| Monday, 18th May 2026, 10:33 pm

രാജമൗലിയുടെയും ഫേവറിറ്റായ ദൃശ്യം; വൈറലായി പഴയ അഭിമുഖം

അശ്വിന്‍ രാജേന്ദ്രന്‍

നിലവില്‍ തിയേറ്ററുകളില്‍ ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും പ്രധാന വേഷത്തിലെത്തിയ അതിരടി. എന്നാല്‍ നേര്‍വിപരീതമായി സോഷ്യല്‍ മീഡിയ ലോകത്ത് നടക്കുന്ന ചര്‍ച്ചകളാകട്ടെ മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ദൃശ്യം 3യെ ചുറ്റിപ്പറ്റിയാണ്. മാസ് ആക്ഷന്‍ ചിത്രമോ വമ്പന്‍ ബഡ്ജറ്റോ ഉള്ള ചിത്രമല്ലാതിരുന്നിട്ട് കൂടി വലിയ ആവേശത്തോടെയാണ് മെയ് 21ന് പുറത്തിറങ്ങുന്ന ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

2013ല്‍ പുറത്തിറങ്ങിയ ദൃശ്യവും 2021ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും നല്‍കിയ അനുഭവമാണ് മൂന്നാം ഭാഗത്തിനായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കാനായി ആരാധകരെ പ്രേരിപ്പിക്കുന്നത്. ഇതിനോടകം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ബുക്കിങ് ആരംഭിച്ച ചിത്രത്തിന്റെ ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റ് തീരുകയും ചെയ്തിരുന്നു. ആദ്യ രണ്ട് ചിത്രങ്ങളിലേത് പോലെ കഥയുടെ ട്വിസ്റ്റ് മറ്റാരെക്കാളും മുമ്പ് അറിയാനുള്ള തത്രപാടിലാണ് ആരാധകര്‍.

ദൃശ്യം. Photo: Wikipedia

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ലോകപ്രശസ്ത ഇന്ത്യന്‍ സംവിധായകന്‍ രാജമൗലി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുന്നത്. രാജമൗലിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ആര്‍.ആര്‍.ആറുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ദൃശ്യം 1നെയും ദൃശ്യം 2നെയും കുറിച്ച് രാജമൗലി പരാമര്‍ശിച്ചത്.

അവസാനമായി കണ്ടപ്പോള്‍ തനിക്ക് ഈ ചിത്രം സംവിധാനം ചെയ്താല്‍ കൊള്ളാമായിരുന്നു എന്ന് തോന്നിയ ചിത്രമേതായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദൃശ്യം ഒന്നും രണ്ടുമായിരുന്നു ആ ചിത്രങ്ങളെന്നും ഇരു ചിത്രങ്ങളും തനിക്ക് ഒരുപാട് ഇഷ്ടമായെന്നും രാജമൗലി പറയുന്നു. ചിത്രത്തിന്റെ തിരക്കഥയാണ് തന്നെ ഞെട്ടിച്ചതെന്നും സംവിധായകന്‍ പറഞ്ഞു. അത്രയും ത്രില്ലിങ്ങായിട്ടാണ് ചിത്രം എഴുതിയിട്ടുള്ളതെന്നും ഒരേ സമയം ഇന്റലിജന്റും ക്രിയേറ്റീവും സിംപിളുമായ കഥയാണ് സിനിമയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൃശ്യം. Photo: District

നേരത്തേ ഏപ്രില്‍ രണ്ടിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് റിലീസ് മെയ് 21ലേക്ക് മാറ്റുകയായിരുന്നു. മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്ന പ്രത്യേകതയാണ് ഇതിലൂടെ സാധ്യമായിരിക്കുന്നത്. റിലീസ് ചെയ്തതിന് ശേഷം പോസിറ്റീവ് റിവ്യൂസ് ചിത്രത്തിന് ലഭിക്കുകയാണെങ്കില്‍ മലയാള സിനിമയിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും വെട്ടിക്കാന്‍ സാധ്യതയുള്ള പ്രൊജക്ടായാണ് ചിത്രത്തെ ആരാധകര്‍ നോക്കിക്കാണുന്നത്.

Content Highlight: Old Interview cut of Rajamouli talking about Drishyam and Drishyam 2 goes viral

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more