| Sunday, 26th October 2025, 12:59 pm

ഫണ്ട് കിട്ടാനുള്ള തന്ത്രം മാത്രം, ഒപ്പിട്ടെങ്കിലും പി.എം ശ്രീ കേരളത്തില്‍ നടപ്പാക്കില്ല: വി. ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി ഒപ്പിട്ടെങ്കിലും കേരളത്തില്‍ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പദ്ധതിയില്‍ കേരളം ഒപ്പിട്ടത് സമഗ്രശിക്ഷാ ഫണ്ട് ലഭിക്കാന്‍ വേണ്ടി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് കിട്ടാനുള്ള ഫണ്ട് ഒരു കാരണവശാലും നഷ്ടപ്പെടുത്തേണ്ടതില്ലെന്നും അതിന് വേണ്ടിയുള്ള ഒരു തന്ത്രമാണ് ഒപ്പിടലെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

‘പി.എം ശ്രീ പദ്ധതി കേരളത്തിന് യഥാര്‍ത്ഥത്തില്‍ ആവശ്യമില്ല. എന്നാല്‍ ഈ പദ്ധതിയില്‍ ഒപ്പിടാത്തത് കൊണ്ട് മാത്രം എസ്.എസ്.കെയുടെ (സമഗ്ര ശിക്ഷാ കേരള) ഫണ്ട് 1500 രൂപയോളമാണ് കേരളത്തിന് ലഭിക്കാത്തത്. അത് നഷ്ടപ്പെടാതിരിക്കാനുള്ള നിലപാട് മാത്രമാണ് എടുത്തിട്ടുള്ളത്. നമ്മള്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്ന തെറ്റായ സിലബസ് കൊണ്ടുവരികയോ നമുക്ക് തെറ്റാണെന്ന് തോന്നുന്ന മാര്‍ഗങ്ങളോ സ്വീകരിക്കുന്നില്ല.

പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട തുക നഷ്ടപ്പെടുത്തേണ്ടതുണ്ടോ എന്നതാണ് ചോദ്യം. അതിന്റെ ആവശ്യമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്,’ ശിവന്‍കുട്ടി പറഞ്ഞു.

എസ്.എസ്.കെയുടെ ഫണ്ട് ലഭിക്കുന്നതിനായി പി.എം ശ്രീ പദ്ധതിയുടെ ധാരണ പത്രത്തില്‍ ഒപ്പിട്ടാല്‍ നല്കുകയുള്ളുവെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതിനാലാണ് തന്ത്രപരമായി ഒപ്പിട്ടതെന്നും ശിവന്‍കുട്ടി പറഞ്ഞു. എന്നാല്‍ പദ്ധതിയിലെ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ല. കേരളത്തിന്റെ വിദ്യാഭ്യാസ നയം അടിയറ വെക്കില്ല. പി.എം ശ്രീ ധാരണ പത്രത്തില്‍ പിന്മാറാന്‍ അവകാശമുണ്ട്. 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയമാണിത്.

കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഒരു ഫണ്ട് കാരണവശാലും പാഴാക്കേണ്ടതില്ല. കെ. സുരേന്ദ്രന്‍ പറഞ്ഞത് കേരളത്തില്‍ നടക്കില്ല. സി.പി.ഐയുമായുള്ള പ്രശ്നം നേതാക്കള്‍ പരിഹരിക്കുമെന്നും വര്‍ഗീയതക്കെതിരെയുള്ള നിലപാടില്‍ ഉത്കണ്ഠ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.എം. ശ്രീയില്‍ ഒപ്പിട്ടത് ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടി തന്നെയാണെന്നും അത് കേരളത്തിലും നടപ്പാക്കുമെന്ന് ബി.ജെ.പി മുന്‍ അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കരിക്കുലത്തില്‍ ഇടപെടലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ, കേരളത്തിലെ പാഠ്യപദ്ധതിയില്‍ ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്നും സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

ഒക്ടോബർ 29നാണ് കേരളം പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്. ഇതിൽ ഘടകകക്ഷിയായ സി.പി.ഐ ഇപ്പോഴും ഇടഞ്ഞ് നിൽക്കുകയാണ്. ഇന്ന് വിദേശ സന്ദർശനം കഴിഞ്ഞെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.ഐ കാണും.

Content Highlight: Only a strategy to get funds, even if signed, PM Shri will not implement in Kerala: V. Sivankutty

We use cookies to give you the best possible experience. Learn more