| Saturday, 1st August 2026, 8:39 pm

സിനിമയില്‍ ജയറാമിന്റെ ആദ്യത്തെ തന്ത ഞാനാണ്, ജയറാമിന് എന്തും പറയാം; സോഷ്യല്‍ മീഡിയയില്‍ വൈറലായി പഴയ വീഡിയോ

അശ്വിന്‍ രാജേന്ദ്രന്‍

മലയാളികള്‍ക്ക് എന്നും പ്രിയങ്കരനായ അഭിനേതാവാണ് ജയറാം. മിമിക്രിയിലൂടെ സിനിമയിലെത്തിയ താരം മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ശേഷമുള്ള മയാളത്തിലെ മുന്‍നിര നായകനടന്മാാരില്‍ ഒരാളാണ്. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും രാജസേനനൊപ്പം ചെയ്ത ചിത്രങ്ങളിലൂടെ ജനപ്രിയ നടനായി ഉയര്‍ന്ന ജയറാം അന്യഭാഷ ചിത്രങ്ങളിലും സജീവമായിരുന്നു.

മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വന്‍, റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര ചാപ്റ്റര്‍ 2, ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചെയ്ഞ്ചര്‍, അല്ലു അര്‍ജുന്റെ അങ്ങ് വൈകുണ്ഠപുരത്ത് തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം പ്രധാനവേഷത്തിലെത്തിയിരുന്നു. ഇതിന് പുറമെ ജയറാം കേന്ദ്രകഥാപാത്രമായി അടുത്തിടെ തമിഴില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പരിമള ആന്‍ഡ് കോ. ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖങ്ങളിലെല്ലാം താരം നടത്തിയ ചില പ്രസ്താവനകളെല്ലാം വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ വലിയ ട്രോളുകളായിരുന്നു താരത്തിന് സമൂഹമാധ്യമങ്ങളില്‍ നിന്നും നേരിടേണ്ടി വന്നത്.

ജയറാം. Photo: Reddit

ഇപ്പോഴിതാ ഇത്തരത്തില്‍ താരത്തിന്റെ ഒരു പഴയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു അവാര്‍ഡ് ഷോയ്ക്കിടെ മലയാളത്തിലെ മുതിര്‍ന്ന നടന്‍ മധുവിന്റെ ശബ്ദം അനുകരിക്കുന്നതും പിന്നീട് മധു ജയറാമിന് നല്‍കുന്ന മറുപടിയുമാണ് ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. വേദിയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സിദ്ദിഖ് തുടങ്ങിയവരും സന്നിഹതരായിരുന്നു.

Photo: Mathrubhumi English

മധുവിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ച ജയറാമിനോട് മധുസാറിന് ഏറ്റവും ദേഷ്യമുള്ള കാര്യം ആരെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം അനുകരിക്കുന്നതാണെന്ന് സിദ്ദിഖ് പറയുന്നത് കേള്‍ക്കാം. എന്നാല്‍ സാറിന്റെ മുന്നില്‍ ഒരുപാട് തവണ ശബ്ദം അനുകരിച്ചിട്ടുണ്ടെന്നും അദ്ദേഹം തന്നെ അതിന് അനുവദിക്കുമെന്നും ജയറാം പറഞ്ഞു. എന്നാല്‍ ഇതിന് ഒരു മറുപടി കൊടുക്കണമെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ ജയറാമിന് എന്ത് വേണമെങ്കിലും പറയാമെന്നും കാരണം അദ്ദേഹത്തിന്റെ സിനിമയിലെ ആദ്യത്തെ തന്ത ഞാനാണെന്നുമായിരുന്നു മധു മറുപടി നല്‍കിയത്. ഇതോടെ വേദിയിലുള്ളവരെല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു.

പത്മരാജന്‍ സംവിധാനം ചെയ്ത് 1988ല്‍ പുറത്തിറങ്ങിയ അപരനിലായിരുന്നു മധു ജയറാമിന്റ അച്ഛനായി വേഷമിട്ടത്. ജയറാം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രവും അപരനായിരുന്നു.

Content Highlight: Old video of Jayaram and Madhu goes viral

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more