| Wednesday, 20th May 2026, 12:17 pm

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: 7 ലക്ഷം കോടി രൂപ ലാഭിക്കാമെന്ന് ജോയിന്റ് പാർലമെന്ററി കമ്മറ്റി ചെയർമാൻ

മുഹമ്മദ് നബീല്‍

ഗാന്ധിനഗർ: പാർലമെന്റിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തിയാൽ 7 ലക്ഷം കോടി രൂപ ലാഭിക്കാൻ കഴിയുമെന്നും ജി.ഡി.പി 1.6 ശതമാനം വർധിപ്പിക്കാൻ സാധിക്കുമെന്നും ജോയിന്റ് പാർലമെന്ററി കമ്മിറ്റി ചെയർമാനും ബി.ജെ.പി നേതാവുമായ പി.പി. ചൗധരി.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന കേന്ദ്ര സർക്കാർ പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിനായി നിയമിച്ച കമ്മറ്റിയുടെ തലവനായ അദ്ദേഹം മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനിടെ ഗാന്ധിനഗറിൽ സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

129-ാം ഭരണഘടനാ ഭേദഗതി പരിശോധിക്കുന്നതിനായി ചീഫ് സെക്രട്ടറി എം.കെ ദാസ്, ബി.ജെ.പി പ്രതിനിധികൾ, വിവിധ വകുപ്പ് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്ത യോഗത്തിന് ശേഷമാണ് ജോയിന്റ് പാർലമെന്ററി കമ്മിറ്റി ചെയർമാന്റെ പ്രതികരണം.

ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, മുമ്പ് പരിശോധിക്കപ്പെടാതെ പോയ ചില വശങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാർ വിശദമായ നിർദ്ദേശങ്ങളും വിവരങ്ങളും നൽകിയിട്ടുണ്ടെന്ന് ചൗധരി പറഞ്ഞു.

ഗുജറാത്ത് ഉദ്യോഗസ്ഥരോട് ഒരു സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കും ഈ മാതൃക പിന്തുടരാമെന്നും അദ്ദേഹം പറഞ്ഞു.

ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് വ്യവസായം, തൊഴിലവസരങ്ങൾ, ജി.എസ്.ടി പിരിവ്, ടൂറിസം, വിദ്യാഭ്യാസം, പൊതു സമ്പദ്‌വ്യവസ്ഥ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ഉണ്ടാക്കാൻ സാധ്യതയുള്ള സ്വാധീനത്തെക്കുറിച്ച് ഈ റിപ്പോർട്ടിൽ വിലയിരുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

‘ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് ജി.ഡി.പി 1.6 ശതമാനം വർധിക്കാൻ ഇടയാക്കുമെന്ന് സാമ്പത്തിക വിദഗ്ധരും വ്യക്തമാക്കുന്നുണ്ട്. ഇത് യാഥാർത്ഥ്യമായാൽ രാജ്യത്തിന് 7 ലക്ഷം കോടി രൂപ ലാഭിക്കാൻ കഴിയും. ആ തുക അടിസ്ഥാന സൗകര്യ വികസനം,ക്ഷേമ പ്രവർത്തനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയ്ക്കായി വിനിയോഗിക്കാൻ സാധിക്കും,’ അദ്ദേഹം പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് സംവിധാനം രാജ്യത്തിന്റെ ഫെഡറൽ ഘടനയെയോ അടിസ്ഥാന തത്വങ്ങളെയോ മൗലികാവകാശങ്ങളെയോ യാതൊരുവിധത്തിലും ലംഘിക്കില്ലെന്ന് ഇന്ത്യയിലെ ആറ് മുൻ ചീഫ് ജസ്റ്റിസുമാർ സമിതിയോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: One Nation, One Election: JPC Chairman says Rs 7 lakh crore can be saved

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more