിലേക്ക് മടങ്ങിയെത്താന്‍ തനിക്ക് എത്രത്തോളം ആഗ്രഹമുണ്ടെന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു, ഞാന്‍ അതിനോട് പൂര്‍ണമായി യോജിക്കുകയും ചെയ്തു.

മൈക്കല്‍ ജോര്‍ഡന്റെ ‘ലാസ്റ്റ് ഡാന്‍സ്’ പോലെ മോണ്ട്ജൂയികില്‍ (Montjuïc) ഒരു തിരിച്ചുവരവ് നടത്താനാകുമെന്നാണ് ഞാന്‍ ആ സമയത്ത് കരുതിയത്. മെസിയും ഞാനും നാല് മാസത്തോളം തുടര്‍ച്ചയായി ആശയവിനിമയം നടത്തിയിരുന്നു.

അതിനുശേഷമാണ് മെസിയെ ബാഴ്സലോണയിലേക്ക് തിരികെ കൊണ്ടുവരേണ്ടതില്ലെന്ന ലപ്പോര്‍ട്ടയുടെ തീരുമാനം വരുന്നത്. ഇത് സത്യമാണ്, ഒപ്പം വളരെ വിചിത്രമായ കാര്യവുമാണ്. ‘നമുക്കിത് ചെയ്യാന്‍ കഴിയില്ല’ എന്ന് മെസിയോട് പറയേണ്ടി വന്നത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു,’ സാവി പറഞ്ഞു.

മെസിയും സാവിയും

ബാഴ്സലോണയിലെ പരിശീലക സ്ഥാനത്തെക്കുറിച്ചും സാവി സംസാരിച്ചു.

‘ബാഴ്സലോണ എന്റെ ഹൃദയത്തിലുണ്ട്. ഇത് വെറുമൊരു പ്രൊഫഷണല്‍ ബന്ധം മാത്രമല്ല, എനിക്ക് വൈകാരികമായ ഒന്നുകൂടിയാണ്. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ ഞാന്‍ ഒരുപാട് വിഷമിച്ചു. മാധ്യമങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങളുണ്ടായി, അത് എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും പ്രയാസപ്പെടുത്തി. അതൊരു കഠിനമായ സമയമായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024ല്‍ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടതിനു ശേഷം, തിരിച്ചുവരവിനുള്ള കരാര്‍ വരെ തയ്യാറായിരുന്നിട്ടും ക്ലബ്ബിലെ അധികാര തര്‍ക്കങ്ങള്‍ ഭയന്ന് ലപ്പോര്‍ട്ട ബോധപൂര്‍വം മെസിയുടെ വരവ് തടയുകയായിരുന്നുവെന്നും സാവി നേരത്തെ ആരോപിച്ചിരുന്നു.

ജോവാന്‍ ലപ്പോര്‍ട്ട. Photo: Barcelona

എന്നാല്‍ ഈ വിഷയത്തില്‍ ലപ്പോര്‍ട്ട നല്‍കിയ വിശദീകരണം വ്യത്യസ്തമായിരുന്നു. ബാഴ്സലോണയിലെ കടുത്ത സമ്മര്‍ദവും മാധ്യമ ശ്രദ്ധയും ഒഴിവാക്കി മറ്റൊരു ക്ലബ്ബിലേക്ക് മാറാനാണ് മെസി സ്വയം താത്പര്യപ്പെട്ടതെന്നായിരുന്നു ലപ്പോര്‍ട്ടയുടെ വാദം.

Content Highlight: Only Laporta blocked Messi’s return; former Barça coach Xavi reveals.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more