| Saturday, 8th March 2025, 9:56 pm

മണിപ്പൂരില്‍ സംഘര്‍ഷത്തിനിടെ ഒരു മരണം; സ്ത്രീകളടക്കം 25 പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റോഡ് തടയുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ സേനയും കുക്കി വിഭാഗക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് മരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മണിപ്പൂരിലെ കാങ്‌പോകി ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും 25 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. 30കാരനായ ലാല്‍ഗൗതാങ് സിങ്‌സിതാണ് മരിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്.

കാങ്‌പോകി ജില്ലയിലെ ഗാംഗിഫായ്, മോട്‌ബോയ്, കെയ്തല്‍മാന്‍ബി എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ അടുത്തുള്ള പൊതുജനാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുക്കി വിഭാഗത്തിന് സ്വാധീനമുള്ള ജില്ലയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സ്വതന്ത്രമായി സഞ്ചരിക്കാമെന്ന നിര്‍ദേശത്തെ ഇവര്‍ നേരത്തെ എതിര്‍ത്തിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.

പ്രതിഷേധക്കാര്‍ ഇംഫാലില്‍ നിന്ന് സേനാപതി ജില്ലയിലേക്ക് പോകുന്ന സ്‌റ്റേറ്റ് ബസ് തടയുകയും സ്വകാര്യ വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തതോടെ സ്ഥിതി വഷളായിരുന്നു. പിന്നീടാണ് സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായത്.

മണിപ്പൂര്‍ ദേശീയ പാതകളില്‍ സ്വതന്ത്ര സഞ്ചാരം ആരംഭിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ അനുമതിക്ക് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പുറപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാര്‍ച്ച് എട്ട് മുതല്‍ ഇംഫാലിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളില്‍ ഗതാഗതം അനിയന്ത്രിതമാക്കണമെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെനടന്ന സമാധാന മാര്‍ച്ചിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.

അമിത് ഷായുടെ ഉത്തരവിന് പിന്നാലെ നിലവില്‍ രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരില്‍ ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. ഇംഫാല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സംഘര്‍ഷബാധിത മേഖലകളിലേക്കടക്കം ബസ് സര്‍വീസുകളടക്കം പുനസ്ഥാപിക്കുകയും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്തതായാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്.

Content Highlight: One dead, 25 injured in Manipur clashes

We use cookies to give you the best possible experience. Learn more