ഓണം ഇങ്ങെത്തിപ്പോയി. ആരവങ്ങള്‍ക്കും ആഘോഷത്തിനും ഒപ്പം തിയേറ്ററിലും ആളുകള്‍ തിങ്ങിക്കൂടുന്ന സമയമാണ് ഇനി വരാന്‍ പോകുന്നത്. ഓഗസ്റ്റ് അവസാനം മുതല്‍ പുതുചിത്രങ്ങള്‍ തിയേറ്ററില്‍ എത്തിത്തുടങ്ങും.
മോഹന്‍ലാല്‍ – സത്യന്‍ അന്തിക്കാട് ചിത്രമടക്കം ആറ് സിനിമകളാണ് ഇപ്രാവശ്യം തിയേറ്ററില്‍ എത്താന്‍ പോകുന്നത്. ഇതില്‍ ഏതൊക്കെ വിജയിക്കുമെന്നും പരാജയപ്പെടുമെന്നും കണ്ടറിയണം.
2024ല്‍ എ.ആര്‍.എമ്മും കിഷ്‌കിന്ധാ കാണ്ഡവും 2023ല്‍ ആര്‍.ഡി.എക്സും ഓണക്കാലത്ത് എത്തി വിജയം കൊയ്ത സിനിമയാണ്. എന്നാല്‍ വമ്പന്‍ പ്രതീക്ഷകളോടെയും പ്രമോഷനോടെയും എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കൊത്തയും നിവിന്‍ പോളി ചിത്രം ബോസ് ആന്റ് കോയും തിയേറ്ററില്‍ വമ്പന്‍ പരാജയം നേരിട്ടു.
ഇപ്രാവശ്യം തിയേറ്ററില്‍ എത്തുന്നത് കൊലക്കൊമ്പന്‍മാരുടെ ചിത്രങ്ങളാണ്. വലിയ താരങ്ങളും നിര്‍മാണക്കമ്പനികളും ഉള്‍പ്പെടുന്നു അതില്‍.
മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങുന്ന ഹൃദയപൂര്‍വ്വം, കല്യാണി പ്രിയദര്‍ശന്‍ – നസ്‌ലെന്‍ ചിത്രം ലോകഃ ചാപ്റ്റര്‍ വണ്‍, ഫഹദ് ഫാസില്‍ ചിത്രം ഓടും കുതിര ചാടും കുതിര, ഷെയ്ന്‍ നിഗം ചിത്രം ബള്‍ട്ടി എന്നീ ചിത്രങ്ങള്‍ക്കൊപ്പം പുതുമുഖ താരങ്ങള്‍ അണിനിരന്ന മെനേ പ്യാര്‍ കിയ, ശിവകാര്‍ത്തികേയന്റെ തമിഴ് ചിത്രം മദ്രാസി എന്നിവയാണ് തിയേറ്ററില്‍ എത്താന്‍ പോകുന്ന ചിത്രം.
മോഹന്‍ലാല്‍ – സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വമാണ് ഓണക്കാലത്ത് പുറത്തിറങ്ങുന്ന ചിത്രങ്ങളില്‍ ഹൈലൈറ്റ്. പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണിത്. മലയാളത്തിന് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ഇവരുടേത്. ഈ കൂട്ടുകെട്ടിലെ ഇരുപതാമത്തെ ചിത്രമാണിത്.
മാളവിക മോഹനന്‍ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ സംഗീത, സംഗീത് പ്രതാപ്, ലാലു അലക്സ് എന്നിവരും ഒന്നിക്കുന്നുണ്ട്. തുടരുമിന് ശേഷം സംഗീത് പ്രതാപിനൊപ്പം മോഹന്‍ലാല്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്.
‘ഹൃദയപൂര്‍വ്വം നല്ല സിനിമയാണ്. ഒരു ഫീല്‍ ഗുഡ് ഫിലിം ആയിരിക്കും. പക്ഷേ സത്യേട്ടന്റെ സാധാരണ സിനിമകളില്‍ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം,’ എന്ന് മോഹന്‍ലാല്‍ മുമ്പ് പറഞ്ഞിരുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ സത്യന്റേതാണ് കഥ. തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സോനു ടി.പിയാണ്.
ഹഹദ് നായക വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ആവേശത്തിന് ശേഷം ഹഹദ് നായകനായി എത്തുന്ന മലയാള ചിത്രമാണ് ഓടും കുതിര ചാടും കുതിര
മലയാളത്തില്‍ പ്രധാനകഥാപാത്രത്തിലെത്തുന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, രേവതി എന്നിവരാണ് നായികമാരായി എത്തുന്നത്.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഫാമിലി കോമഡി ഴോണറില്‍ എത്തുന്ന ചിത്രത്തില്‍ സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട് എന്നിവരും വേഷമിടുന്നു.
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഒരു പ്രോപ്പര്‍ റൊമാന്റിക് കോമഡി സിനിമയാണ് ഇതെന്നും ഒരുപാട് ചിരിക്കാനുള്ള ഒരു സിനിമയാകും ഓടും കുതിര ചാടും കുതിരയെന്നും ആഷിക് ഉസ്മാന്‍ പറഞ്ഞിരുന്നു.
മലയാളത്തിലെ ആദ്യത്തെ വുമണ്‍ സൂപ്പര്‍ ഹീറോ ചിത്രം എന്ന പ്രത്യേകയോടെ എത്തുന്ന ചിത്രമാണ് ലോകഃ ചാച്റ്റര്‍ വണ്‍: ചന്ദ്ര. ഹോളിവുഡ് ലെവലിലുള്ള വിഷ്വലും ആക്ഷന്‍ കോറിയോഗ്രാഫിയും കല്യാണിയുടെയും നസ്‌ലെന്‍ ലുക്കും പ്രേക്ഷകര്‍ക്ക് ഒരുപാട് പ്രതീക്ഷ നല്‍കുന്നു. ഡൊമിനിക് അരുണ്‍ രചനയും സംവിധാനവും ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്.
ലോകഃ എന്ന പേരില്‍ നാല് ഭാഗങ്ങളിലൊരുങ്ങുന്ന സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണിത്. ചിത്രത്തിലെ ആദ്യ സൂപ്പര്‍ഹീറോ കഥാപാത്രമായ ചന്ദ്രയായി എത്തുന്നത് കല്യാണി പ്രിയദര്‍ശന്‍ ആണ്.
‘ഒറ്റ സിനിമയില്‍ ഒതുക്കി ലോകഃയുടെ മുഴുവന്‍ കഥയും നമുക്ക് പറയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ചിത്രത്തിന് ഒന്നിലധികം ചാപ്റ്ററുകളുണ്ട്. ആദ്യത്തെ ചാപ്റ്ററില്‍ കല്യാണിയുടെ കഥാപാത്രത്തെയാണ് ഫീച്ചര്‍ ചെയ്യുന്നത്. ബാക്കിയുള്ള ചാപ്റ്ററുകളെല്ലാം ഡെവലപ്പിംഗ് സ്റ്റേജില്‍ ആണ്’ എന്ന് സംവിധായകന്‍ ഡൊമിനിക് അരുണ്‍ പറഞ്ഞിരുന്നു.
ചിത്രത്തില്‍ ദുല്‍ഖറും അഭിനയിക്കുന്നുണ്ട് എന്നാണ് സൂചന. ചിത്രം 28ന് തിയേറ്ററില്‍ എത്തും.
ഷെയ്ന്‍ നിഗത്തിന്റെ 25ാം ചിത്രം എന്ന ടാഗ്‌ലൈന്‍ എത്തുന്ന ചിത്രമാണ് ബള്‍ട്ടി. നവാഗതനനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന ചിത്രം സ്‌പോര്‍ട്ട് ആക്ഷന്‍ ഴോണറിലാണ് ഒരുങ്ങുന്നത്. ചിത്രത്തില്‍ അല്‍ഫോണ്‍സ് പുത്രനും പ്രധാനകഥാപാത്രത്തില്‍ എത്തുന്നുണ്ട്.
സായ് അഭ്യങ്കറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കച്ചി സേര, ആസ കൂട എന്ന പാട്ടുകളിലൂടെ സോഷ്യല്‍ മീഡിയ താരമാണ് സായ്.
സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മിച്ച് നവാഗതനായ ഫൈസല്‍ ഫസിലുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേനേ പ്യാര്‍ കിയ. സഞ്ജു ഉണ്ണിത്താന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അഷ്‌കര്‍ അലി, മിദൂട്ടി, അര്‍ജ്യോ എന്നിവരാണ് പ്രധാന താരങ്ങളായി എത്തുന്നത്.
എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്ത് ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ചിത്രമാണ് മദ്രാസി. ചിത്രത്തില്‍ ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.
അപ്പോള്‍ എങ്ങനെയാ ഓണം കളറാക്കുവല്ലേ….
Content Highlight: Onam Release Movies