| Tuesday, 14th April 2026, 11:22 am

ഇവിടെ ഹിന്ദുക്കള്‍ മാത്രം കച്ചവടം ചെയ്താല്‍ മതി; അഹമ്മദാബാദില്‍ മുസ്‌ലിം കച്ചവടക്കാരനെ പുറത്താക്കി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

നിഷാന. വി.വി

അഹമ്മദാബാദ്: അഹമ്മദാബാദിലെ ബാപ്പുനഗറില്‍ മുസ്‌ലിം തെരുവ് കച്ചവടക്കാരനെ ഹിന്ദുഭൂരിപക്ഷ പ്രദേശത്ത് നിന്ന് പുറത്താക്കി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍.

പ്രദേശം ഹിന്ദു മേഖലയാണെന്നും ഹിന്ദുക്കള്‍ക്ക് മാത്രമേ കച്ചവടം ചെയ്യാന്‍ അനുവാദമുളളുവെന്നും കാണിച്ചായിരുന്നു നടപടി.

കാവി ഷാള്‍ ധരിച്ച ആളുകള്‍ പ്രദേശത്തെത്തി കച്ചവടക്കാരന്റെ ആധാര്‍ പരിശോധിക്കുന്നതായുള്ള വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

പേര് ഷാജഹാന്‍ എന്നാണെന്ന് മനസിലാക്കിയതോടെ പ്രദേശം വിട്ട് പോവാന്‍ ഭീഷണിപ്പെടുത്തുകയും ഹിന്ദു പ്രദേശത്ത് ഹിന്ദുക്കള്‍ മാത്രം കച്ചവടം ചെയ്താല്‍ മതിയെന്ന് പറയുകയുമായിരുന്നു.

ശേഷം മുസ്‌ലിങ്ങളെ കച്ചവടം ചെയ്യാന്‍ അനുവദിക്കരുതെന്ന് സംഘം മറ്റ് കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതായും വീഡിയോയില്‍ കാണാം. അഹമ്മദാബാദിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും, ഭക്ഷണശാലകളിലും തെരുവ് കച്ചവടക്കാരുടെ സ്റ്റാളുകളിലും പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന വിവാദപരമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചിരുന്നു.

എന്നാല്‍ ഇത് മതപരമായ ഐഡന്റിന്റി വെളിപ്പെടുത്താനുള്ള ശ്രമമാണെന്നും ഭരണഘടനയ്‌ക്കെതിരാണെന്നും വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സുപ്രീം കോടതി ഈ ഉത്തരവ് സ്‌റ്റേ ചെയ്യുകയായിരുന്നു.

Content Highlight: Only Hindus can trade here; Bajrang Dal workers throw out Muslim trader in Ahmedabad

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more