| Thursday, 10th April 2025, 3:05 pm

ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സില്‍ ഇനി ക്രിക്കറ്റ് ഉള്‍പ്പെടെ പുതിയ അഞ്ച് കായിക ഇനങ്ങളും

സ്പോര്‍ട്സ് ഡെസ്‌ക്

2028 ലോസ് ഏഞ്ചലസ് ഒളിംപിക്‌സില്‍ കായിക ഇനമായ ക്രിക്കറ്റ് തിരിച്ചെത്തുന്നു. ക്രിക്കറ്റ്, ഫ്‌ളാഗ് ഫുട്‌ബോള്‍, ബേസ്‌ബോള്‍/സോഫ്റ്റ്‌ബോള്‍, ലാക്രോസ്, സക്വാഷ് തുടങ്ങിയ പുതിയ കായിക ഇനങ്ങളും വരാനിരിക്കുന്ന ഒളിംപിക്‌സില്‍ ഇടം പിടിച്ചിട്ടുണ്ട്.

100 വര്‍ഷത്തിന് ശേഷമാണ് ക്രിക്കറ്റ് ഒളിംപിക്‌സിലേക്ക് തിരിച്ചുവരുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. 1900ലാണ് അവസാനമായി ഒളിംപിക്‌സില്‍ ക്രിക്കറ്റ് കളിച്ചത്. 2028ലെ ഒളിംപിക്‌സില്‍ ടി-20 ഫോര്‍മാറ്റിലായിരിക്കും ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുക.

പുരുഷ, വനിത വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കും. ടൂര്‍ണമെന്റില്‍ ആറ് ടീമുകള്‍ക്കാണ് സ്ഥാനമുണ്ടാകുക. ആതിഥേയ രാജ്യമെന്ന നിലയില്‍ അമേരിക്ക ആദ്യ ആറില്‍ ഇടം നേടും. മറ്റ് ടീമുകള്‍ ടി-20ഐ റാങ്കിങ്ങില്‍ മുന്‍ നിരയിലുള്ളവരാകാനും സാധ്യതയുണ്ട്.

നിലവില്‍, ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നീ രാജ്യങ്ങളാണ് ഐ.സി.സി ടി-20ഐ പുരുഷ റാങ്കിങ്ങില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. അതേസമയം ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഇന്ത്യ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ വനിതാ റാങ്കിങ്ങില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐ.ഒ.സി) എകസിക്യൂട്ടീവ് ബോര്‍ഡ് ക്രിക്കറ്റിനുള്ള 90 കളിക്കാരുടെ ക്വാട്ടയാണ് അംഗീകരിച്ചത്. അതായത് ഓരോ രാജ്യങ്ങള്‍ക്കും 15 അംഗ ടീമിനെ ഒളിമ്പിക്‌സിന് അയക്കാന്‍ സാധിക്കും. എന്നിരുന്നാലും ഒളിംപിക്‌സ് മാനദണ്ഡങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഒളിംപിക്‌സില്‍ സ്വര്‍ണം ലക്ഷ്യമിട്ട് രാജ്യങ്ങള്‍ വരുമ്പോള്‍ ക്രിക്കറ്റില്‍ ടി-20 ലോക റാങ്കിങ്ങില്‍ മികവ് പുലര്‍ത്താനാകും മറ്റ് രാജ്യങ്ങളും തയ്യാറെടുക്കുന്നത്.

Content Highlight: Olympics 2028: Cricket in LA Olympics 2028

We use cookies to give you the best possible experience. Learn more