തമിഴ് സിനിമ അടുത്തെങ്ങും കാണാത്ത വലിയൊരു ക്ലാഷാണ് അണിയറയിലൊരുങ്ങുന്നത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരനിരയില്‍ ഒരുങ്ങുന്ന ജയിലര്‍ 2വും പരീക്ഷണസിനിമകളില്‍ നിന്ന് ട്രാക്ക് മാറ്റി കൊമേഷ്‌സ്യല്‍ സോണിലേക്ക് തിരിച്ചുപോകുന്ന ധനുഷിന്റെ ഓമും ബോക്‌സ് ഓഫീസില്‍ ഒന്നിച്ച് ഏറ്റുമുട്ടുമെന്ന് ഏറെക്കുറെ ഉറപ്പായി.
ഒക്ടോബറിലാണ് രണ്ട് ചിത്രങ്ങളും തിയേറ്ററുകളിലെത്തുക. വിജയദശമി റിലീസെന്ന് ആദ്യം അറിയിച്ചത് ഓം ആയിരുന്നു. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സിനൊപ്പമായിരുന്നു റിലീസ് ഡേറ്റ് പുറത്തുവിട്ടത്. തൊട്ടുപിന്നാലെ ജയിലര്‍ 2വും റിലീസ് ഡേറ്റ് പുറത്തുവിട്ടു. ഒക്ടോബര്‍ 15നാണ് ജയിലര്‍ 2 തിയേറ്ററുകളിലെത്തുക. തൊട്ടടുത്ത ദിവസം ഓമും പ്രേക്ഷകരിലേക്കെത്തും.
വന്‍ ബജറ്റിലും ഹൈപ്പിലും അതിനൊത്ത താരനിരയിലും ഒരുങ്ങുന്ന ജയിലര്‍ 2നൊപ്പം ക്ലാഷ് വേണ്ടെന്നായിരുന്നു ഓമിന്റെ അണിയറപ്രവര്‍ത്തകര്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയ നെറ്റ്ഫ്‌ളിക്‌സ് അവരുടെ സ്ട്രീമിങ് ഡേറ്റില്‍ നിന്ന് പിന്മാറിയില്ല. നിര്‍മാതാവായ ധനുഷ് മുംബൈയില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ ഓഫീസില്‍ ചെന്ന് സംസാരിച്ചെങ്കിലും അനുകൂലമായ നിലപാട് ഒ.ടി.ടി ഭീമന്മാരുടെ അടുത്ത് നിന്ന് ലഭിച്ചില്ല. ഇതോടെ ഒക്ടോബര്‍ 16ന് തന്നെ ചിത്രം റിലീസ് ചെയ്യേണ്ട സ്ഥിതി വന്നിരിക്കുകയാണ്.
രജിനി- ധനുഷ് ക്ലാഷ് എന്നതിനപ്പുറം മമ്മൂട്ടിയും മോഹന്‍ലാലും ബോക്‌സ് ഓഫീസില്‍ നേരിട്ട് ഏറ്റുമുട്ടുന്നു എന്നതാണ് ഈ ക്ലാഷിന്റെ മറ്റൊരു പ്രത്യേകത. പത്തുവര്‍ഷത്തിന് മുമ്പാണ് ഇരുവരും ബോക്‌സ് ഓഫീസില്‍ നേര്‍ക്കുനേര്‍ വന്നത്. പുലിമുരുകന്‍ ചരിത്രവിജയമായി മാറിയപ്പോള്‍ ഒപ്പമിറങ്ങിയ തോപ്പില്‍ ജോപ്പന്‍ കഷ്ടിച്ച് വിജയിച്ചു.
മലയാളത്തില്‍ പിന്നീട് ഇരുവരും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടിയിട്ടില്ല. മോളിവുഡില്‍ നടക്കാത്ത ക്ലാഷ് തമിഴില്‍ ഇരുവരും നേര്‍ക്കുനേര്‍ വരികയാണ്. ജയിലര്‍ 2ല്‍ നായകനായ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ സുഹൃത്ത് മാത്യുവായി മോഹന്‍ലാല്‍ വേഷമിടുമ്പോള്‍ ഓമില്‍ നായകനൊപ്പം ശക്തമായ വേഷമാണ് മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്. കാര്‍ത്തികേയ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.
വലിയ താരനിരയുണ്ടായിട്ടും പ്രതീക്ഷിച്ച വിജയം നേടാത്ത കൂലിക്ക് ശേഷം രജിനി നായകനാകുന്ന ചിത്രമാണ് ജയിലര്‍ 2. രജിനി, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ എന്നിവര്‍ക്ക് പുറമെ വിജയ് സേതുപതി, ഹൃതിക് റോഷന്‍, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങി വലിയ താരനിര ജയിലര്‍ 2ല്‍ അണിനിരക്കുന്നുണ്ട്. അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ഓമിലും ആരാധകര്‍ക്ക് പ്രതീക്ഷയുണ്ട്.
Content Highlight: Om and Jailer 2 clash release because of Netflix deal