| Sunday, 18th January 2026, 5:35 pm

OTD: 'ഹാട്രിക്ക് സെഞ്ച്വറി' ഇന്നിങ്‌സില്‍ പിറന്ന അതിവേഗ ടോണ്‍; ഇന്നും അജയ്യമായി നില്‍ക്കുന്ന എ.ബി.ഡി മാജിക്

ഫസീഹ പി.സി.

11 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇതേ ദിവസമാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി പിറവികൊണ്ടത്. സൗത്ത് ആഫ്രിക്കയിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയമാണ് ഈ ചരിത്ര നിമിഷത്തിന് വേദിയായത്. ഇന്നും തകര്‍ക്കപ്പെടാത്ത ഈ റെക്കോര്‍ഡ് സെഞ്ച്വറിക്ക് ഉടമയാരെന്ന് അറിയുമോ?

മറ്റാരുമല്ല ആരാധകര്‍ ഏറെ സ്‌നേഹത്തോടെ മിസ്റ്റര്‍ 360 എന്ന് വിളിക്കുന്ന എ.ബി. ഡി വില്ലേഴ്സാണ്. 2015ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ പ്രോട്ടിയാസിന്റെ പരമ്പരയിലാണ് ഏകദിനത്തിലെ വേഗമേറിയ സെഞ്ച്വറി താരം തന്റെ പേരില്‍ എഴുതി ചേര്‍ത്തത്. അന്ന് ആ സൂപ്പര്‍ നേട്ടം പ്രോട്ടിയാസ് ഇതിഹാസം തന്റെ അക്കൗണ്ടിലെത്തിച്ചതിന് ശേഷം മറ്റാര്‍ക്കും ഇതുവരെ അതില്‍ തൊടാനായിട്ടില്ല.

പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ മൂന്നാമനായി എത്തിയായിരുന്നു എ.ബി.ഡിയുടെ സെഞ്ച്വറി നേട്ടം. ആ മത്സരത്തില്‍ പ്രോട്ടിയാസ് ഓപ്പണര്‍ റിലേ റൂസോ പുറത്തായതോടെയാണ് താരം ക്രീസിലെത്തിയത്. 39ാം ഓവറില്‍ ഡിവില്ലേഴ്സ് ക്രീസിലെത്തുമ്പോള്‍ ടീമിന്റെ രണ്ട് ഓപ്പണര്‍മാരും നൂറ് റണ്‍സ് കടന്നിരുന്നു.

റിലേ റൂസോ. Photo: espncricinfo.com

ആദ്യ വിക്കറ്റായി 247 റണ്‍സില്‍ മടങ്ങുമ്പോള്‍ റൂസോയുടെ സമ്പാദ്യം 115 പന്തില്‍ 128 റണ്‍സായിരുന്നു. മറുവശത്തുണ്ടായിരുന്ന ഹാഷിം അംലയാകട്ടെ 114 റണ്‍സ് എടുത്തായിരുന്നു ക്രീസില്‍ നിന്നത്.

അത്തരമൊരു സാഹചര്യത്തില്‍ ക്രീസിലെത്തിയ എ.ബിഡി ഒട്ടും അമാന്തിച്ചില്ല. താരവും അംലയ്‌ക്കൊപ്പം ചേര്‍ന്ന് വിന്‍ഡീസിനെ അടിച്ചൊതുക്കി. ഇതിനിടിയില്‍ താരം ആദ്യം 16 പന്തില്‍ വേഗമേറിയ അര്‍ധ സെഞ്ച്വറി കുറിച്ചു. പിന്നീട് 15 പന്ത് കൂടി നേരിട്ട് തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കി.

വെറും 31 പന്തിലാണ് 100 എന്ന മാന്ത്രിക സഖ്യ ഡിവില്ലിയേഴ്‌സ് തൊട്ടത്. ഒപ്പം 50 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറി എന്ന പട്ടം തന്റെ സി.വിയില്‍ ചേര്‍ക്കുകയും ചെയ്തു. സെഞ്ച്വറി നേടിയിട്ടും അവസാനിപ്പിക്കാതെ തന്റെ താണ്ഡവം താരം അവസാന ഓവര്‍ വരെ തുടര്‍ന്നു. ആ ഓവറിലെ നാലാം പന്തില്‍ മടങ്ങുമ്പോള്‍ 44 പന്തില്‍ 149 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

എ.ബി. ഡി വില്ലേയേഴ്‌സ്. Photo: espncricinfo.com

ഡിവില്ലിയേഴ്സിന്റെ ഈ ഇന്നിങ്‌സില്‍ പിറന്നത് എണ്ണം പറഞ്ഞ 16 സിക്‌സുകളായിരുന്നു. ഒപ്പം ഒമ്പത് ഫോറുകളും ക്യാപ്റ്റന്റെ ബാറ്റില്‍ നിന്ന് ബൗണ്ടറിലെത്തി. താരത്തിന്റെ സ്‌ട്രൈക്ക് റേറ്റാക്കട്ടെ 338. 64 എന്നതായിരുന്നു.

ക്യാപ്റ്റന്‍ എ.ബി.ഡി മടങ്ങുമ്പോള്‍ പ്രോട്ടിയാസിന്റെ സ്‌കോര്‍ 439 റണ്‍സായിരുന്നു. അതേസ്‌കോറില്‍ തന്നെ അവരുടെ ഇന്നിങ്സ് അവസാനിച്ചു. അംല 142 പന്തിൽ പുറത്താവാതെ 153 റൺസുമായാണ് ഇന്നിങ്‌സ് വിരാമം കുറിച്ചത്.

ഹാഷിം അംല. Photo: espncricinfo.com

മറുപടി ബാറ്റിങ്ങില്‍ ഈ സ്‌കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസ് ഏഴ് വിക്കറ്റിന് 291 എന്ന റണ്‍സില്‍ തങ്ങളുടെ പോരാട്ടം അവസാനിച്ചു. ക്രിസ് ഗെയ്ല്‍, ഡ്വെയ്ന്‍ സ്മിത്, ആന്ദ്രേ റസല്‍, ഡാരന്‍ സമി, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരടങ്ങിയ സംഘത്തിന് പ്രോട്ടിയാസിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നു. അതോടെ പ്രോട്ടിയാസ് 148 റണ്‍സിന്റെ വിജയം സ്വന്തമാക്കി.

Content Highlight: On this Day back in 2015 AB De Villiers registered fastest century in ODI

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more