| Monday, 28th July 2025, 8:25 am

മഹാരാഷ്ട്രയിലെ അര്‍ബന്‍ നക്‌സല്‍ ബില്‍; എതിര്‍ത്ത് വോട്ട് ചെയ്തത് സി.പി.ഐ.എം മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പ്രതിഷേധങ്ങളെയും വിമര്‍ശനങ്ങളെയും കുറ്റകരമായി കണക്കാക്കുന്ന മഹാരാഷ്ട്ര സ്‌പെഷ്യല്‍ പബ്ലിക് സെക്യൂരിറ്റി (എം.എസ്.പി.എസ്) ബില്ലിനെതിരെ വോട്ട് ചെയ്തത് സി.പി.ഐ.എം മാത്രം. സി.പി.ഐ.എം എം.എല്‍.എയായ വിനോദ് നിക്കോളെ മാത്രമാണ് അര്‍ബന്‍ നക്‌സല്‍ ബില്‍ എന്ന പേരിലുള്ള കുപ്രസിദ്ധമായ നിയമനിര്‍മാണത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. യു.എ.പി.എയെക്കാള്‍ വലിയ കുറ്റമായാണ് ഈ ബില്‍ വിലയിരുത്തപ്പെടുന്നത്.

പ്രതിപക്ഷകൂട്ടായ്മയായ മഹാവികാസ് അഘാഡിയിലെ ശിവസേന (യു.ബി.ടി), കോണ്‍ഗ്രസ്, എന്‍.സി.പി (എസ്.പി) പാര്‍ട്ടികള്‍ ബില്ലിനെതിരെ മൗനം പാലിച്ചു.

മാവോയിസ്റ്റ് സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനെന്ന പേരില്‍ കോര്‍പ്പറേറ്റുകള്‍ക്കായി അവതരിപ്പിച്ച ബില്ലിനെതിരെയുള്ള പ്രതിപക്ഷ കൂട്ടായ്മയുടെ മൗനം ദൗര്‍ഭാഗ്യകരമെന്ന് സി.പി.ഐ.എം. വിമര്‍ശിച്ചു. യു.എ.പി.എ, സംസ്ഥാനത്ത് നിലവിലുള്ള മക്കോക (മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്) എന്നിവയെക്കാള്‍ ക്രൂരമായ വ്യവസ്ഥകളാണ് ഈ ബില്ലിലുള്ളത്.

ഗഡ്ചിറോളിയിലെ രണ്ട് താലൂക്കുകളില്‍ മാത്രമാണ് നക്‌സല്‍ പ്രവര്‍ത്തനങ്ങളുള്ളതെന്നും എന്നിട്ടും ഇത്തരമൊരു നിയമനിര്‍മാണം ജനകീയ സമരങ്ങളെ ലക്ഷ്യം വെച്ചിട്ടുള്ളതാണെന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം അശോക് ധാവ്‌ളെ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ അവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നാക്രമണമാണ് ഈ നിയമനിര്‍മാണത്തിലൂടെ സര്‍ക്കാര്‍ ഉദ്ധേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അശോക് ധാവ്‌ളെ

കോര്‍പ്പറേറ്റുകള്‍ക്കായി ബലപ്രയോഗത്തിലൂടെ ഭൂമിയേറ്റടുക്കല്‍, ധാതുക്കൊള്ള, വനങ്ങളില്‍ നിന്ന് ആദിവാസികളെ ആട്ടിയോടിക്കുന്നത് തുടങ്ങിയ പ്രവര്‍ത്തികള്‍ക്കെതിരെ മഹാരാഷ്ട്രയില്‍ സി.പി.ഐ.എം ശക്തമായ പോരാട്ടങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, ജൂണ്‍ മൂന്നിന് സി.പി.ഐ.എം ആസാദ് മൈതാനിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പ്രതിപക്ഷ നേതാക്കളായ സുപ്രിയ സുലെ, ജയന്ത് പാട്ടീല്‍, ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബില്‍ സഭയിലെത്തിയപ്പോള്‍ സി.പി.ഐ.എം മാത്രമാണ് എതിര്‍ ശബ്ദമുയര്‍ത്തിയത്.

വിഷയുമായി ബന്ധപ്പെട്ട് ജയന്ത് പാട്ടീല്‍ അടക്കമുള്ളവരുമായി ഓണ്‍ലൈനില്‍ ചര്‍ച്ചകള്‍ നടത്തിയെന്നും അടുത്ത ദിവസത്തെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അവര്‍ ഈ തെറ്റ് തിരുത്തിയെന്നും ധാവ്‌ളെ കൂട്ടിച്ചേര്‍ത്തു.

ശക്തിപീഠ് ഹൈവേയ്ക്കുവേണ്ടി ബലം പ്രയോഗിച്ച് ഭൂമി പിടിച്ചെടുക്കുന്ന നടപടികള്‍ക്കെതിരെ സി.പി.ഐ.എം പ്രതിഷേധം തുടരുകയാണ്. ധാരാവി, വാധ്വാന്‍ തുറമുഖം, ഗഡ്ചിറോളി, ചന്ദ്രപുര്‍ എന്നിവിടങ്ങളില്‍ ആളുകളെ കുടിയിറക്കി നടത്തുന്ന ഖനനങ്ങള്‍ക്കെതിരെയും പാര്‍ട്ടി സമരമുഖത്തുണ്ട്.

ഗഡ്ചിറോളി, ചന്ദ്രപുര്‍ എന്നിവിടങ്ങളില്‍ ഭൂമിയേറ്റെടുക്കല്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് സഭയില്‍ അര്‍ബന്‍ നക്‌സല്‍ ബില്‍ അവതരിപ്പിച്ചത്. നിയമവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെയാണ് ബില്‍ എന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും എന്താണ് ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെന്ന് കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. ഇക്കാരണം കൊണ്ടുതന്നെ ഇത് വ്യാപകമായ ദുരുപയോഗങ്ങള്‍ക്ക് കാരണമാകും.

സ്വത്തുക്കള്‍ കണ്ടുകെട്ടാനും ആളുകളെ ഇറക്കിവിടാനും ഈ ബില്‍ ജില്ലാ മജിസ്‌ട്രേറ്റിന് അധികാരം നല്‍കുന്നു. കീഴ്‌ക്കോടതികളില്‍ അപ്പീല്‍ നല്‍കുന്നതും ബില്‍ വിലക്കുന്നു.

Content Highlight: Only CPIM opposed the Urban Naxal Bill in Maharashtra.

We use cookies to give you the best possible experience. Learn more