സിനിമാതാരങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥിരം കാഴ്ചയാണ്. ഇഷ്ടതാരത്തെക്കുറിച്ചും, ഇഷ്ട സിനിമകളെക്കുറിച്ചുമുള്ള ഇത്തരം ചര്‍ച്ചകള്‍ ഫാന്‍ ഫൈറ്റായി മാറുകയും വലിയ സംവാദത്തിലേക്ക് വഴിവെക്കുകയും ചെയ്യാറുണ്ട്. പലപ്പോഴും ഇത്തരം സംവാദങ്ങള്‍ അതിരുകടക്കുന്നതും വാര്‍ത്തയാകുന്നുണ്ട്.
അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ കണ്ടുവരുന്ന ട്രെന്‍ഡാണ് മലയാളി- തമിഴന്‍ ഓണ്‍ലൈന്‍ സംവാദം. കേരളത്തില്‍ ജനപ്രീതിയുള്ള കാര്യങ്ങളെല്ലാം തമിഴില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന് ചില തമിഴ് ഐ.ഡികള്‍ അവകാശപ്പെടാറുണ്ട്. എല്ലാം ആദ്യം ആരംഭിച്ചത് തമിഴിലാണെന്ന ചില അവകാശവാദങ്ങള്‍ മലയാളികള്‍ പുച്ഛിച്ച് തള്ളുകയാണ് പതിവ്.
എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് മറ്റൊരു കാര്യമാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാല്‍ തമിഴനാണെന്നുള്ള അവകാശവാദമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ സണ്‍ പിക്‌ചേഴ്‌സ് പങ്കുവെച്ച വീഡിയോയുടെ താഴെയാണ് ഈ അവകാശവാദവുമായി ഒരാള്‍ കമന്റ് പങ്കുവെച്ചത്.
‘നിങ്ങള്‍ വേണമെങ്കില്‍ വിശ്വസിച്ചോ, മോഹന്‍ലാല്‍ ശരിക്കും തമിഴനാണ്. അദ്ദേഹത്തിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ് ഇരുവറാണ്. ആദ്യമായി അദ്ദേഹം ആക്ടിങ് ആരംഭിച്ചത് ചെന്നൈയില്‍ വെച്ചിട്ടാണ്. അതുകൊണ്ട് അദ്ദേഹം മലയാളികളുടെ മോഹന്‍ലാലല്ല. തമിഴാണ് ആദ്യം. ഹാപ്പി ബര്‍ത്ത്‌ഡേ ലാലേട്ടാ,’ കിച്ചു അനില്‍ എന്ന ഐ.ഡി തന്റെ കമന്റില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ കമന്റിനെ എതിര്‍ത്തുകൊണ്ട് പലരും രംഗത്തെത്തിയിട്ടുണ്ട്.
മോഹന്‍ലാല്‍ Photo: Screen grab/ Sun Pictures
മോഹന്‍ലാല്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിലാണെന്നും അന്നത്തെ കാലത്ത് ചെന്നൈയില്‍ ഏറ്റവും കൂടുതല്‍ സ്റ്റുഡിയോകള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് അവിടെ എല്ലാ സിനിമകളും ഷൂട്ട് ചെയ്തതെന്നും ചിലര്‍ മറുപടി നല്‍കി. മോഹന്‍ലാല്‍ മലയാളികളുടെ സ്വത്താണെന്നും അദ്ദേഹത്തെ വിട്ടുതരാന്‍ മനസില്ലെന്നും കമന്റുകളുണ്ട്. ഇത്തരം തമിഴ് അവകാശവാദങ്ങളെ മൊത്തത്തില്‍ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിലും ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
‘ആദ്യം മുല്ലപ്പരിയാര്‍, പിന്നെ കേരളത്തിലെ പെണ്‍കുട്ടികള്‍, ഇപ്പോ ദേ ലാലേട്ടനെയും അവര്‍ക്ക് വേണമെന്ന് പറയുന്നു’, ‘ഇരുവറിനെ വരെ പൊട്ടിച്ച് കൈയില്‍ കൊടുത്ത ടീമുകളാണ് തമിഴ്‌നാട്ടില്‍’ എന്നിങ്ങനെയാണ് ചില പോസ്റ്റുകളും കമന്റുകളും. ലോകത്ത് എല്ലാം ആദ്യമായി ചെയ്തത് തമിഴരാണെന്ന ചിന്ത ചിലര്‍ക്കുണ്ടെന്നും അതിനെ മാറ്റാന്‍ പ്രയാസമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
എല്ലാം ആദ്യമായി ചെയ്തത് തമിഴരാണെന്ന് പറയുന്നവരെ ‘റെക്‌സ് മച്ചീ’ എന്നാണ് പരിഹസിക്കുന്നത്. ദിനോസര്‍ വരെ സംസാരിച്ച ഭാഷ തമിഴാണെന്നും കളിയാക്കലുകളുണ്ട്. ഭാഷാസ്‌നേഹം നല്ലതാണെന്നും എന്നാല്‍ ഒരു പരിധിക്കപ്പുറമായാല്‍ ഇത്തരത്തില്‍ പല ദോഷങ്ങളും ചെയ്യുമെന്നും പലരും അഭിപ്രായം പങ്കുവെക്കുന്നുണ്ട്.
Content Highlight: Online debate started after a comment claiming that Mohanlal is Tamilian
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ