| Friday, 2nd October 2026, 10:25 pm

'എസ്.എഫ്.ഐക്ക് വകതിരിവില്ലെ'ന്ന് മന്ത്രി ജെനീഷ്; 'ജെനീഷ് വകതിരിവിന്റെ കൂടാരം, ബാക്കി എല്ലാവരും അതില്ലാത്തവര്‍,' എന്ന് പി.എസ്. സഞ്ജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുണ്ടായ യൂത്ത് കോണ്‍ഗ്രസ് – എസ്.എഫ്.ഐ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പരസ്പരം കുറ്റപ്പെടുത്തലും ആരോപണങ്ങളുമായി ഇരു സംഘടനകളുടെയും നേതാക്കള്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ. ജെനീഷും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് പി.എസ്. സഞ്ജീവുമാണ് ഇപ്പോള്‍ പരസ്പരം കുറ്റപ്പെടുത്തുന്നത്.

എസ്.എഫ്.ഐക്ക് രാഷ്ട്രീയ വകതിരിവില്ലെന്നും മാസപ്പടിക്കേസും ഇ.ഡി അന്വേഷണവും മറയ്ക്കാനാണ് ഡി.വൈ.എഫ്.എ ശ്രമിക്കുന്നതെന്നും ഒ.ജെ ജെനീഷ് കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ജെനീഷിനെ പരിഹസിക്കുകയും ചെയ്തു.

ആരാണ് ബി.ജെ.പി എന്നും ആരാണ് ഡി.വൈ.എഫ്.ഐ എന്നു തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് ജെനീഷ് പറഞ്ഞു. പിണറായി വിജയനെ രക്ഷപ്പെടുത്താന്‍ ഡി.വൈ.എഫ്.ഐ ആക്രമണം നടത്തുന്നെന്നും ആക്രമത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മന്ത്രി ആരോപിച്ചു. ഡി.വൈ.എഫ്.ഐയല്ല, പിണറായി വിജയനാണ് ഇതിനു പിന്നിലെന്നും മാസപ്പടിക്കേസും ഇഡി അന്വേഷണവും മറയ്ക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ജെനീഷ് ആരോപിക്കുന്നു.

‘എസ്.എഫ്.ഐക്ക് രാഷ്ട്രീയ വകതിരിവില്ല. കോടിയേരിയെ തിരിച്ചറിയാത്തവര്‍ക്ക് എന്ത് ഗ്യാനേഷ് കുമാര്‍,’ എന്നും ജെനീഷ് അഭിപ്രായപ്പെട്ടു. യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷം സുവര്‍ണാവസരമാക്കി മാറ്റാന്‍ പിണറായി വിജയനും എംവി ഗോവിന്ദനും ശ്രമിച്ചുവെന്നും ജെനീഷ് ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസുകാര്‍ ആരുടെയും വാഹനം അടിച്ച് തകര്‍ത്തിട്ടില്ലെന്നും കഴുത്ത് ഉളുക്കിയെന്ന് പറഞ്ഞ് ആശുപത്രിയില്‍ പോയി കിടന്നിട്ടില്ലെന്നും പറഞ്ഞ ജെനീഷ് അമിത് ഷായ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചപ്പോള്‍ കമ്പിളി പുതച്ച് കിടന്നവരാണ് ഡി.വൈ.എഫ്.ഐ എന്നും ആരോപിച്ചു. തന്റെ വാഹനത്തിന് നേര്‍ക്ക് നടന്ന ഡി.വൈ.എഫ്.ഐ അക്രമം സി.പി.ഐ.എം നേതാക്കളുടെ നിര്‍ദേശമാണെന്നും മന്ത്രി ആരോപിച്ചു.

ജെനീഷിന്റെ പ്രതികരണം പുറത്ത് വന്നതിന് പിന്നാലെയാണ് പി.എസ്. സഞ്ജീവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. എസ്.എഫ്.ഐക്ക് വകതിരിവില്ല എന്ന പരാമര്‍ശം ചൂണ്ടിക്കാട്ടി ജെനീഷിനെ സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.

‘അമിത് ഷാക്കെതിരെയുള്ള പോസ്റ്റ് ഡിലീറ്റ് ചെയ്ത്, സ്വന്തം വകുപ്പ് നടത്തേണ്ട സ്‌കൂള്‍ കായിക മേള സ്വന്തം ജില്ലയില്‍ കുളമാക്കി. നല്ല കഴിവ് തെളിയിച്ച ഒ.ജെ ജെനീഷ് വകതിരിവിന്റെ കൂടാരം ബാക്കി എല്ലാവരും അതില്ലാത്തവര്‍,’ എന്ന് സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ഏല്‍പ്പിച്ച പണി എങ്കിലും എടുക്ക് എന്റെ വാഴ ചേട്ട. ഇന്നിട്ട് മതി എസ്എഫ്‌ഐ യുടെ നെഞ്ചത്ത് കയറല്‍,’ എന്നും സഞ്ജീവ് കുറിച്ചു.

Content Highlight: OJ Jeneesh’s Remark Against SFI, Reply of Sanjeev PS

Latest Stories

We use cookies to give you the best possible experience. Learn more