വാഷിങ്ടണ്‍: ഇറാന്‍-യു.എസ് യുദ്ധത്തെത്തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചു. അസംസ്‌കൃത എണ്ണ ബാരലിന് മൂന്ന് ശതമാനത്തിലധികമാണ് തിങ്കളാഴ്ച വില വര്‍ധിച്ചത്.
ബെന്റ് ക്രൂഡ് ബാരലിന് വില 2.34 ഡോളര്‍ വര്‍ധിച്ച് 78.35 ഡോളറായെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 3.08 ശതമാനമാണ് ബെന്റ് ക്രൂഡ് വിലയിലുണ്ടായ വര്‍ധന. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് വില ബാരലിന് 2.21 ഡോളര്‍ വര്‍ധിച്ച് 73.62 ഡോളറായി. 3.09 ശതമാനമാണ് ഈ വര്‍ധന.
യുദ്ധം കാരണം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസപ്പെടുമെന്ന ആശങ്കയാണ് വിലവര്‍ധനവിന് കാരണമെന്നാണ് വിലയിരുത്തല്‍. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും (20 ശതമാനം) നടക്കുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്.
യു.എസ് ആക്രമണത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടയുകയാണെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മേഖലയില്‍ യു.എസ് ഇടപെടല്‍ അവസാനിപ്പിക്കുന്നത് വരെ ഹോര്‍മുസ് അടഞ്ഞു കിടക്കുമെന്നും ഇറാന്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഹോര്‍മുസ് അടച്ചിട്ടില്ലെന്നാണ് യു.എസ് പറയുന്നത്. കടലിടുക്കിലൂടെ ഇപ്പോഴും ഗതാഗതം നടത്താമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച അഭിപ്രായപ്പെട്ടിരുന്നു. കടലിടുക്ക് അടച്ചെന്ന ഇറാന്റെ വാദം തെറ്റാണെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡും ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഹോര്‍മുസ് നിയന്ത്രിക്കുന്നത് ഇറാനല്ലെന്നും സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടിരുന്നു.
ഹോര്‍മുസില്‍ ഗതാഗതം വളരെ കുറഞ്ഞതായാണ് ഏറ്റവും പുതിയ വിവരം. ഞായറാഴ്ച ആറ് കപ്പലുകള്‍ മാത്രമാണ് ഹോര്‍മുസിലൂടെ സഞ്ചരിച്ചതെന്ന് ഷിപ്പ് ട്രാക്കിങ് വെബ്‌സൈറ്റുകളില്‍ നിന്നുള്ള വിവരം വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചാഴ്ചക്കിടെ ഇതാദ്യമായാണ് ഹോര്‍മുസ് കടക്കുന്ന കപ്പലുകളുടെ എണ്ണം ഇത്രയും കുറയുന്നത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച ഇറാന്‍ യു.എസ് യുദ്ധത്തെത്തുടര്‍ന്ന് ഹോര്‍മുസിലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇത് ആഗോള തലത്തില്‍ ഇന്ധന പ്രതിസന്ധിക്കും കാരണമായിരുന്നു.
കഴിഞ്ഞ മാസം യു.എസും ഇറാനും യുദ്ധം നിര്‍ത്തിവെക്കാനുള്ള ഇടക്കാല ധാരണാ പത്രത്തില് ഒപ്പുവെച്ചതോടെയായിരുന്നു ഹോര്‍മുസില്‍ ഗതാഗതം പുനരാരംഭിച്ചത്. എന്നാല്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പുള്ള നിലയിലേക്ക് ഹോര്‍മൂസിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാനായിരുന്നില്ല.
ജൂണ്‍ 17നായിരുന്നു യു.എസും ഇറാനും ഇടക്കാല ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്. ഇതിനു പിന്നാലെ ഹോര്‍മുസിലെ ഗതാഗതം പുനരാരംഭിക്കുകയായിരുന്നു. ഹോര്‍മുസ് വീണ്ടും തുറന്ന ശേഷം എണ്ണ വിതരണം ആഗോള തലത്തില്‍ പ്രതിദിനം 41 ലക്ഷം ബാരല്‍ എന്ന നിലയിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ യുദ്ധത്തിന് മുമ്പ് ഇത് പ്രതിദിനം 94 ലക്ഷം ബാരലായിരുന്നു.
Content Highlight: Oil prices spike on fresh US-Iran attacks