| Friday, 20th March 2026, 3:14 pm

ഖാംനഇയെ വധിച്ചാല്‍ ഇറാന്‍ കീഴടങ്ങുമെന്ന് ഇസ്രഈല്‍ അമേരിക്കയെ തെറ്റിദ്ധരിപ്പിച്ചു; ഈ യുദ്ധത്തില്‍ അവര്‍ ആഗ്രഹിക്കുന്നത് ലഭിക്കില്ല: ഒമാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മസ്‌കറ്റ്: ഇറാന്‍ വളരെ ദുര്‍ബലമാണെന്നും പരമോന്നത നേതാവായ അലി ഖാംനഇയെ വധിച്ചാല്‍ രാജ്യം നിരുപാധികമായി കീഴടങ്ങുമെന്നും ഇസ്രഈല്‍ നേതൃത്വം അമേരിക്കയെ തെറ്റിദ്ധരിപ്പിച്ചതായി ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദി.

ഉപരോധങ്ങള്‍, ആഭ്യന്തര വിഭജനം, മുന്‍പ് നടന്ന ആക്രമണങ്ങള്‍ എന്നിവയാല്‍ ഇറാന്റെ പ്രതിരോധം തകര്‍ന്നു എന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിശ്വസിപ്പിക്കാന്‍ ഇസ്രഈലിന് കഴിഞ്ഞെന്നും ബദര്‍ അല്‍ബുസൈദി പറഞ്ഞു.

എന്നാല്‍, ഇസ്രഈലിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കണമെങ്കില്‍ ഒരു നീണ്ട സൈനിക നടപടി തന്റെ വേണ്ടി വരുമെന്നും അതിനായി അമേരിക്കയ്ക്ക് അവരുടെ സൈന്യത്തെ നേരിട്ട് യുദ്ധഭൂമിയില്‍ ഇറക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ‘ദി ഇക്കണോമിസ്റ്റില്‍’ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം അമേരിക്കയ്ക്കും ഇസ്രഈലിനുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

നിലവിലെ സംഘര്‍ഷങ്ങളെ ഒരു ‘ദുരന്തം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സമാധാന ചര്‍ച്ചകള്‍ക്കിടെ ഇസ്രഈലും അമേരിക്കയും നടത്തിയ സൈനിക നീക്കങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

‘ഈ യുദ്ധത്തിലേക്ക് കടക്കുക എന്നത് അമേരിക്കന്‍ ഭരണകൂടത്തിന്റെ ഏറ്റവും വലിയ തെറ്റായ തീരുമാനമായിരുന്നു. ഇത് അമേരിക്കയുടെ യുദ്ധമല്ല, ഇസ്രഈലിനും അമേരിക്കയ്ക്കും ഇതില്‍ നിന്ന് അവര്‍ ആഗ്രഹിക്കുന്നത് ലഭിക്കാന്‍ സാധ്യതയില്ല’, അദ്ദേഹം പറഞ്ഞു.

യു.എസും ഇറാനും തമ്മിലുള്ള യുദ്ധം ഒഴിവാക്കാന്‍ സാധ്യമായ ഒരു ചര്‍ച്ചാ കരാര്‍ യഥാര്‍ത്ഥത്തില്‍ സാധ്യമായിരുന്നുവെന്ന് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ച അല്‍ബുസൈദി വെളിപ്പെടുത്തി.

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ രണ്ട് തവണ ഇരുരാജ്യങ്ങളും ഒരു കരാറിന് തൊട്ടടുത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രഈലും അമേരിക്കയും നടത്തിയ ബോംബാക്രമണമാണ് ആദ്യത്തെ സമാധാന ശ്രമങ്ങളെ തകര്‍ത്തത്.

ഫെബ്രുവരി 6 ന് ഒമാനില്‍ പുനരാരംഭിച്ച രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ക്ക് ശേഷം ഫെബ്രുവരി 26ന് ജനീവയില്‍ അവസാന റൗണ്ട് ചര്‍ച്ചകള്‍ നടന്നിരുന്നു.

സമാധാനത്തിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഈ ചര്‍ച്ചകള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം, ഫെബ്രുവരി 28ന് ഇസ്രഈലും അമേരിക്കയും ഇറാനില്‍ നടത്തിയ സംയുക്ത ആക്രമണം ഞെട്ടിക്കുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമാധാനത്തിനെതിരെ നടത്തിയ ഈ സൈനിക ആക്രമണം തികച്ചും നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയ്ക്ക് അവരുടെ വിദേശനയത്തിന്മേലുള്ള നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെട്ടെന്നും തങ്ങളുടേതല്ലാത്ത ഒരു യുദ്ധത്തിലേക്ക് അവര്‍ വലിച്ചിഴയ്ക്കപ്പെട്ടുവെന്നും ‘ദി ഇക്കണോമിസ്റ്റില്‍’ എഴുതിയ ലേഖനത്തില്‍ അല്‍ബുസൈദി തുറന്നടിച്ചു.

അമേരിക്കന്‍ ജനത ഈ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അല്‍ബുസൈദി, അമേരിക്കയ്ക്ക് സ്വന്തം വിദേശനയത്തിന്റെ നിയന്ത്രണം എത്രത്തോളം നഷ്ടപ്പെട്ടുവെന്ന് ലോകത്തിന് ബോധ്യമായെന്നും പറഞ്ഞു.

ഇസ്രഈലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനോ ട്രംപിന്റെ സമാധാന ബോര്‍ഡില്‍ ചേരാനോ ഒമാന്‍ തയ്യാറല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സുഹൃത്തുക്കള്‍ എന്ന നിലയില്‍ അമേരിക്കയോട് സത്യം തുറന്നു പറയാനുള്ള ഉത്തരവാദിത്തം ഒമാനുണ്ടെന്നും അദ്ദേഹം ലേഖനത്തില്‍ കുറിച്ചു.

Content Highlight: Oman FM: US has lost control of foreign policy, entered ‘war that is not its own’

We use cookies to give you the best possible experience. Learn more