| Friday, 30th May 2025, 11:56 pm

ഇസ്രഈലിന് ഊര്‍ജ ഉപരോധം ഏര്‍പ്പെടുത്തണം; ലുല ഡ സില്‍വയ്ക്ക് കത്തെഴുതി രാജ്യത്തെ ഓയില്‍ ട്രേഡ് യൂണിയനുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയോ ഡീ ജനീറോ: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രഈലിന് ഊര്‍ജ മേഖലയില്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയോട് ആവശ്യപ്പെട്ട് രാജ്യത്തെ ഓയില്‍ ട്രേഡ് യൂണിയനുകള്‍.

ബ്രസീലിലെ എണ്ണ തൊഴിലാളികളുടെ എറ്റവും വലിയ രണ്ട് സംഘടനകളായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഓയില്‍ വര്‍ക്കേഴ്‌സും സിംഗിള്‍ ഫെഡറേഷന്‍ ഓഫ് ഓയില്‍ വര്‍ക്കേഴ്‌സുമാണ് ഇക്കാര്യം പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഒരു കത്തും ഇവര്‍ പ്രസിഡന്റിനും മറ്റ് മന്ത്രിമാര്‍ക്കും അയച്ചിട്ടുണ്ട്. 2024 മുതല്‍ 2.7 ബില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലാണ് ബ്രസീല്‍ യു.എസിലേക്ക് കയറ്റി അയച്ചത്.

ഫെബ്രുവരിയില്‍ എത്യോപ്യ ആതിഥേയത്വം വഹിച്ച ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെ ലുല ഡ സില്‍വ ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് യുദ്ധമല്ലെന്നും ഫലസ്തീനികള്‍ക്കെതിരായ വംശഹത്യയാണെന്നും പറഞ്ഞിരുന്നു. ഇതിന് പുറമെ ഗസയ്ക്കെതിരായ ഇസ്രഈലിന്റെ യുദ്ധത്തെ ഹിറ്റലറുടെ ജൂതകൂട്ടക്കൊലയുമായും ലുല താരതമ്യം ചെയ്തിരുന്നു. പ്രസിഡന്റിന്റെ ഈ പരാമര്‍ശം നയതന്ത്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

എന്നാല്‍ പ്രസിഡന്റിന്റെ അന്നത്തെ പരാമര്‍ശങ്ങള്‍ വെറുംവാക്ക് മാത്രമായിപ്പോയെന്നും ഇപ്പോള്‍ നടക്കുന്ന നഖ്ബയ്‌ക്കെതിരെ ശക്തമായ ഊര്‍ജ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ട്രേഡ് യൂണിയനുകള്‍ കത്തില്‍ ആവശ്യപ്പെട്ടു.

കൊളംബിയ അടക്കമുള്ള മറ്റ് രാജ്യങ്ങള്‍ ഇസ്രഈലിലേക്കുള്ള കല്‍ക്കരി കയറ്റുമതി നിര്‍ത്തിവെച്ചതും ഡോക്ക് തൊഴിലാളികള്‍ ഇസ്രഈല്‍ കപ്പലുകള്‍ കയറ്റാനും ആയുധങ്ങള്‍ കൊണ്ട് പോകാന്‍ വിസമ്മതിച്ചതുപോലുള്ള ശക്തമായ നിലപാടുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു കത്ത്.

ഇസ്രഈലിലേക്കുള്ള എണ്ണ കയറ്റുമതി അടിയന്തരമായി നിര്‍ത്തിവെക്കുന്നതിനു പുറമേ, ഇസ്രഈലി ഊര്‍ജ്ജ കമ്പനികളുമായുള്ള പദ്ധതികള്‍ നിര്‍ത്താനും ഇസ്രഈലിനെ കുറ്റങ്ങള്‍ക്ക് ഉത്തരവാദിത്തപ്പെടുത്താനുമുള്ള  നടപടികള്‍ നടത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ഫലസ്തീനും ബ്രസീലും തമ്മിലുള്ള ചരിത്രപരമായ നയതന്ത്ര ബന്ധം ഓര്‍ക്കാനും യൂണിയനുകള്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഗസയില്‍ വെടനിര്‍ത്തല്‍ കൊണ്ടുവരാനുള്ള യു.എസിന്റെ പ്ലാന്‍ ഇസ്രഈല്‍ അംഗീകരിച്ചതായി വൈറ്റ് ഹൗസ്‌ അറിയിച്ചിട്ടുണ്ട്. 60 ദിവസത്തേക്കാണ് വെടിനിര്‍ത്തലെന്നാണ് സൂചന.

Content Highlight: Oil trade unions write to Lula da Silva urging to impose energy embargo on Israel

We use cookies to give you the best possible experience. Learn more