| Saturday, 11th October 2025, 11:40 am

കോളേജ് പരിപാടിക്ക് മുഖ്യാതിഥിയായി സായിപ്പ് ഓപ്പി, ഖാലിദ് റഹ്‌മാന്‍ എല്ലാം മുന്‍കൂട്ടി കണ്ടിട്ടുണ്ടെന്ന് കമന്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓണ്‍ലൈന്‍ ഗെയിമറും സ്ട്രീമറുമായ സായിപ്പ് ഓ.പിയെന്നറിയപ്പെടുന്ന അനില്‍ കെ.എസ്സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. അടുത്തിടെ തൃശൂരിലെ സ്വകാര്യ കോളേജിലെ പരിപാടിക്ക് മുഖ്യാതിഥിയായി സംഘാടകര്‍ വിളിച്ചത് സായിപ്പ് ഓ.പിയെയായിരുന്നു. ഇതിനെക്കുറിച്ച് ഫേസ്ബുക്കില്‍ ഒരാള്‍ പങ്കുവെച്ച പോസ്റ്റും കമന്റുകളും ഇതിനോടകം വൈറലായി.

വാ തുറന്നാല്‍ വല്ലവരുടെയും അച്ഛനെയും അമ്മയെയും തെറി വിളിക്കുന്നയാളാണ് സായിപ്പ് ഓ.പിയെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബോധമില്ലാത്തത് പോട്ടെയെന്നും അധ്യാപകര്‍ക്കും ബോധമില്ലേയെന്നും പോസ്റ്റില്‍ ചോദിക്കുന്നു ജെന്‍ സീ തലമുറയുടെ പോക്ക് എങ്ങോട്ടാണെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

പോസ്റ്റിന് താഴെ എതിര്‍ത്തും അനുകൂലിച്ചും നിരവധി കമന്റുകള്‍ പങ്കുവെക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ഗെയിമര്‍മാരില്‍ ഒരാളാണ് സായിപ്പെന്നും കോളേജിലെ പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നുമാണ് പ്രധാന കമന്റ്. ‘തെറി വിളിച്ചിട്ടാണെങ്കിലും ഗെയിമിലൂടെ നല്ല രീതിയില്‍ കാശുണ്ടാക്കുന്നുണ്ട്. ആരുടെയും ഗുഡ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി ജീവിക്കുന്നില്ല’ എന്നും ഒരാള്‍ കമന്റ് പങ്കുവെച്ചു.

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാല എന്ന ചിത്രത്തോടൊപ്പം ഈ സംഭവത്തെ കണക്ട് ചെയ്യുന്നവരെയും കമന്റ് ബോക്‌സില്‍ കാണാന്‍ സാധിക്കും. ‘ഇതെല്ലാം കോളേജുകളില്‍ നടക്കുമെന്ന് മുന്‍കൂട്ടി കണ്ട ഖാലിദ് റഹ്‌മാന്‍ ഒരു ക്രാന്തദര്‍ശി തന്നെ’ എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. ഒരു തല്ലിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ടൊവിനോയുടെ മണവാളന്‍ വസീം എന്ന കഥാപാത്രം കോളേജ് പരിപാടിക്ക് മുഖ്യാതിഥിയായെത്തുന്ന രംഗം തല്ലുമാലയിലുണ്ട്.

പുതിയ തലമുറയില്‍ പെട്ട കുട്ടികള്‍ക്ക് ആരാണ് പ്രശസ്തി നേടിയവരെന്നും പ്രശസ്തരല്ലാത്തവരുമെന്ന് അറിയില്ലെന്നും ഈ സീനില്‍ ഒരു കഥാപാത്രം സംസാരിക്കുന്നുണ്ട്. തല്ലുമാലയിലെ ഈ രംഗവും സായിപ്പ് ഓ.പിയെ വിളിച്ചതുമെല്ലാം ചേര്‍ത്തുവെച്ചാണ് കമന്റ് പങ്കുവെക്കുന്നത്. എന്നാല്‍ ഈ കമന്റിനെതിരെയും ചിലര്‍ രംഗത്തെത്തി.

ജെന്‍ സീ തലമുറയെ മൊത്തം പഴിചാരണ്ടെന്നും വലിയ ചടങ്ങുകളില്‍ മുഖ്യാതിഥിയായി എത്തുന്നവരുടെ യോഗ്യത നോക്കിയാല്‍ ജെന്‍ സീയാണ് ഭേദമെന്ന് തോന്നുമെന്നും ഒരാള്‍ മറുപടി നല്‍കി. സായിപ്പിനെ ന്യായീകരിക്കുന്നില്ലെന്നും ഗെയിമിങ്ങിന്റെ കാര്യത്തില്‍ അയാള്‍ പുലിയാണെന്നുമുള്ള കമന്റുകളും കാണാന്‍ സാധിക്കും.

സായിപ്പ് ഓ.പിയെ മാത്രമല്ല, ഓണ്‍ലൈനില്‍ കുപ്രസിദ്ധി നേടിയ സന്തോഷ് വര്‍ക്കി, അലിന്‍ ജോസ് പെരേര തുടങ്ങിയവരെയെല്ലാം കോളേജില്‍ അതിഥിയായി വിളിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

Content Highlight: Online Gamer Sayip O P became the chief guest of college program and being criticized

Latest Stories

We use cookies to give you the best possible experience. Learn more