ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ് മലയാള ചിത്രം ഭ്രമയുഗം. ഓസ്‌കര്‍ അക്കാദമിയില്‍ അന്താരാഷ്ട്ര സിനിമകള്‍ക്കൊപ്പം ഭ്രമയുഗവും സ്‌ക്രീന്‍ ചെയ്യുകയാണ്. ‘വെന്‍ ഫോറസ്റ്റ് മീറ്റ്‌സ് ദി സീ’ എന്ന ഫിലിം സീരീസിലാണ് ഭ്രമയുഗവും ഉള്‍പ്പെട്ടിരിക്കുന്നത്. നാളെയാണ് അക്കാദമി മ്യൂസിയത്തില്‍ ഭ്രമയുഗം സ്‌ക്രീന്‍ ചെയ്യുക.
ഒരു മലയാളചിത്രത്തിന് അടുത്ത കാലത്ത് ലഭിച്ചതില്‍ ഏറ്റവും മികച്ച അവസരമാണിത്. ലോക സിനിമകളുടെ പട്ടികയില്‍ മലയാളത്തില്‍ നിന്നൊരു സിനിമ സ്‌ക്രീന്‍ ചെയ്യുന്നത് ഓരോ സിനിമാപ്രേമിക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. എന്നാല്‍ ഭ്രമയുഗത്തിന്റെ സ്‌ക്രീനിങ്ങിന് പിന്നാലെ പഴയൊരു സംഭവം കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ഫാന്‍ ഫൈറ്റ് പേജുകള്‍.
മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായ പഴശ്ശിരാജയെക്കുറിച്ചുള്ള ഓര്‍മയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സോഷ്യല്‍ മീഡിയ അത്രകണ്ട് സജീവമല്ലാത്ത കാലത്ത് മമ്മൂട്ടിയുടെ ആരാധകര്‍ പടച്ചുവിട്ട ഒരു വാര്‍ത്തയായിരുന്നു എച്ച്.ബി.ഓ ചാനലില്‍ പഴശ്ശിരാജ ടെലികാസ്റ്റ് ചെയ്തിരുന്നു എന്നത്. എച്ച്.ബി.ഓയില്‍ പ്രദര്‍ശിപ്പിച്ച ആദ്യ മലയാളസിനിമയാണ് പഴശ്ശിരാജയെന്നും ആരാധകര്‍ അവകാശപ്പെട്ടു.
എന്നാല്‍ സോഷ്യല്‍ മീഡിയയുടെ കടന്നുവരവും ഫാക്ട് ചെക്കിങ്ങുകളും രംഗത്തെത്തിയതോടെ പഴശ്ശിരാജയുടെ ഇംഗ്ലീഷ് ടെലികാസ്റ്റ് വെറും ‘തള്ള്’ ആണെന്ന് പലരും തിരിച്ചറിഞ്ഞു. മമ്മൂട്ടി ഫാന്‍സിന് ഒരുപാട് കാലത്തേക്കുള്ള ട്രോള്‍ മെറ്റീരിയലായി ഇത് മാറി. എന്നാല്‍ കാലത്തിന്റെ കാവ്യനീതിയെന്നോണം പന്ത് തിരിച്ച് മമ്മൂട്ടി ഫാന്‍സിന്റെ കോര്‍ട്ടിലെത്തിയിരിക്കുകയാണ്.
കേരള വര്‍മ്മ പഴശ്ശിരാജ Photo: Amazon Prime Video
ഭ്രമയുഗം പോലൊരു ക്ലാസിക് സിനിമയിലൂടെ മലയാള സിനിമയും മമ്മൂട്ടി എന്ന നടനും ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയായി മാറി. അന്യഭാഷയിലെ പല സൂപ്പര്‍താരങ്ങളും കൊടുമണ്‍ പോറ്റിയെ അമ്പരപ്പോടെ നോക്കിനിന്നു. സംസ്ഥാന അവാര്‍ഡില്‍ തിളങ്ങിയ പെര്‍ഫോമന്‍സ് നാളെ ലോകത്തെ ഏറ്റവും വലിയ സിനിമാപുരസ്‌കാരവേദിയുടെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുകയാണ്.
സ്റ്റാര്‍ഡത്തിന്റെ ഭാരങ്ങളെല്ലാം അഴിച്ചുവെച്ചുകൊണ്ട് തന്നിലെ നടന്റെ ആര്‍ത്തി കാരണം മമ്മൂട്ടി തെരഞ്ഞെടുത്ത കൊടുമണ്‍ പോറ്റി ഇനിയും വിസ്മയിപ്പിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. രാഷ്ട്രീയക്കളികളൊന്നും ഉണ്ടായില്ലെങ്കില്‍ ഈ വര്‍ഷം പ്രഖ്യാപിക്കാന്‍ പോകുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാരവേദിയിലും ഭ്രമയുഗം തിളങ്ങുമെന്നാണ് സിനിമാപ്രേമികളുടെ പ്രവചനം.
Content Highlight: Old trolls about Pazhassiraja movie viral now