സ്വന്തം റെക്കോഡ് ആര്‍ക്കും തൊടാനാകാത്ത ഉയരത്തില്‍ കൊണ്ടുവെക്കുക, പിന്നീട് അത് തകര്‍ക്കുക. മോഹന്‍ലാലിന്റെ ബോക്‌സ് ഓഫീസിലെ പ്രധാന ഹോബി ഇതുതന്നെയാണ്. മലയാളത്തിലെ ആദ്യത്തെ 100,150,250 കോടി ചിത്രങ്ങള്‍ സ്വന്തം പേരിലാക്കിയ മോഹന്‍ലാലിന് ബോക്‌സ് ഓഫീസില്‍ വലിയ എതിരാളികളൊന്നുമില്ല.
മോഹന്‍ലാല്‍ എന്ന താരത്തിന്റെ സ്റ്റാര്‍ഡം എത്രത്തോളമുണ്ടെന്ന് മോളിവുഡിന് കാണിച്ചുകൊടുത്തിട്ട് ഇന്നേക്ക് ഒരുവര്‍ഷം തികഞ്ഞിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഇതേ ദിവസമാണ് മലയാളസിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പില്‍ മോഹന്‍ലാലിന്റെ എമ്പുരാന്‍ തിയേറ്ററുകളിലെത്തിയത്. കേരളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റൊഴികെ മറ്റെല്ലാ റെക്കോഡുകളും എമ്പുരാന്‍ തൂത്തുവാരിയിരുന്നു.
ആദ്യദിനം 68 കോടിയാണ് ചിത്രം നേടിയത്. വിജയ് നായകനായ ലിയോ കേരളത്തില്‍ നിന്ന് നേടിയ 12 കോടി എന്ന റെക്കോഡ് കളക്ഷന്‍ ആരും തകര്‍ക്കില്ലെന്ന് കരുതിയപ്പോള്‍ പ്രീ സെയിലിലൂടെ ഈ കളക്ഷന്‍ എമ്പുരാന്‍ മറികടന്നു. 36 മണിക്കൂര്‍ കൊണ്ട് 100 കോടി നേടിയ ചിത്രം ആദ്യ വീക്കെന്‍ഡില്‍ 175 കോടിയാണ് നേടിയത്.
ഓവര്‍സീസില്‍ നിന്ന് മാത്രം 140 കോടിയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ഇനിയടുത്ത കാലത്തൊന്നും എമ്പുരാന്‍ നേടിയ ഈ റെക്കോഡ് ആരും മറികടക്കാന്‍ പോകുന്നില്ലെന്നത് സത്യമാണ്. ഇതിന് സാധ്യതയുള്ള ഒരേയൊരു ചിത്രം ദൃശ്യം 3 മാത്രമാണെന്നും ആരാധകര്‍ അവകാശപ്പെടുന്നു.
എന്നാല്‍ റിലീസിന് മുമ്പ് ഉണ്ടായിരുന്ന ഹൈപ്പിനോട് നീതി പുലര്‍ത്താന്‍ എമ്പുരാന് സാധിച്ചിരുന്നില്ല. തിയേറ്ററിക്കല്‍ എക്‌സ്പീരിയന്‍സിനപ്പുറം മറ്റൊന്നും ചിത്രം സമ്മാനിച്ചില്ല. ലൂസിഫര്‍ പോലെ അപാര വേള്‍ഡ് ബില്‍ഡിങ്ങും ക്യാരക്ടര്‍ ഡെപ്തുമുള്ള സിനിമയുടെ സീക്വലിന് ഒട്ടും ബലമില്ലാത്ത തിരക്കഥയായിരുന്നു വില്ലനായത്.
പല കഥാപാത്രങ്ങളുടെയും ട്രാന്‍സ്‌ഫോര്‍മേഷനും ക്യാരക്ടര്‍ ആര്‍ക്കും പ്രേക്ഷകരിലേക്ക് കണക്ടാകാതെ പോയിരുന്നു. മേക്കിങ്ങില്‍ പലയിടത്തും വൗ ഫാക്ടറുണ്ടാക്കിയെങ്കിലും ലൂസിഫര്‍ പോലെ ഓര്‍ത്തിരിക്കാന്‍ വലിയ ഹൈ മൊമന്റുകളില്ലാത്തത് തിരിച്ചടിയായി. രണ്ടാം പകുതിയിലെ ജംഗിള്‍ ഫൈറ്റ് തിയേറ്ററുകളെ ഇളക്കി മറിച്ചത് മാറ്റനിര്‍ത്തിയാല്‍ ബാക്കി രംഗങ്ങളെല്ലാം ഫ്‌ളാറ്റായിരുന്നു. എന്നാല്‍ എമ്പുരാന്‍ വാര്‍ത്തയിലിടം പിടിച്ചത് മറ്റൊരു കാര്യത്തിലാണ്.
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പരാമര്‍ശം സംഘപരിവാര്‍ ഹാന്‍ഡിലുകളെ വല്ലാതെ ചൊടിപ്പിച്ചു. ഗുജറാത്തിലെ കലാപത്തില്‍ പങ്കുള്ളവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് ചിത്രത്തില്‍ കാണിച്ചത് സംഘപരിവാര്‍ അനുകൂലികള്‍ക്ക് ഇഷ്ടമായില്ല. സംവിധായകന്‍ പൃഥ്വിരാജിനെതിരെയും നായകനായ മോഹന്‍ലാലിനെതിരെയും വലിയ സൈബര്‍ അറ്റാക്കാണ് സംഘപരിവാര്‍ നടത്തിയത്.
ഒടുവില്‍ വിവാദമായ രംഗങ്ങള്‍ നീക്കം ചെയ്തും പ്രധാന വില്ലന്റെ ബജ്‌രംഗി എന്ന പേര് ബല്‍ദേവ് എന്നാക്കി മാറ്റിയും ചിത്രം റീ സെന്‍സര്‍ ചെയ്ത് വീണ്ടും പ്രദര്‍ശനത്തിനെത്തിക്കേണ്ടി വന്നു. ലൂസിഫറിന്റെ സീക്വല്‍ എന്ന രീതിയില്‍ തൃപ്തി തന്നില്ലെങ്കിലും സംഘപരിവാറിനെ വിമര്‍ശിച്ചാല്‍ എന്താകും ഗതിയെന്ന് സാധാരണക്കാര്‍ക്ക് മനസിലാക്കി തന്ന ധീരമായ പരീക്ഷണം തന്നെയാണ് എമ്പുരാന്‍.
Content Highlight: One year of Empuraan movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ