| Sunday, 17th May 2026, 6:56 am

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമം; ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നത്: ഡി.കെ ശിവകുമാര്‍

നിഷാന. വി.വി

ബെംഗളൂരൂ: കേന്ദ്ര സര്‍ക്കാരിന്റെ ഒരു രാജ്യം ഒരും തെരഞ്ഞെടുപ്പ് പദ്ധതിയെ ശക്തമായി എതിര്‍ത്ത് കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍.

ഇന്ത്യയുടെ ഫെഡറല്‍ ഘടനയേയും ജനാധിപത്യ സംവിധാനത്തേയും തകര്‍ക്കുന്ന രാഷ്ട്രീയ പ്രേരിത നീക്കമാണിതെന്ന് ശിവകുമാര്‍ പറഞ്ഞു. ബെംഗളൂരുവിലെ സംയുക്ത പാര്‍ലമെന്ററി സമിതി സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തില്‍ അധികാരത്തിലുള്ളവരുടെ രാഷ്ട്രീയ സൗകര്യത്തിന് രൂപകല്‍പന ചെയ്തിരിക്കുന്നതാണ് ഈ നിര്‍ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശമടക്കമുള്ള അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.

‘കെ.പി.സി.സി പ്രസിഡന്റും കര്‍ണാടക ഉപമുഖ്യമന്ത്രിയും എന്ന നിലയില്‍ ഞാന്‍ ഈ നിര്‍ദേശത്തെ പൂര്‍ണമായും നിരസിക്കുന്നു. രാജ്യത്തിന്റെ ഫെഡറല്‍ ചട്ടക്കൂടിനും ജനാധിപത്യ മൂല്യങ്ങള്‍ക്കും ഇത് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നു,’ അദ്ദേഹം പറഞ്ഞു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നിര്‍ദേശത്തെ എതിര്‍ത്ത് കണാടക നിയമസഭ ഇതിനകം തന്നെ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളം ഒരേ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ പ്രായോഗികതെയും അദ്ദേഹം ചോദ്യം ചെയ്തു.

രാഷ്ട്രീയ അസ്ഥിരത, അവിശ്വാസ പ്രമേയങ്ങള്‍, ഭൂരിപക്ഷമില്ലായ്മ എന്നിവ കാരണം സര്‍ക്കാരുകള്‍ പാതിവഴിയില്‍ തകര്‍ന്നാല്‍ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുമെന്നും ഡി.കെ ശിവകുമാര്‍ ചോദിച്ചു. വ്യത്യസ്ത സംസ്ഥാനങ്ങളിലെ നിയമ നിര്‍മാണ കാലവധി അനുസരിച്ച് വ്യത്യസ്ത ഇടവേളകളിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ കര്‍ണാടകയില്‍ മൂന്ന് വര്‍ഷം മുമ്പ് തെരഞ്ഞെടുപ്പ് നടന്നിരുന്നു. അതേസമയം കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ അടുത്തിടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്, പഞ്ചാബും തെലങ്കാനും വ്യത്യസ്ത ഷെഡ്യൂളുകള്‍ തുടര്‍ന്നു,’ ഡി.കെ ശിവകുമാര്‍ പറഞ്ഞു.

പ്രാദേശിക പാര്‍ട്ടികളെയും പ്രതിപക്ഷ ശബ്ദങ്ങളെയും അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ഈ തെരഞ്ഞെടുപ്പെന്നും പ്രായോഗികമായി അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക സര്‍ക്കാര്‍ ഈ നിര്‍ദേശത്തെ പിന്തുണയ്ക്കില്ലെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Content Highlight: One Nation, One Election: Attempt to suppress opposition voices; Destroying the federal system: D.K. Shivakumar

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more