ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍.
തെരഞ്ഞെടുപ്പ് കമ്മിഷനിലെ മറ്റ് രണ്ട് കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ കമ്മിഷന്റെ തീരുമാനങ്ങളിലും ഉത്തരവുകളിലും 14 തവണ എതിര്‍പ്പ് രേഖപ്പെടുത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്.
ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും വിവിധ പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ (എസ്.ഐ.ആര്‍) നടപടികളുമായി ബന്ധപ്പെട്ടാണ് പ്രധാനമായും കമ്മിഷണര്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
പുതിയ വോട്ടര്‍മാരെ ചേര്‍ക്കല്‍, വോട്ടര്‍പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്യല്‍, നീക്കം ചെയ്ത പേരുകള്‍ പുനസ്ഥാപിക്കല്‍, ഫോം 6-ലെ മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരും എതിര്‍പ്പ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
ഒരേ ദിവസം തന്നെ നാല് എതിര്‍പ്പുകള്‍ രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനു പിന്നാലെ ഗ്യാനേഷ് കുമാറിനെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
കമ്മിഷനിലെ തീരുമാനങ്ങള്‍ എങ്ങനെയാണ് എടുത്തതെന്നും ആരുടെ അനുമതിയോടെയാണ് വിവാദ തീരുമാനങ്ങള്‍ നടപ്പാക്കിയതെന്നും ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് എം.പി മുഹമ്മദ് ജാവേദ് ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വിഷയത്തില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ പരിഗണിക്കേണ്ട സാഹചര്യമുണ്ടാകാമെന്ന് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരിയും പ്രതികരിച്ചു.
സി.പി.ഐ.എം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോള്‍ ‘ഒറ്റയാളുടെ ഏകാധിപത്യം’ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞിരുന്നു.
രണ്ട് കമ്മിഷണര്‍മാര്‍ തന്നെ 14 തവണ എതിര്‍പ്പ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ പാര്‍ലമെന്റ് ഗ്യാനേഷ് കുമാറിനെ നീക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്.ഐ.ആര്‍ നടപടികള്‍ റദ്ദാക്കണമെന്നും ബ്രിട്ടാസ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
ടി.എം.സി നേതാവ് ഡെറക് ഒബ്രയനും ഗ്യാനേഷ് കുമാറിനെ നീക്കാനുള്ള നേരത്തെയുള്ള രാജ്യസഭാ പ്രമേയം വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
2026 ഏപ്രിലില്‍ 60-ലധികം രാജ്യസഭാ എം.പിമാര്‍ ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: ‘One-man dictatorship’; Opposition demands removal of Gyanesh Kumar from Election Commission.