| Tuesday, 13th January 2026, 5:51 pm

10 മിനുട്ടില്‍ ഡെലിവറി ഇനിയില്ല; തീരുമാനം ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയെന്ന് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മിനിറ്റുകള്‍ക്കുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്ന ആകര്‍ഷകമായ വാഗ്ദാനവുമായി വിപണിയില്‍ തരംഗം തീര്‍ത്ത സെപ്‌റ്റോ, ഇന്‍സ്റ്റമാര്‍ട്ട്, ബ്ലിങ്കിറ്റ് തുടങ്ങിയ ക്വിക്ക് കൊമേഴ്സ് കമ്പനികള്‍ 10 മിനിറ്റ് ഡെലിവറി സേവനം അവസാനിപ്പിക്കുന്നു. ഡെലിവറി നടത്തുന്ന തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണ് ഈ മാറ്റം.

പത്ത് മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ ഡെലിവറി ചെയ്യുന്ന രീതി തൊഴിലാളികളെ കടുത്ത സമ്മര്‍ദ്ദത്തിലേക്കാണ് നയിക്കുന്നെന്നാണ് കേന്ദ്രത്തിന്റെ നിരീക്ഷണം.

അപകടകരമായ രീതിയില്‍ വാഹനമോടിക്കാന്‍ തൊഴിലാളികളെ പ്രേരിപ്പിക്കുന്നത് ഇത്തരത്തിലുള്ള ഡെലിവറി രീതിയാണ്. നിശ്ചിത സമയത്തിനുള്ളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് ട്രാഫിക് നിയമങ്ങളുടെ ലംഘനത്തിനും അമിതവേഗതയ്ക്കും കാരണമാകുന്നു. ഇത് തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാക്കുന്നെന്നുമാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

ശമ്പള വര്‍ദ്ധനവിനും സുരക്ഷിതമായ ജോലി സാഹചര്യത്തിനുമായി രാജ്യവ്യാപകമായി ഗിഗ് തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്നാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ നടപടി.

പാര്‍ലമെന്റിലും ഡെലിവെറി തൊഴിലാളികളുടെ സമരം ചര്‍ച്ചയായിരുന്നു. ലാഭത്തേക്കാള്‍ തൊഴിലാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ കമ്പനികള്‍ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശിച്ചു.

പത്ത് മിനിറ്റ് ഡെലിവറി എന്ന വാചകം കമ്പനികള്‍ ആപ്പുകളില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ബ്ലിങ്കിറ്റ് തങ്ങളുടെ ടാഗ്ലൈന്‍ ’10 മിനിറ്റ് ഡെലിവറി’ എന്നതില്‍ നിന്ന് മാറ്റി ‘30,000-ത്തിലധികം ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ വീട്ടിലെത്തിക്കുന്നു’ എന്നാക്കി മാറ്റി.

Content Highlight: On Union Labour Ministry’s intervention, quick commerce platforms to stop 10-minute delivery practice

We use cookies to give you the best possible experience. Learn more