ജയ്പൂര്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് വീണ്ടും മലയാളി പാസ്റ്റര്‍ക്കെതിരെ കേസ്. ഇടുക്കി കട്ടപ്പന സ്വദേശിയായ പാസ്റ്റര്‍ തോമസ് ജോര്‍ജിനെതിരെയാണ് രാജസ്ഥാന്‍ പൊലീസ് കേസെടുത്തത്.
മതസ്പര്‍ധ വളര്‍ത്തുക, മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷ പ്രചരണം നടത്തുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കഴിഞ്ഞ 21 വര്‍ഷമായി രാജസ്ഥാനിലെ ദൗസയില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു പാസ്റ്റര്‍ തോമസ് ജോര്‍ജ്.
തങ്ങള്‍ പ്രാര്‍ത്ഥന നടത്തുന്ന പള്ളിയിലേക്ക് ആര്‍.എസ്.എസ്-ബി.ജെ.പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നെന്നും ചര്‍ച്ച് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ജെ.സി.ബികളുമൊക്കെയായിട്ടാണ് എത്തിയിരുന്നതെന്ന് പാസ്റ്റര്‍ തോമസ് പറഞ്ഞു.
താന്‍ ഇന്നേ വരെ ആരേയും മതംമാറ്റിയിട്ടില്ലെന്നും എന്നാല്‍ തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ പ്രാര്‍ത്ഥന നടത്തുന്ന സ്ഥലത്തേക്ക് ആര്‍.എസ്.എസ്, ബി.ജെ.പി, ബജ്രംഗ്ദള്‍, ഹനുമാന്‍ സേന എന്നിവര്‍ ബഹളമുണ്ടാക്കി എത്തുകയായിരുന്നു. ചര്‍ച്ച് പൊളിക്കണമെന്ന് പറഞ്ഞാണ് അവര്‍ വന്നത്.
അന്ന് പൊലീസ് ഇടപെട്ട് അവരെ ശാന്തമാക്കി. പിന്നീട് കഴിഞ്ഞ മാസം ആറാം തിയതി ഏകദേശം അഞ്ഞൂറോളം ആള്‍ക്കാര്‍ ജെ.സി.ബിയൊക്കെയായി ചര്‍ച്ച് ഇടിച്ച് പൊളിക്കാന്‍ വന്നു.
വലിയ ബഹളമായിരുന്നു. അതിന്റെയൊക്കെ വീഡിയോ ഞങ്ങളുടെ കയ്യിലുണ്ട്. അവര്‍ പറയുന്നത് ഞാന്‍ മതപരിവര്‍ത്തനം ചെയ്തു എന്നാണ്. പക്ഷേ ഞാന്‍ ഇന്നുവരെ ആരേയും മതംമാറ്റിയിട്ടില്ല.
ഞങ്ങള്‍ അവിടെ പ്രാര്‍ത്ഥിക്കുന്നു. ആളുകള്‍ അവിടെ പ്രാര്‍ത്ഥനയ്ക്കായി വരുന്നുണ്ട്. അല്ലാതെ വേറെ ഒന്നും ഇല്ല. ഇത് കഴിഞ്ഞ് സമാധാനമായി എന്ന് വിചാരിച്ചു. അന്ന് പൊലീസ് സംരക്ഷണമൊക്കെ തന്നിരുന്നു.
പക്ഷേ 15ാം തിയതി എന്റെ പേരില്‍ എഫ്.ഐ.ആര്‍ ഇട്ടു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എഫ്.ഐ.ആര്‍ ഇട്ടത്. ഞാന്‍ അന്വേഷിച്ചപ്പോള്‍ മനസിലായത് വളരെ ഗുരുതരമായ ആരോപണങ്ങള്‍ എന്റെ പേരില്‍ ചുമത്തിയിട്ടുണ്ടെന്നാണ്.
27ാം തിയതി ഹിയറിങ് വെച്ചിരുന്നു. അത് 1 ാം തിയതിലേക്ക് മാറ്റി. പിന്നെ അത് 4ാം തിയതിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഞാന്‍ വളരെ പ്രയാസത്തിലാണ്,’ ന്യൂസ് മലയാളം 24 നോട് സംസാരിക്കവേ പാസ്റ്റര്‍ പറഞ്ഞു.
Content Highlight: One More case against malayali Paster in Rajasthan on forcible religious conversion