ശ്രീനഗര്‍: ഇറാനെതിരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടില്‍ പ്രതികരിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള. 39 ദിവസം ലോകത്തെ തന്നെ അസ്ഥിരപ്പെടുത്തിയ യുദ്ധം കൊണ്ട് അമേരിക്ക എന്ത് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഒമര്‍ അബ്ദുള്ള തന്റെ പ്രതികരണമറിയിച്ചത്.
കരാറിന്റെ ഭാഗമായി തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കുമെന്നതിനെയും അദ്ദേഹം പരിഹസിച്ചു. യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ ഈ പാത എല്ലാവര്‍ക്കും സ്വതന്ത്രമായി ഉപയോഗിക്കാവുന്ന രീതിയില്‍ തുറന്നുകിടക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ എല്ലാവര്‍ക്കും സ്വതന്ത്രമായി ലഭ്യമായിരുന്ന ഒരു കടലിടുക്ക് വീണ്ടും തുറക്കാന്‍ ഈ വെടിനിര്‍ത്തല്‍ കരാര്‍ അനുവദിക്കുന്നു. അപ്പോള്‍ ഈ 39 ദിവസത്തെ യുദ്ധത്തിലൂടെ യു.എസ് കൃത്യമായി എന്താണ് നേടിയത്?’ അദ്ദേഹം എക്‌സിലെഴുതി.
രണ്ടാഴ്ചത്തേക്കാണ് ഇരു രാജ്യങ്ങളും തമ്മില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും സൈനിക മേധാവി ജനറല്‍ അസിം മുനീറിന്റെയും ഇടപെടലുകളാണ് ഈ വെടിനിര്‍ത്തലിലേക്ക് നയിച്ചത്. ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും വെടിനിര്‍ത്തല്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് പാക് പ്രധാനമന്ത്രി അറിയിച്ചു.
വെള്ളിയാഴ്ച (ഏപ്രില്‍ 10) പാക് തലസ്ഥാനമായ ഇസ്‌ലമാബാദില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കും.
ഇതൊരു ചരിത്രപരമായ വിജയമാണെന്നാണ് ഇറാന്‍ പ്രതികരിച്ചത്. തങ്ങള്‍ മുമ്പോട്ടുവെച്ച പത്ത് ഇന സമാധാന പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും ചര്‍ച്ചകളെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, വിജയപ്രഖ്യാപനത്തിലും ജാഗ്രത തുടരണമെന്ന് ഉന്നത സുരക്ഷാ ഏജന്‍സി ആഹ്വാനം ചെയ്തു. ഈ വിജയത്തില്‍ ഇറാനിലെ എല്ലാ ജനങ്ങളെയും അഭിനന്ദിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Content highlight: Omar Abdullah reacts to US ceasefire deal