ചെന്നൈ: മുഖ്യമന്ത്രി വിജയ്ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി തമിഴ്നാട് അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്. മധുര തിരുപ്പറങ്കുണ്ഡ്രം കുന്നിലെ കാര്‍ത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ബി.ജെ.പി നേതാവിന്റെ വര്‍ഗീയ പരാമര്‍ശം. വിളക്ക് തെളിയിക്കണമെന്ന് കോടതി വിധിയുണ്ടായിട്ടും മുഖ്യമന്ത്രി അതിന് തയ്യാറാവുന്നില്ലെങ്കില്‍ അത് അദ്ദേഹം ക്രിസ്ത്യാനിയായത് കൊണ്ടാണെന്ന് കരുതേണ്ടി വരുമെന്നായിരുന്നു നാഗേന്ദ്രന്റെ പരാമര്‍ശം.
തിരുപ്പറങ്കുണ്ഡ്രം കുന്നിന് മുകളിലുള്ള പുരാതന കല്ത്തൂണായ ‘ദീപത്തൂണില്‍’ കാര്‍ത്തിക ദീപം തെളിയിക്കാന്‍ അനുവദിക്കണമെന്ന ഭക്തരുടെ ആവശ്യമാണ് തര്‍ക്കത്തിന് ആധാരം. നവംബര്‍ 24-ന് നിശ്ചിത സംഘത്തിന് ദീപത്തൂണില്‍ ദീപം തെളിയിക്കാന്‍ നവംബര്‍ 20-ന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.
എന്നാല്‍, ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹരജി നല്‍കിയതോടെയാണ് രാഷ്ട്രീയ പോര് മുറുകിയത്.
ദീപം തെളിയിക്കുന്നതില്‍ മുഖ്യമന്ത്രി വിജയ് എന്തിനാണ് ഇത്രയധികം അസ്വസ്ഥനാകുന്നതെന്ന് നാഗേന്ദ്രന് ചോദിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ടി.വി.കെ സര്‍ക്കാര്‍ ഹിന്ദു വിരുദ്ധ അജണ്ട നടപ്പിലാക്കുകയാണെന്നും ഭക്തരുടെ അവകാശങ്ങളെ എതിര്‍ക്കാന്‍ നികുതിപ്പണം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കോടതി ഉത്തരവുണ്ടായിട്ടും ദീപം തെളിയിക്കുന്നത് തടഞ്ഞാല്‍, എല്ലാവരുടെയും മുഖ്യമന്ത്രി എന്നതിലുപരി കോടതി വിധി ലംഘിക്കുന്ന ‘ഒരു ക്രിസ്ത്യാനി’ എന്ന നിലയിലായിരിക്കും വിജയ് വിലയിരുത്തപ്പെടുകയെന്ന് നാഗേന്ദ്രന് വിവാദ പരാമര്‍ശം നടത്തി.
സുപ്രീം കോടതി നിര്‍ദേപ്രകാരം ദീപം തെളിയിച്ചില്ലെങ്കില്‍ അത് ടി.വി.കെ സര്‍ക്കാരിന് ഒരു ‘കറുത്ത ദിനമായിരിക്കും’ എന്നും ജനങ്ങള്‍ സര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്നും തിരുനെല്‍വേലിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കോടതി ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ തിരുപ്പറങ്കുണ്ട്രത്തേക്ക് പുറപ്പെടാനിരുന്ന നൈനാര്‍ നാഗേന്ദ്രനെ ചൊവ്വാഴ്ച രാവിലെ തിരുനെല്‍വേലിയിലെ വസതിയില്‍ പൊലീസ് വീട്ടുതടങ്കലിലാക്കി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി തിരുപ്പറങ്കുണ്ട്രം കുന്നിന് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും 5,600-ലധികം പൊലീസുകാരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: One might have to conclude that Vijay did not light the lamp because he is a Christian: BJP President makes controversial remark