| Thursday, 26th February 2026, 10:56 pm

സീരിയലില്‍ നിന്നും റോക്കി ഭായിലേക്ക്; ഇന്ത്യയില്‍ ആര്‍ക്കൊപ്പവും ക്ലാഷ് വെക്കാന്‍ മാത്രം വളര്‍ന്ന യഷ്

അശ്വിന്‍ രാജേന്ദ്രന്‍

ഒരൊറ്റ ചിത്രം കൊണ്ട് ഒരു നായകന്‍ന്റെ കരിയറില്‍ എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പറ്റും എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ബാഹുബലിയും പ്രഭാസും. എന്നാല്‍ ഒരൊറ്റ ചിത്രം കൊണ്ട് ഒരു ഇന്റസ്ട്രിയുടെ കരിയര്‍ തന്നെ എങ്ങനെ മാറ്റിമറിക്കാം എന്ന് യഷ് നായകനായ കെ.ജി.എഫ് ഇന്ത്യന്‍ സിനിമക്ക് കാണിച്ചു നല്‍കുകയായിരുന്നു. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ 2018 ല്‍ പുറത്തുവന്ന കെ.ജി.എഫ് ചാപ്റ്റര്‍ വണ്ണും 2022 ല്‍ പുറത്തിറങ്ങിയ കെ.ജി.എഫ് ചാപ്റ്റര്‍ 2 വും ഇന്നും പ്രേക്ഷകര്‍ക്ക് പകരം വെക്കാനില്ലാത്ത സിനിമാനുഭവമാണ്.

കെ.ജി.എഫ് . Photo: The Indian Express

കെ.ജി.എഫിലൂടെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയ താരമാണ് നവീന്‍ കുമാര്‍ എന്ന യഷ്. കന്നട ഇന്റസ്ട്രിക്ക് പുറത്തേക്ക് ആരും അറിയപ്പെടാതിരുന്ന താരം റോക്കി ഭായി എന്ന കഥാപാത്രമായി മറ്റാരെയും സങ്കല്പിക്കാന്‍ കഴിയാത്ത വിധത്തിലുള്ള പ്രകടനം കാഴ്ച്ചവെച്ചാണ് ഇന്ത്യന്‍ സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചത്. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമായി സിനിമയിലെത്തിയ താരം തന്‍രെ കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ടാണ് ഇന്നത്തെ സ്റ്റാര്‍ഡത്തിലെത്തി നില്‍ക്കുന്നതെന്ന് താരത്തിന്റെ കരിയര്‍ പരിശോധിക്കുമ്പോള്‍ മനസിലാക്കാം.

യഷ് തന്റെ കരിയറിന്റെ തുടക്കകാലത്ത് അഭിനയിച്ച സീരിയലിലെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് സോഷ്യല്‍ മീഡിയ തുടക്കം കുറിച്ചിരിക്കുന്നത്. ഇടത്തരം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന യഷ് കന്നട സീരിയലുകളിലൂടെയാണ് അഭിനയജീവിതത്തിന് തുടക്കം കുറിക്കുന്നത്. ഇതിലൊരു സീരിയലില്‍ കൗമാരപ്രായക്കാരനായി യഷ് വേഷമിട്ട വീഡിയോയാണ് വൈറലാവുന്നത്. റോക്കി ഭായിയായി മാത്രം പ്രേക്ഷകര്‍ കണ്ടുപരിചയിച്ച താരം ചോക്ലേറ്റ് ബോയിയായി അഭിനയിക്കുന്ന കഥാപാത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

കുട്ടിത്തം തോന്നിക്കുന്ന കഥാപാത്രത്തില്‍ നിന്നും മറ്റാര്‍ക്കും എത്തിപിടിക്കാന്‍ കഴിയാത്തത്ര സ്വാഗിലും മാസിലും യഷ് ചെയ്ത കഥാപാത്രങ്ങള്‍ അഭിനേതാവെന്ന നിലയില്‍ താരത്തിന്റ പൊട്ടന്‍ഷ്യല്‍ വെളിവാക്കുന്നതാണ്. ഇന്നിതാ കെ.ജി.എഫിന് ശേഷം യഷ് നായകനാകുന്ന ഗീതു മോഹന്‍ദാസ് ചിത്രം ടോക്‌സിക്ക് ആണ് ഇന്ത്യന്‍ സിനിമയിലെ പ്രധാന ചര്‍ച്ച. മാര്‍ച്ച് 19 ന് തിയേറ്ററിലെത്തുന്ന ചിത്രത്തിനൊപ്പം ക്ലാഷായി രണ്‍വീര്‍ സിങ്ങിന്റെ ധുരന്ധര്‍ 2 വും എത്തുന്നത് പ്രേക്ഷകരില്‍ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്.

ടോക്‌സിക്ക്. Photo: KVN Productions

കഴിഞ്ഞ ഡിസംബറില്‍ തിയേറ്ററുകളിലെത്തി 1400 കോടിയിലധികം സ്വന്തമാക്കിയ ഹൈപ്പ് കെട്ടടങ്ങുന്നതിന് മുമ്പ് ധുരന്ധറിന്റെ രണ്ടാം ഭാഗവും തിയേറ്ററിലെത്തുമ്പോള്‍ ടോക്‌സിക്കിന് കടുത്ത മത്സരം നല്‍കുമെന്നുറപ്പാണ്. എന്നാല് റോക്കി ഭായി എന്ന ഒറ്റ കഥാപാത്രം സൃഷ്ടിച്ച സ്വാധീനം ടോക്‌സിക്കിനെ വലിയ രീതിയില്‍ തുണക്കും എന്നതില്‍ സംശയമില്ല. ചിത്രത്തിലെ വയലന്‍സ് രംഗങ്ങളും യഷിന്റെ ലുക്കും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Content Highlight: Old video of yash acting in serial viral on social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more