| Sunday, 19th July 2026, 7:38 pm

അന്ന് തമാശക്ക് കമല്‍ ഹാസനുമായി ചാലഞ്ച് വെച്ചു, ഇന്ന് അത് മമ്മൂട്ടി കാര്യമായെടുത്തു; 16 വര്‍ഷം മുമ്പുള്ള സംഭവം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

72ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരമാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ ചര്‍ച്ച. കരിയറിലെ നാലാമത്തെ ദേശീയ അവാര്‍ഡാണ് ഭ്രമയുഗത്തിലൂടെ മമ്മൂട്ടി തന്റെ ഷെല്‍ഫിലെത്തിച്ചത്. ബോളിവുഡ് താരം കാര്‍ത്തിക് ആര്യനുമായി അവാര്‍ഡ് പങ്കുവെക്കുകയായിരുന്നു. പലപ്പോഴായി കപ്പിനും ചുണ്ടിനുമിടയില്‍ വഴുതിപ്പോയ പുരസ്‌കാരമാണ് ഭ്രമയുഗത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കിയത്.

സിനിമാ- രാഷ്ട്രീയ ലോകത്തെ പലരും മമ്മൂട്ടിയുടെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ചു. ഇതിനിടയില്‍ തമിഴ് സൂപ്പര്‍താരം കമല്‍ ഹാസന്‍ പങ്കുവെച്ച ആശംസാ പോസ്റ്റാണ് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ച. പണ്ട് പറഞ്ഞ ചാലഞ്ച് താങ്കള്‍ പൂര്‍ത്തിയാക്കി എന്ന് തന്റെ പോസ്റ്റില്‍ കമല്‍ ഹാസന്‍ കുറിച്ചിരുന്നു. ഇത് എന്താണെന്ന് ആദ്യം ആര്‍ക്കും മനസിലായിരുന്നില്ല.

എന്നാല്‍ ഈ വാക്കുകളുടെ അര്‍ത്ഥം സോഷ്യല്‍ മീഡിയയിലെ ചിലര്‍ കണ്ടുപിടിച്ചിരിക്കുകയാണ്. സിനിമാലോകത്ത് കമല്‍ ഹാസന്റെ 50ാം വാര്‍ഷികം വലിയ ആഘോഷമായി സംഘടിപ്പിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, രജിനികാന്ത് തുടങ്ങി പല വമ്പന്മാരും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങിനിടയില്‍ തങ്ങളുടെ അവാര്‍ഡുകളുടെ കാര്യത്തിലെ സാമ്യത മമ്മൂട്ടി ചൂണ്ടിക്കാട്ടി സംസാരിച്ചു.

‘നിങ്ങളും ഞാനും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയിട്ടുണ്ട്. നിങ്ങളെ ഈയൊരു കാര്യത്തില്‍ മറികടക്കാന്‍ പറ്റുമോ എന്ന് നോക്കണം’ എന്ന് തമാശരൂപത്തില്‍ മമ്മൂട്ടി പറഞ്ഞു എന്നാണ് സിനിമാപേജുകള്‍ കണ്ടുപിടിച്ചത്. ഈ പരിപാടിയുടെ ഫുള്‍ വീഡിയോ ലഭ്യമല്ലാത്തതിനാല്‍ ഈയൊരു ഭാഗം കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.

കമല്‍ ഹാസന്‍ തന്റെ പോസ്റ്റില്‍ ഈ സംഭവം മെന്‍ഷന്‍ ചെയ്തതോടെ പലരും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. 16 വര്‍ഷം മുമ്പ് നടന്ന ചലഞ്ചില്‍ മമ്മൂട്ടി വിജയിച്ചെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മമ്മൂട്ടിയുടെയും കമല്‍ ഹാസന്റെയും സമീപകാലത്തെ സ്‌ക്രിപ്റ്റ് സെലക്ഷനെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

തന്നിലെ നടന് വെല്ലുവിളിയാകുന്ന തരത്തിലുള്ള റോഷാക്ക്, ഭ്രമയുഗം, കാതല്‍ പോലുള്ള സിനിമകള്‍ മമ്മൂട്ടി തെരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യന്‍ 2, തഗ് ലൈഫ് പോലുള്ള സിനിമകളാണ് കമല്‍ ഹാസന്‍ തെരഞ്ഞെടുക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു. ഹേ റാം, വിരുമാണ്ടി പോലുള്ള സിനിമകള്‍ കമല്‍ ഹാസനില്‍ നിന്ന് പ്രതീക്ഷിക്കുന്നെന്നും പോസ്റ്റുകളുണ്ട്.

Content Highlight: Old Challenge between Kamal Haasan and Mammootty viral in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more