| Friday, 13th March 2026, 2:22 pm

'ഇസ്രഈലുമായി ബന്ധമുണ്ടാക്കില്ല, ട്രംപിന്റെ 'ബോർഡ് ഓഫ് പീസി'ലും ചേരില്ല; നിലപാട് പ്രഖ്യാപിച്ച് ഒമാന്

മുഹമ്മദ് നബീല്‍

മസ്കറ്റ്: ഇസ്രഈലുമായുള്ള ബന്ധം സാധാരണ നിലയിലാക്കില്ലെന്നും ബോർഡ് ഓഫ് പീസിൽ ചേരില്ലെന്നും പ്രഖ്യാപിച്ച് ഒമാൻ വിദേശകാര്യമന്ത്രി ബദ്ർ അൽബുസൈദി.

നിലവിലെ ആക്രമണങ്ങൾ ഇറാനെ ദുർബലപ്പെടുത്താനും ഇസ്രഈലിനെ സ്വീകാര്യമുള്ളതാക്കി തീർക്കാനുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഫലസ്‌തീൻ രാഷ്ട്രം സ്ഥാപിക്കൽ എതിർക്കലും ആക്രമണങ്ങളുടെ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും മോശം സാഹചര്യം നേരിടാൻ രാജ്യങ്ങൾ തയ്യാറായിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാനെ ലക്ഷ്യമിട്ടുള്ള യു.എസ് – ഇസ്രഈൽ സംഘർഷം ഇറാനിലെ ആണവ പദ്ധതികൾക്ക് അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.

‘ആക്രമണങ്ങളുടെ ലക്ഷ്യം ആണവ വിഷയത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ഇറാനെ ദുർബലപ്പെടുത്തുക, ഇസ്രഈലുമായുള്ള രാഷ്ട്രങ്ങളുടെ ബന്ധം സാധാരണ നിലയിലാക്കുക, ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നത് തടയുക, ആ പദ്ധതിയെ പിന്തുണയ്ക്കുന്നവരെ ദുർബലപ്പെടുത്തുക എന്നിവകൂടിയാണ്,’ ബദ്ർ അൽബുസൈദി അഭിപ്രായപ്പെട്ടു.

ഇറാനിൽ നിന്ന് ചർച്ചകളിലൂടെ നേടിയെടുത്തതിനേക്കാൾ വലിയ ഇളവുകൾ യുദ്ധത്തിലൂടെ അമേരിക്കയ്ക്ക് ലഭിക്കില്ലെന്നും അൽബുസൈദി പറഞ്ഞു.

‘ഒമാൻ സുൽത്താനേറ്റ് ബോർഡ് ഓഫ് പീസിൽ ചേരില്ല, ഇസ്രഈലുമായി നയതന്ത്രബന്ധം സാധാരണ നിലയിലാക്കുകയുമില്ല. പ്രാദേശിക വിഷയങ്ങളിലുള്ള തന്റെ രാജ്യത്തിന്റെ നിലപാടിൽ മാറ്റമില്ല,’ അദ്ദേഹം പറഞ്ഞതായി ഒമാനി പത്രമായ ‘ഒമാൻ’ റിപ്പോർട്ട് ചെയ്യുന്നു.

ജനുവരി 15 ന് ആയിരുന്നു ട്രംപ് ബോർഡ് ഓഫ് പീസ് പ്രഖ്യാപിച്ചത്. ഇസ്രഈൽ ഫലസ്തീൻ യുദ്ധത്തിന് ശേഷം ഫലസ്തീനെ പുനർ നിർമിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ബോർഡിൽ ഫലസ്തീൻ അധികാരികൾ അംഗമല്ലെന്നതും ചർച്ചയായിരുന്നു.

ഇറാനെ അമേരിക്ക അക്രമിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇന്തോനേഷ്യയും ബോർഡ് ഓഫ് പീസിൽ ചേരില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

Content Highlight: Oman declares stance on not forming ties with Israel, will not join Trump’s ‘Board of Peace’

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more