ന്യൂദല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിനെ ബി.ജെ.പി നേതൃത്വത്തിലെ എന്‍.ഡി.എ അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് എം.പി പപ്പു യാദവ്. എന്‍.ഡി.എ നിതീഷ് കുമാറിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് മാത്രമെ നിതീഷ് കുമാറിനൊപ്പം നില്‍ക്കൂവെന്നും അദ്ദേഹം അവകാശപ്പെട്ടു. തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാറും ജെ.ഡി.യുവും എന്‍.ഡി.എയില്‍ നില്‍ക്കില്ലെന്നാണ് തന്റെ പ്രവചനമെന്നും പപ്പു യാദവ് പറഞ്ഞു.
‘ചിരാഗ് പാസ്വാനും ബി.ജെ.പിയും നിതീഷ് കുമാറിനെ ഒറ്റപ്പെടുത്തുകയാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാര്‍ എന്‍.ഡി.എയില്‍ തുടരുമെന്ന് ഞാന്‍ കരുതുന്നില്ല. നിതീഷ് കുമാറിന് അര്‍ഹിച്ച ബഹുമാനം നല്‍കാന്‍ കോണ്‍ഗ്രസിനേ സാധിക്കൂ’, പപ്പു യാദവ് ചൊവ്വാഴ്ച പറഞ്ഞു.
ബീഹാറിലെ ജനങ്ങള്‍ ഇന്ത്യാ ബ്ലോക്കിനൊപ്പമാണ്. കണ്ണടച്ച് പിന്തുണ നല്‍കുകയാണ് ഇന്ത്യ ബ്ലോക്കിന്. ജനങ്ങള്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, സഖ്യം മാറുന്നതില്‍ മടി കാണിക്കാത്ത നിതീഷ് കുമാര്‍, മുഖ്യമന്ത്രി സ്ഥാനത്തിനായി വിട്ടുവീഴ്ചകള്‍ ചെയ്യുന്നതിനെതിരെ നിശിതമായ വിമര്‍ശനങ്ങളേറ്റിരുന്നു.
ഇത്തവണയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാണ് നിതീഷ് കുമാര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്‍.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് നിതീഷ്.
ബീഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന നേതാവുകൂടിയാണ് നിതീഷ് കുമാര്‍.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. നവംബര്‍ ആറിനും 11നുമാണ് വോട്ടെടുപ്പ്. നവംബര്‍ 14ന് വോട്ടെണ്ണും.
Content Highlight: Only Congress respects Nitish Kumar; JDU will leave NDA after elections: Pappu Yadav