ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി 2029ല്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിനായി രാജ്യത്ത് ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്താനുള്ള നിയമ നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഈ ശ്രമം നടപ്പാക്കാന്‍ കേന്ദ്രത്തിന് സാധിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം വ്യക്തമാക്കി.
2029 ല്‍ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്ന് ചിദംബരം പറഞ്ഞു. ഒരേ സമയം തെരഞ്ഞെടുപ്പ് നടത്താനുള്ള നിയമനിര്‍മാണത്തിനെതിരെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും രാജ്യവ്യാപകമായി പ്രചാരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ലക്ഷ്യത്തിനായി നിയമ നിര്‍മാണം നടത്താനുള്ള കേന്ദ്ര നീക്കത്തെ പാര്‍ലമെനന്ററി ജനാധിപത്യത്തിനെതിരായ ഭരണഘടനാപരമായ ഭീകരതയെന്നും ചിദംബരം എക്‌സ് പോസ്റ്റില്‍ വിശേഷിപ്പിച്ചു.
ഭരണഘടന ഭേദഗതി ചെയ്തും സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ നേടിയും 2029ല്‍ ഒരേസമയം തെരഞ്ഞെടുപ്പുകള്‍ നടത്താനാകുമെന്ന് ബില്ലുകള്‍ പരിഗണിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാന്‍ പി.പി. ചൗധരി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ചൗധരിയുടെ അവകാശവാദങ്ങളെക്കുറിച്ചും ചിദംബരം എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
2029-ല്‍ ഒരേസമയം തെരഞ്ഞെടുപ്പുകള്‍ സാധ്യമാണെന്ന ജെ.പി.സി. ചെയര്‍മാന്റെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രസ്താവന ഞാന്‍ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് തെറ്റാണെന്ന് താന്‍ കരുതുന്നു. ബില്ല് പാസാക്കിയാലും അത് 2029 പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമുള്ള ഒരു തീയ്യതിയിലായിരിക്കും പ്രാബല്യത്തില്‍ വരിക.
അടുത്ത പൊതു തിരഞ്ഞെടുപ്പ് 2029 ല്‍ നടക്കും. അതിനാല്‍, 2029 ല്‍ ഒരേസമയം തിരഞ്ഞെടുപ്പുകള്‍ സാധ്യമല്ല. അത് ഒരു അനുഗ്രഹമാണെന്നും ചിദംബരം പറഞ്ഞു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ ജെ.പി.സി.ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ നന്ദിയുള്ളവനാണെന്നും ചിദംബരം പറഞ്ഞു.
ജെ.പി.സി.ക്ക് മുന്നില്‍ താന്‍ നല്‍കിയ തെളിവുകള്‍ വെളിപ്പെടുത്താന്‍ തനിക്ക് സ്വാതന്ത്ര്യമില്ല. പക്ഷേ തന്റെ വാദത്തിന്റെ അടിസ്ഥാനപരമായ ഊന്നല്‍ ബില്‍ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളെ ലംഘിക്കുന്നു എന്നതായിരുന്നു. പ്രത്യേകിച്ച് ഒരു ഫെഡറല്‍ രാജ്യത്ത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തത്വങ്ങളെ ബില്‍ ലംഘിക്കുന്നു എന്ന് താന്‍ ജെ.പി.സി.ക്ക് മുന്നില്‍ ചൂണ്ടിക്കാട്ടി എന്നും ചിദംബരം വ്യക്തമാക്കി.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതി 2029 ല്‍ തന്നെ നടപ്പിലാക്കാന്‍ ആണ് എന്‍.ഡി.എ നീക്കം നടത്തുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ ഭാഗമായി തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകള്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പേ പിരിച്ചുവിട്ട് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം പൊതുവോട്ടെടുപ്പ് നടത്താനാണ് എന്‍.ഡി.എ ശ്രമിക്കുന്നതെന്നാണ് വിവരം.
അടുത്ത രണ്ട് വര്‍ഷങ്ങളില്‍ എന്‍.ഡി.എ സംസ്ഥാനങ്ങളില്‍ ഭരണം നിലനിര്‍ത്തുകയാണെങ്കില്‍, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 174(2)(ബി) പ്രകാരം മന്ത്രിസഭയുടെ ശുപാര്‍ശയില്‍ ഗവര്‍ണര്‍മാര്‍ക്ക് 2029 ജനുവരിയോടെ നിയമസഭകള്‍ പിരിച്ചുവിടാന്‍ സാധിക്കും.
ഇത്തരത്തില്‍ സഭ പിരിച്ചുവിട്ടാല്‍ ആറ് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. നിലവില്‍ ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ വോട്ടെടുപ്പും നടക്കുന്നത്. എന്നാല്‍ പുതിയ നീക്കം നടപ്പിലായാല്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുടെ കാലാവധി മൂന്ന് മുതല്‍ നാല് വര്‍ഷം വരെ വെട്ടിച്ചുരുക്കേണ്ടി വരും.
അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ എന്‍.ഡി.എയുടെ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നത് ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. 2029-ല്‍ ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തുമെന്ന പ്രചാരണം സാങ്കല്‍പ്പികം മാത്രമാണെന്നും പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ നിലപാടില്‍ മാറ്റമില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കിയിരുന്നു.
Content Highlight: ‘One nation, one election’ not possible in 2029: Chidambaram warns of nationwide Opposition campaign