പഴയ ഗാനങ്ങള്‍ പുതിയ സിനിമകളില്‍ റീമിക്‌സ് ചെയ്‌തോ അതേപടിയോ ഉപയോഗിക്കുന്നത് ഇപ്പോള്‍ ട്രെന്‍ഡിങ്ങാണ്. തമിഴിലും മലയാളത്തിലും അത്തരം വിന്റേജ് ഗാനങ്ങള്‍ വീണ്ടും സിനിമകളില്‍ വരികയും സോഷ്യല്‍ മീഡിയയില്‍ തംരഗമാകുകയും ചെയ്തിട്ടുണ്ട്.
ചിദംബരത്തിന്റെ സംവിധാനത്തില്‍ 2024ല്‍ ഇറങ്ങി ബ്ലോക്ക് ബസ്റ്ററായി തീര്‍ന്ന മഞ്ഞുമ്മല്‍ ബോയ്‌സില്‍ കണ്‍മണി അന്‍മ്പോട് കാതലന്‍ എന്ന തമിഴ് ഗാനം ഉപയോഗിച്ചത് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അജിത്ത് നായകനായെത്തിയ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തില്‍ തൊട്ടും തൊട്ടും പേസും സുല്‍ത്താന എന്ന റെട്രോ ഗാനം വീണ്ടും വന്നതും വലിയ ചര്‍ച്ചയായിരുന്നു.
അത്തരത്തില്‍ 2025ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റായി മാറിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര എന്ന ചിത്രത്തില്‍ കിളിയേ കിളിയേ എന്ന ഗാനം വന്നത് വലിയ തരംഗമായിരുന്നു. 1983ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ‘ആ രാത്രയി’ലെ ഇളയരാജ സംഗീതം നല്‍കിയ ഗാനമാണ് കിളിയേ കിളിയേ. മലയാളികളുടെ ഫേവറിറ്റ് ലിസ്റ്റിലുള്ള ഈ ഗാനം ലോകഃ എന്ന ചിത്രത്തില്‍ വന്നത് തികച്ചും അപ്രതീക്ഷിതമായാണ്.
ചിത്രത്തില്‍ ഒരു ബര്‍ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കുവാനായി കല്യാണി വൈറ്റ് നിറമുള്ള ഉടുപ്പ് ധരിച്ച് വരുന്ന സീന്‍ വലിയ ഹിറ്റായി മാറി. ബാക്ഗ്രൗണ്ടില്‍ കിളിയേ കിളിയേ എന്ന ഗാനത്തിന്റെ അകമ്പടിയോടുള്ള കല്യാണിയുടെ എന്‍ട്രി തിയേറ്റര്‍ റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി മാറിയിരുന്നു.
ഇപ്പോഴിതാ വിത്ത് ലവ് എന്ന ചിത്രത്തിലെ അനശ്വരയുടെ എന്‍ട്രി സീനാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നവാഗതനായ മദന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ഫെബ്രുവരി 6ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് വിത്ത് ലവ്. ടൂറിസ്റ്റ് ഫാമിലിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അബിഷന്‍ ജീവിന്തും അനശ്വരയും പ്രധാനവേഷത്തിലെത്തുന്നു എന്നത് തന്നെയായിരുന്നു സിനിമയുടെ പ്രധാന ആകര്‍ഷണവും.
ബോക്‌സ് ഓഫീസ് വിജയമായ ചിത്രം ഇപ്പോഴിതാ ഒ.ടി.ടിയിലും കയ്യടികള്‍ നേടുകയാണ്. റോം കോം ഴോണറിലൊരുങ്ങിയ സിനിമയിലെ അനശ്വരയുടെ ഒരു എന്‍ട്രി സീനാണ് ഇപ്പോള്‍ തരംഗമായി മാറുന്നത്. അവള്‍ വരുവായ എന്ന പഴയ തമിഴ് ഗാനത്തിന്റെ അകമ്പടിയോടെ ബ്ലാക്ക് ഡ്രസില്‍ അനശ്വര നടന്ന് വരുന്ന ഭാഗം ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിങ്ങാകുന്നുണ്ട്. സൂര്യ നായകനായെത്തിയ നേര്‍ക്കുനേര്‍ എന്ന സിനിമയിലെ ഗാനമാണ് ‘അവള്‍ വരുവായ’
കല്യാണിയുടെ ലോകഃയിലെ രംഗവും വിത്ത് ലവിലെ അനശ്വരയുടെ രംഗവും താരതമ്യപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിറയുന്നുണ്ട്. മല്ലു ഗേള്‍സും വിന്റേജ് സോങ്ങുകളും നല്ല വൈബാണെന്നും അത് ഒരു ഒന്നൊന്നര കോമ്പിനേഷനാണെന്നും പറഞ്ഞുകൊണ്ടുള്ള കമന്റുകളും കാണാം.
അതേസമയം റോം കോം ഴോണറിലൊരുങ്ങിയ വിത്ത് ലവ് ബോക്‌സ് ഓഫീസില്‍ 40 കോടി നേടിയിരുന്നു. രജിനികാന്തിന്റെ മകള്‍ സൗന്ദര്യ രജിനികാന്താണ് ചിത്രം നിര്‍മിച്ചത്.
Content Highlight: On the use of vintage songs in the film and the entry of Kalyani in Lokah and Anashwara in the film With Love