ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാം റീലിലും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ഒരു പഴയ സിനിമയിലെ ചെറിയൊരു ഭാഗമാണ്. നെടുമുടി വേണു, കൊച്ചിന്‍ ഹനീഫ, കുതിരവട്ടം പപ്പു തുടങ്ങി ലെജന്‍ഡ് നടന്മാരെല്ലാം അണിനിരന്ന ഒരു ബസ് യാത്രയുടെ സീന്‍ കഴിഞ്ഞ കുറച്ചുദിവസമായി വൈറലാണ്. ബസിലുള്ള എല്ലാവരും ഒന്നിനൊന്ന് സ്‌കോര്‍ ചെയ്യുന്ന തഗ് വീഡിയോ ഇതിനോടകം നിരവധിയാളുകള്‍ കണ്ടുകഴിഞ്ഞു.
ഒരു സീന്‍ മാത്രം ഇത്ര കോമഡിയാണെങ്കില്‍ സിനിമ മുഴുവന്‍ ഇങ്ങനെയാകുമെന്ന് കരുതി പലരും ആ സിനിമ ഏതാണെന്ന് തപ്പി കണ്ടുപിടിച്ചു. തോപ്പില്‍ ഭാസിയുടെ തിരക്കഥയില്‍ നടനും സംവിധായകനുമായ പി. ശ്രീകുമാര്‍ അണിയിച്ചൊരുക്കിയ കൈയും തലയും പുറത്തിടരുത് എന്ന ചിത്രത്തിലെ ബസ് യാത്രാ സീനാണ് വൈറലായത്.
കൈയും തലയും പുറത്തിടരുത് Photo: Screen grab/ Matinee Now
എന്നാല്‍ ഈയൊരു സീനിലെ കോമഡി സിനിമയിലുടനീളമുണ്ടാകുമെന്ന് കരുതി പലരും ഇതിന്റെ ഫയല്‍ തപ്പിപ്പിടിച്ച് ഡൗണ്‍ലോഡ് ചെയ്യുകയും യൂട്യൂബില്‍ പോയി കാണുകയും ചെയ്തു. എന്നാല്‍ പലര്‍ക്കും നിരാശയായിരുന്നു ഫലം. കോമഡി സിനിമയാണെന്ന് കരുതി കണ്ടവര്‍ക്ക് കൈയും തലയും പുറത്തിടരുത് ട്രോമ സമ്മാനിച്ചെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
എരുമമുക്ക് എന്ന ഗ്രാമത്തില്‍ ആദ്യമായി തുടങ്ങുന്ന ബസ് സര്‍വീസിന്റെ കഥയാണ് ചിത്രം പറയുന്നത്. ബസിലെ ആദ്യയാത്രയില്‍ വ്യത്യസ്തരായ ആളുകളെല്ലാമുണ്ട്. പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും അന്നാട്ടില്‍ നിന്ന് ജോലിക്ക് വേണ്ടി വേറെ നാട്ടില്‍ പോകുന്നവരുമെല്ലാമാണ് യാത്രക്കാര്‍. ബസ് യാത്രയുടെ സീനില്‍ മാത്രമാണ് കോമഡിയുള്ളത്.
പ്രസിഡന്റായി നെടുമുടി വേണുവും സെക്രട്ടറിയായി കൊതുക് നാണപ്പനും വേഷമിട്ടപ്പോള്‍ യാത്രക്കാരായി മുകേഷും കൊച്ചിന്‍ ഹനീഫയും മാക്‌സിമം സ്‌കോര്‍ ചെയ്യുന്നുണ്ട്. ജയിലിലേക്ക് കള്ളനെ കൊണ്ടുപോകുന്ന പൊലീസായി പൂജപ്പുര രവിയും അപ്പു എന്ന കള്ളനായി കുതിരവട്ടം പപ്പുവും ചിത്രത്തിലുണ്ട്. കുതിരവട്ടം പപ്പുവാണ് ബസ് യാത്രയിലെ ഷോ സ്റ്റീലര്‍.
എന്നാല്‍ ട്രാജിക്കായിട്ടുള്ള ക്ലൈമാക്‌സും തുടക്കത്തിലെ അനാവശ്യ രംഗങ്ങളുമെല്ലാം രസംകൊല്ലിയാണെന്നും റീല്‍ കണ്ട് വന്നവര്‍ സിനിമയെ കുറ്റപ്പെടുത്തുന്നുണ്ട്. മൂന്ന് മാസം മുമ്പ് അപ്‌ലോഡ് ചെയ്ത സിനിമക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചത്. ‘റീല്‍ കണ്ട് വന്നവര്‍ ആരൊക്കെ’ എന്നാണ് സിനിമയുടെ താഴെയുള്ള പ്രധാന കമന്റ്.
തോപ്പില്‍ ഭാസിയുടെ ഇതേ പേരിലുള്ള നാടകത്തെ ആസ്പദമാക്കിയാണ് കൈയും തലയും പുറത്തിടരുത് ഒരുങ്ങിയത്. ദേവന്‍, ഭരത് ഗോപി, നെല്ലിക്കോട് ഭാസ്‌കരന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 40 വര്‍ഷം മുമ്പ് റിലീസായ ചിത്രം ഇന്‍സ്റ്റഗ്രാം റീലിലൂടെ വീണ്ടും ട്രെന്‍ഡായിരിക്കുകയാണ്.
Content Highlight: Old movie Kaiyum Thalayum Purathidaruth viral through Instagram reels
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ