കൊല്‍ക്കത്ത: ജനാധിപത്യം സംരക്ഷിക്കുന്നതിനും വോട്ട് കൊള്ള തടയുന്നതിനും ഭരണഘടന കാത്തുസൂക്ഷിക്കുന്നതിനുമായി നവംബര്‍ ഒന്നിന് ദല്‍ഹിയില്‍ നടക്കുന്ന മാര്‍ച്ചില്‍ ഇന്ത്യാ മുന്നണിഒറ്റക്കെട്ടായി അണി നിരക്കുമെന്ന് ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് മമത ബാനര്‍ജി. നവംബര്‍ ഒന്നിന് ദല്‍ഹി രാംലീല മൈതാനത്താണ് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം.
നവംബര്‍ ഒന്ന് ഞായറാഴ്ച, ഇന്ത്യ സഖ്യം രാംലീല മൈതാനിയില്‍ ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് മമത എക്‌സ് പോസ്റ്റില്‍ കുറിച്ചു. വോട്ട് കൊള്ളയ്ക്കെതിരായ പോരാട്ടം, ഓരോ ഇന്ത്യക്കാരന്റെയും തിരഞ്ഞെടുക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ്. ബംഗാളിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന വോട്ട് തട്ടിപ്പുകള്‍ക്ക് മറുപടി ലഭിക്കേണ്ടതുണ്ട്. മൗനം ഒന്നിനും പരിഹാരമല്ലെന്നും അവര്‍ പറഞ്ഞു.
ഇ.വി.എമ്മുകള്‍ പരിശോധനയിലാണ്. വോട്ടര്‍ വിവരങ്ങള്‍ സംശയനിഴലില്‍, വോട്ടര്‍ പട്ടികകളില്‍ അസ്വാഭാവികത, വോട്ടെണ്ണല്‍ നടപടികള്‍ ചോദ്യം ചെയ്യപ്പെടുന്നുവെന്നും മമത എക്‌സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, സ്ത്രീകള്‍, തൊഴിലാളികള്‍, പൗരസമൂഹ പ്രതിനിധികള്‍ എന്നിവരോട് ഈ പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരാന്‍ അഭ്യര്‍ത്ഥിക്കുന്നു. വോട്ട് ഭീഷണി നേരിടുമ്പോള്‍, മൗനം പാലിക്കുക എന്നത് ഒരു പോംവഴിയല്ല. നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാനും ഭരണഘടനയെ കാത്തുസൂക്ഷിക്കാനും നമുക്ക് ഒന്നിച്ച് അണിനിരക്കാമെന്നും മമത പറഞ്ഞു.
നവംബര്‍ ഒന്നിന് ദല്‍ഹിയില്‍ നടക്കുന്ന ഇന്ത്യാ മുന്നണിയുടെ മാര്‍ച്ചില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും പങ്കാളികളാകണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എക്‌സില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍, ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം മാര്‍ച്ചല്ലെന്നും മറിച്ച് ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള രാജ്യത്തിന്റെ ഒരൊറ്റ പ്രതിഷേധമാണെന്നും രാഹുല്‍ വ്യക്തമാക്കി.
നരേന്ദ്ര മോദി, അമിത് ഷാ, ഗ്യാനേഷ് കുമാര്‍ എന്നിവരുടെ നടപടികളില്‍ മനംമടുത്തവരും ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരുമായ ഏവരെയും അദ്ദേഹം മാര്‍ച്ചിലേക്ക് ക്ഷണിച്ചു.
പൊലീസിനെയോ ലാത്തിച്ചാര്‍ജ്ജിനെയോ കണ്ട് ഭയപ്പെടേണ്ടതില്ലെന്നും, ബി.ജെ.പിക്ക് ഇത്തരം തന്ത്രങ്ങള്‍ പയറ്റാനുള്ള ധൈര്യമുണ്ടാകില്ലെന്നും പറഞ്ഞ അദ്ദേഹം, ഭരണഘടനയെ സംരക്ഷിക്കാന്‍ ഒന്നിച്ച് മുന്നേറാമെന്നും ആഹ്വാനം ചെയ്തു.
Content Highlight: On Sunday, 1 November, I.N.D.I.A will stand united at Ramlila Maidan- Mamata Banerjee