| Monday, 20th July 2026, 9:42 pm

സ്‌കലോണിയുടെ തന്ത്രം എങ്ങനെ പിഴയ്ക്കാതിരിക്കും; അവനെ കളി പഠിപ്പിച്ച 'മൊതല്' അല്ലേ അപ്പുറത്തെ കോച്ച്

ആദർശ് എം.കെ.

ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം ഫൈനലുകളിലൊന്നിനാണ് കഴിഞ്ഞ ദിവസം മെറ്റ്‌ലൈഫ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ എന്ന പേരും പെരുമായുമായി കലാശപ്പോരാട്ടത്തിനിറങ്ങിയ സാക്ഷാല്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയെ അമേച്വര്‍ ഫുട്‌ബോളര്‍മാര്‍ എന്ന് തോന്നിപ്പിച്ചാണ് സ്‌പെയ്ന്‍ കപ്പുയര്‍ത്തിയത്.

മത്സരത്തിന്റെ ഒരു മേഖലയില്‍ പോലും മേല്‍ക്കൈ നേടാന്‍ അനുവദിക്കാതെ കളി മറന്ന അര്‍ജന്റീനയെ സ്‌പെയ്ന്‍ കളത്തില്‍ തളച്ചിടുകയായിരുന്നു. ഇത്തരമൊരു പ്രകടനമാണ് ഫൈനലില്‍ കാഴ്ചവെക്കുന്നതെങ്കില്‍ ആല്‍ബിസെലസ്റ്റ് പരാജയപ്പെടാന്‍ നൂറ് ശതമാനം അര്‍ഹരായിരുന്നുവെന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍.

സ്‌പെയ്‌നിന്റെ കിരീട വിജയത്തില്‍ ഉറക്കെയുറക്കെ പറയേണ്ട പേരുണ്ട്, മാനേജര്‍ ലൂയീസ് ഡെ ലാ ഫ്യുവന്റേയുടേത്. ആയിരം പാസ് കൊടുത്താല്‍ ഒരിക്കലും വിജയിക്കാന്‍ സാധിക്കില്ല എന്ന കളിയാക്കലുകളേറ്റുവാങ്ങേണ്ടി വന്ന ചെങ്കുപ്പായക്കാരെ ആദ്യം യൂറോപ്പിന്റെയും ശേഷം ലോകത്തിന്റെയും നെറുകയിലെത്തിച്ചാണ് ഈ 65കാരന്‍ ഫുട്‌ബോള്‍ ലോകത്തിന്റെ അഭിനന്ദനങ്ങളേറ്റുവാങ്ങുന്നത്.

ലയണല്‍ സ്‌കലോണി എന്ന ലോകകപ്പ് വിന്നിങ് പരിശീലകന്റെ തന്ത്രങ്ങള്‍ ഫ്യുവന്റെയ്ക്ക് മുമ്പില്‍ ഒന്നുമല്ലാതായി മാറുന്ന കാഴ്ചയ്ക്കാണ് കലാശപ്പോരാട്ടം സാക്ഷ്യം വഹിച്ചത്. വജ്രായുധത്താല്‍ സ്‌കലോണി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫ്യുവന്റെ തന്റെ ആവനാഴിയില്‍ കരുതിവെച്ചത് തന്ത്രങ്ങളുടെ ബ്രഹ്‌മാസ്ത്രം തന്നെയായിരുന്നു. ‘ശിഷ്യന്റെ’ കണക്കുകൂട്ടലുകള്‍ കൃത്യമായി വായിച്ചെടുത്ത ‘ഗുരു’വായിരുന്നു ഫൈനലില്‍ ഫ്യുവന്റെ.

ഒരര്‍ത്ഥത്തില്‍ ഇരുവരും തമ്മില്‍ ഗുരു-ശിഷ്യ ബന്ധവും ഉണ്ട്. ഫ്യുവന്റെയ്ക്ക് കീഴില്‍ സ്‌കലോണി കളിച്ചിട്ടില്ല, എന്നാല്‍ ഇതിഹാസ അര്‍ജന്റൈന്‍ പരിശീലകനെ ‘കളി പഠിപ്പിക്കാന്‍ പഠിപ്പിച്ചവരില്‍’ പ്രധാനിയായിരുന്നു അദ്ദേഹം.

2017ല്‍ ബൂട്ടഴിച്ച ശേഷം, തന്റെ യുവേഫ പ്രോ ലൈസന്‍സ് നേടുന്നതിനായി ലയണല്‍ സ്‌കലോണി ചേര്‍ന്നത് ലാസ് റോസാസിലെ റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനില്‍ (ആര്‍.എഫ്.ഇ.എഫ്) ആണ്. ഇവിടെ ലൂയീസ് ഡെ ലാ ഫ്യുവന്റെ സ്‌കലോണിയുടെ അധ്യാപകരില്‍ പ്രധാനിയായിരുന്നു. കോഴ്‌സിന്റെ സാങ്കേതിക മൊഡ്യൂളുകള്‍ സ്‌കലോണി അഭ്യസിച്ചത് അദ്ദേഹത്തില്‍ നിന്നുമാണ്.

മുന്‍നിരയിലിരുന്ന് ആശയങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യുകയും സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതിനെക്കുറിച്ചും, പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സ്‌കലോണി കാണിച്ച വലിയ താല്പര്യത്തെക്കുറിച്ചും ഫ്യുവന്റെ ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

അതേസമയം, സ്‌പെയ്‌നിന്റെ കിരീടനേട്ടത്തോടൊപ്പം ഗിന്നസ് റെക്കോഡും അദ്ദേഹം കഴിഞ്ഞ ദിവസം തന്റെ പേരിലാക്കിയിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തില്‍ കിരീടമുയര്‍ത്തുന്ന ഏറ്റവും പ്രായമേറിയ പരിശീലകന്‍ എന്ന ഗിന്നസ് നേട്ടമാണ് അദ്ദേഹത്തിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

കഴിഞ്ഞ മാസം തന്റെ 65ാം പിറന്നാള്‍ ആഘോഷിച്ച സ്പാനിഷ് ടാക്ടീഷ്യന്‍, 65 വയസും 28 ദിവസവും പ്രായമുള്ളപ്പോഴാണ് ലോകകിരീടം ശിരസ്സിലണിഞ്ഞത്.

2010ല്‍ തങ്ങളുടെ ആദ്യ കിരീടം നേടിയതിന് ശേഷം ലോകകപ്പില്‍ ഒറ്റ നോക്ക്ഔട്ട് മത്സരത്തില്‍ പോലും വിജയിക്കാന്‍ സ്‌പെയ്‌നിന് സാധിച്ചിരുന്നില്ല. അവിടെ നിന്നുമാണ് നീണ്ട 16 വര്‍ഷങ്ങള്‍ക്കിപ്പുറം ഫ്യുവന്റേയിലൂടെ സ്പാനിഷ് പട വിശ്വവിജയികളാകുന്നത്. സമീപ ഭാവിയില്‍ ഇനിയും ടൂര്‍ണമെന്റുകള്‍ വരാനിരിക്കവെ മറ്റ് ടീമുകള്‍ പേടിച്ചേ മതിയാകൂ, കാരണം ഈ തലയില്‍ തന്ത്രങ്ങള്‍ക്ക് പഞ്ഞമേതുമില്ല.

Content Highlight: On the relationship between Spanish football coach Luis de la Fuente and Argentine coach Lionel Scaloni

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more